ഐപിഎൽ 2025ലെ ആദ്യ മത്സരത്തിൽ ചാമ്പ്യന്മാരായ കൊൽക്കത്തയെ പരാജയപ്പെടുത്തി ബാംഗ്ലൂർ വിജയം സ്വന്തമാക്കുകയാണ് ഉണ്ടായത്. ഇതോടുകൂടി 2 മാസത്തെ ക്രിക്കറ്റ് പൂരത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇത്തവണ വലിയ മാറ്റങ്ങളുമായാണ് ഐപിഎല്ലിനായി ടീമുകൾ എത്തുന്നത്. ഇതിൽ അടിമുടി മാറ്റങ്ങളുമായി എത്തുന്ന ഒരു ടീം പഞ്ചാബ് കിങ്സാണ്.
കഴിഞ്ഞ സീസണിൽ കൊൽക്കത്ത ടീമിനെ കിരീടത്തിലേക്ക് നയിച്ച നായകൻ ശ്രേയസ് അയ്യരെ പഞ്ചാബ് സ്വന്തമാക്കിയിട്ടുണ്ട്. ഒപ്പം ഡൽഹിയുടെ മുൻ പരിശീലകനായ റിക്കി പോണ്ടിങ്ങിനേയും പഞ്ചാബ് സ്വന്തമാക്കുകയുണ്ടായി. ഇരുവരുടെയും കോമ്പിനേഷനിൽ പഞ്ചാബ് ടീം ഈ സീസണിൽ വലിയ വിജയങ്ങൾ സ്വന്തമാക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റ്.
ഇത്തവണത്തെ ഐപിഎല്ലിന്റെ അവസാന സമയത്ത് എത്തുമ്പോൾ പഞ്ചാബിന്റെ നായകൻ ശ്രേയസ് അയ്യർ ടോപ്പ് സ്കോററായി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കും എന്നാണ് ഗിൽക്രിസ്റ്റ് പറഞ്ഞത്. പോണ്ടിംഗ് കൂടി പഞ്ചാബിലേക്ക് കടന്നു വന്നതോടെ ടീമിന് വലിയ ഉയർച്ചയുണ്ടാവുമെന്നും ഗിൽക്രിസ്റ്റ് പ്രവചിക്കുന്നു. മുൻപ് ഡൽഹി ടീമിൽ കളിച്ചപ്പോഴും ഇരുവരും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു എന്ന് ഗിൽക്രിസ്റ്റ് ഓർമ്മിക്കുന്നു. ഇത്തവണ പഞ്ചാബിന് ഒരു അടിസ്ഥാന നിരയുണ്ടാക്കാൻ സാധിക്കുമെന്നും ഇനിയുള്ള വർഷങ്ങളിൽ ഈ വമ്പൻ താരങ്ങൾ ടീമിനൊപ്പം മുൻപോട്ടു പോകുമെന്നുമാണ് ഗില്ലിയുടെ വിലയിരുത്തൽ.
“ഇത്തവണത്തെ ഐപിഎൽ സീസൺ അവസാനിക്കുമ്പോൾ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്നത് ശ്രേയസ് അയ്യർ ആയിരിക്കും. റിക്കി പോണ്ടിങ്ങിനും ശ്രേയസ് അയ്യർക്കും മികച്ച രീതിയിൽ തന്നെ പഞ്ചാബ് ഫ്രാഞ്ചൈസിയെ മുൻപിലേക്ക് കൊണ്ടുപോകാൻ സാധിക്കും. മുൻപ് അവർ ഡൽഹി ടീമിനായി ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതോടെ അവർ പഞ്ചാബിന്റെ സ്ഥിര താരങ്ങളായി മാറും. ഞാൻ നായകനായി നിന്ന സമയത്തേതുപോലെ കാര്യങ്ങൾ നടക്കും. ശ്രേയസ് അയ്യരും പോണ്ടിങും സ്ഥിര സാന്നിധ്യമാവും.”- ഗിൽക്രിസ്റ്റ് പറയുന്നു.
വലിയ മാറ്റങ്ങളുമായാണ് ഇത്തവണ പഞ്ചാബ് ടീം ഐപിഎല്ലിനായി തയ്യാറായിരിക്കുന്നത്. ശ്രേയസ് അയ്യരും ഗ്ലെൻ മാക്സ്വെല്ലും ശശാങ്ക് സിങ്ങും അടങ്ങുന്ന ബാറ്റിംഗ് നിര വലിയ കരുത്താണ് പഞ്ചാബിന് നൽകുന്നത്. ലോക്കി ഫെർഗ്യൂസനും മാർക്കോ യാൻസനും അർഷ്ദീപ് സിംഗുമടങ്ങുന്ന പേസ് നിരയും അതിശക്ത്വം തന്നെയാണ്. ചാഹലിനെ നിയന്ത്രണത്തിൽ മികച്ച സ്പിൻ നിരയും ഇത്തവണ പഞ്ചാബിനുണ്ട്. ഇത്തരത്തിൽ എല്ലാ മേഖലകളിലും മികവ് പുലർത്തുന്ന താരങ്ങളെയാണ് പഞ്ചാബ് തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.