ചെന്നൈയെ വിറപ്പിച്ച കമ്മിൻസ് ഷോ :മറികടന്നത് ഐപിഎല്ലിലെ അപൂർവ്വ ബാറ്റിംഗ് റെക്കോർഡ്

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 18 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്ത് 19.1 ഓവറില്‍ 202ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ദീപക് ചാഹറാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. പാറ്റ് കമ്മിന്‍സ് (34 പന്തില്‍ പുറത്താവാതെ 66), ആന്ദ്രേ റസ്സല്‍ (22 പന്തില്‍ 54), ദിനേശ് കാര്‍ത്തിക് (24 പന്തില്‍ 40) എന്നിവര്‍ അവസാന ഓവറുകളിൽ ബാറ്റിങ്ങിൽ ആളികത്തിയെങ്കിലും ചെന്നൈ സ്കോർ മറികടക്കുവാൻ കഴിഞ്ഞില്ല .സീസണിൽ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കിയ ചെന്നൈ സൂപ്പർ കിങ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തി .

ചെന്നൈയുടെ വമ്പൻ സ്കോർ പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച  കൊൽക്കത്ത ടീമിന് ആദ്യ പവർപ്ലേയിൽ തന്നെ 5 വിക്കറ്റുകൾ നഷ്ടമായി .
എന്നാൽ പിന്നീട് വന്ന റസ്സൽ ചെന്നൈ ബൗളർമാരെ കണക്കിന് പ്രഹരിച്ചപ്പോൾ കളി കൊൽക്കത്ത നേടും എന്ന്
തോന്നിച്ചു .റസ്സൽ പുറത്തായ ശേഷം
വന്ന കമ്മിൻസ് വമ്പൻ ഷോട്ടുകളിലൂടെ ചെന്നൈ ക്യാമ്പിനെ ആശങ്കയിലാക്കി .
സാം കരൺ എറിഞ്ഞ പതിനാറാം ഓവറിൽ കമ്മിൻസ് 4 സിക്സറുകൾ  പായിച്ചു .കളിയില്‍ കെകെആര്‍ 18 റണ്‍സിന് അകലെ തോൽവി വഴങ്ങി എങ്കിലും ക്രിക്കറ്റ് പ്രേമികളുടെ മുൻപിൽ  ഹീറോയായത് കമ്മിന്‍സായിരുന്നു.താരം  വെറും 34 ബോളില്‍ 5 സിക്‌സറുകളും നാലു ബൗണ്ടറികളുമടക്കം ഇന്നലെ  പുറത്താവാതെ 66 റണ്‍സ് വാരിക്കൂട്ടി. 
മത്സരത്തിൽ അപൂർവ്വ റെക്കോർഡും എട്ടാമനായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് താരം സ്വന്തമാക്കി .

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ എട്ടാം നമ്പറില്‍ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറാണ് കമ്മിന്‍സ് ചെന്നൈ സൂപ്പർ കിങ്‌സ് എതിരെ ഇന്നലെ  നേടിയത്. ഇപ്പോള്‍ ടീമംഗമായ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് 2015ല്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കവെ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ നേടിയ 64 റണ്‍സെന്ന റെക്കോർഡാണ് കമ്മിൻസ് മറികടന്നത് .

Previous articleബെന്‍സേമക്ക് ഡബിള്‍. റയല്‍ മാഡ്രിഡ് ഒന്നാമത്.
Next articleവീണ്ടും ഡക്ക് : ഐപിഎല്ലിൽ നാണക്കേടിന്റെ വമ്പൻ റെക്കോർഡ് സ്വന്തമാക്കി നിക്കോളാസ് പൂരൻ