ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിലെ സെലക്ഷൻ പാളിച്ചകൾ തുറന്നുകാട്ടി മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ. മത്സരത്തിൽ ഇന്ത്യ വലിയ രീതിയിൽ പേസർമാരെ ഉപയോഗിക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ, മുഹമ്മദ് സിറാജിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തേണ്ടിയിരുന്നില്ല എന്നാണ് പാർഥിവ് പട്ടേൽ പറയുന്നത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ കേവലം 11 ഓവറുകൾ മാത്രമാണ് സിറാജ് പന്തറിഞ്ഞത്. ഇതിൽ 50 റൺസ് സിറാജ് വിട്ടു നൽകിയെങ്കിലും വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. അതേസമയം മറുവശത്ത് ബൂമ്ര നിർണായകമായ വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തു. ശേഷമാണ് ഇന്ത്യയുടെ ടീം സെലക്ഷനെ വിമർശിച്ചുകൊണ്ട് പാർത്ഥിവ് രംഗത്തെത്തിയിരിക്കുന്നത്.
സിറാജിനെ ഇന്ത്യ വലിയ രീതിയിൽ ഉപയോഗിക്കുന്നില്ലെങ്കിൽ, അതിന് പകരമായി ഒരു സ്പെഷലിസ്റ്റ് ബാറ്ററെ ടീമിൽ ഉൾപ്പെടുത്തേണ്ടിയിരുന്നു എന്നാണ് പാർഥിവ് പട്ടേൽ പറയുന്നത്. മാത്രമല്ല അക്ഷർ പട്ടേലിന് പകരം ഇന്ത്യ കുൽദീപ് യാദവിനെ പരിഗണിക്കണമായിരുന്നു എന്നും പാർഥിവ് പറയുന്നു.
“മത്സരത്തിൽ 3 സ്പിന്നർമാരെ മാത്രമേ ഇന്ത്യയ്ക്ക് ആവശ്യമുണ്ടായിരുന്നുള്ളൂ എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ ഇക്കാര്യത്തിലും വളരെ വ്യത്യസ്തമായ ഒരു അഭിപ്രായം എനിക്കുണ്ട്. ടെസ്റ്റ് മത്സരത്തിൽ ആറോ ഏഴോ ഓവറുകൾ മാത്രമാണ് സിറാജ് പന്തറിഞ്ഞത്. അക്ഷർ പട്ടേലിനെ ഇന്ത്യ പരിഗണിച്ചത് കുൽദീപിനെക്കാൾ നന്നായി ബാറ്റ് ചെയ്യുന്നത് കൊണ്ടാണ്. രോഹിത് ടെസ്റ്റ് മത്സരത്തിന് മുൻപ് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ഒരുപക്ഷേ ബോളിങ്ങിൽ വേരിയേഷനുകളാണ് ആവശ്യമെങ്കിൽ ഇന്ത്യ അക്ഷറിന് പകരം കുൽദീപിനെ തിരഞ്ഞെടുക്കേണ്ടിയിരുന്നു.’- പാർഥിവ് പട്ടേൽ പറയുന്നു
“മാത്രമല്ല സിറാജിനെ നമ്മൾ വലിയ രീതിയിൽ ഉപയോഗിക്കുന്നില്ലെങ്കിൽ, പകരക്കാരനായി മറ്റൊരു സ്പെഷ്യലിസ്റ്റ് ബാറ്ററെ ടീമിൽ ഉൾപ്പെടുത്തേണ്ടിയിരുന്നു. ഇങ്ങനെ ഒരു ടീം തിരഞ്ഞെടുത്തിരുന്നുവെങ്കിൽ അശ്വിൻ, ജഡേജ, കുൽദീപ് എന്നീ തരത്തിൽ 3 വ്യത്യസ്ത സ്പിന്നർമാരെ നമുക്ക് ലഭിക്കുമായിരുന്നു.”
”മാത്രമല്ല ബാറ്റിംഗിലെ ഡെപ്ത് വർദ്ധിപ്പിക്കാൻ ഒരു അധിക ബാറ്ററെയും നമുക്ക് ഉൾപ്പെടുത്താൻ സാധിക്കുമായിരുന്നു. ഒരു ടെസ്റ്റ് മത്സരത്തിൽ കേവലം 7 ഓവറുകൾ എറിയാൻ മാത്രമായി ഒരു ബോളറെ ഉൾപ്പെടുത്തുക എന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.”- പാർഥിവ് കൂട്ടിച്ചേർക്കുന്നു.
ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ 28 റൺസിനായിരുന്നു ഇന്ത്യ പരാജയമറിഞ്ഞത്. മത്സരത്തിൽ ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിങ്സിൽ 196 റൺസിന്റെ വമ്പൻ പ്രകടനം കാഴ്ചവച്ച ഓലി പോപ്പാണ് താരമായി മാറിയത്. 231 എന്ന വിജയലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ ഇന്ത്യയെ ഇംഗ്ലണ്ട് കേവലം 202 റൺസിന് പുറത്താക്കുകയായിരുന്നു. പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്ത് നടക്കും. മത്സരത്തിൽ ശക്തമായ ഒരു തിരിച്ചുവരവ് നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.