വീണ്ടും ഡക്ക് : ഐപിഎല്ലിൽ നാണക്കേടിന്റെ വമ്പൻ റെക്കോർഡ് സ്വന്തമാക്കി നിക്കോളാസ് പൂരൻ

ഐപിൽ പതിനാലാം സീസണിലും ലോകേഷ് രാഹുൽ നയിക്കുന്ന പഞ്ചാബ് കിങ്‌സ് ടീമിന് മോശം തുടക്കം .ഇന്നലെ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഹൈദരാബാദ് സീസണിൽ  തുടര്‍ച്ചയായ മൂന്ന്  മത്സരങ്ങളിലെ  തോല്‍വിക്ക് ശേഷം  ആദ്യ വിജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത പ‍ഞ്ചാബ് 19.4 ഓവറില്‍ 120 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 18.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സണ്‍റൈസേഴ്സ് ലക്ഷ്യത്തിലെത്തി. പഞ്ചാബിന്റെ മൂന്നാം തോൽവിയാണിത് .പോയിന്റ് പട്ടികയിൽ ടീമിപ്പോൾ അവസാന സ്ഥാനത്തിലാണ് .

അതേസമയം തുടർ  തോൽവികൾക്ക് ഒപ്പം പഞ്ചാബ് ടീമിന്റെ വലിയ തലവേദനയായി മാറുകയാണ് സ്റ്റാർ ബാറ്റ്സ്മാൻ നിക്കോളാസ്  പൂരാൻ.  14ാം  ഐപിൽ സീസണില്‍ ഡക്കുകളുടെ തുടർ കാഴ്ചയാണ്  പഞ്ചാബ് കിങ്‌സിന്റെ വമ്പനടിക്കാരന്‍ നിക്കോളാസ് പൂരന്റെ ബാറ്റിൽ നിന്ന് പിറക്കുന്നത് .ഇന്നലെ    ഹൈദരാബാദിനെതിരായ കളിയിലും അക്കൗണ്ട് തുറക്കാനാവാതെയാണ് അദ്ദേഹം ക്രീസ് വിട്ടത്. ആദ്യത്തെ ബോള്‍ നേരിടുന്നതിന മുമ്പ് തന്നെ പൂരന്‍ റണ്ണൗട്ടാവുകയായിരുന്നു. സീസണില്‍  പഞ്ചാബ് ടീമിൽ 4 ഇന്നിങ്‌സുകളില്‍ മൂന്നാം തവണയാണ് വിന്‍ഡീസ് താരം പൂജ്യത്തിനു മടങ്ങിയത് എന്നതാണ് ഏറെ രസകരമായ വസ്തുത .ഇതോടെ അത്യപൂർവ നേട്ടവും  ഐപിഎല്ലിൽ താരത്തിന്റെ പേരിലായി .

ഇത്തവണ ഐപിഎലിൽ കളിച്ച ആദ്യ മത്സരത്തിൽ താരം ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു .ശേഷം ചെന്നൈക്ക് എതിരായ മത്സരത്തിൽ നേരിട്ട രണ്ടാം പന്തിലും പുറത്തായി  .എന്നാൽ ഇന്നലെ ഒരു പന്ത് പോലും നേരിടുവാൻ കഴിയാതെ വിൻഡീസ് യുവതാരം ഡ്രസിങ് റൂമിലേക്ക്‌ മടങ്ങി .ഇതോടെ   ഐപിൽ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 0 (ഡയമണ്ട് ഡെക്ക്), 1 (ഗോള്‍ഡന്‍ ഡെക്ക്) 2 (സില്‍വര്‍ ഡെക്ക്) ബോളുകളില്‍ പൂജ്യത്തിന് പുറത്തായ ആദ്യത്തെ താരമെന്ന നാണക്കേടാണ് പൂരനെ തേടിയെത്തിയത്. വിൻഡീസ് താരം കഴിഞ്ഞ സീസണിലും ചില മത്സരങ്ങളിൽ സ്കോർ കണ്ടെത്താതെ പുറത്തായിരുന്നു .നേരത്തെ ഡൽഹി ക്യാപിറ്റൽസ് എതിരായ മത്സരത്തിൽ നേടിയ 9 റൺസ് മാത്രമാണ് നിക്കോളാസ് പൂരന്റെ സീസണിലെ ആകെ റൺ സമ്പാദ്യം .