കേരളത്തിന്റെ രക്ഷകനായി സച്ചിൻ ബേബി. തകർപ്പൻ സെഞ്ച്വറിയിൽ ബീഹാറിനെതിരെ സമനില.

FB IMG 1705669352591

ബീഹാറിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ സമനില സ്വന്തമാക്കി കേരളം. മത്സരത്തിൽ 3 ദിവസം പൂർണ്ണമായും പിന്നിലായിരുന്ന കേരളം നാലാം ദിവസം സച്ചിൻ ബേബിയുടെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ സമനില കയ്യടക്കുകയായിരുന്നു.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം തന്നെയാണ് സച്ചിൻ ബേബി കാഴ്ചവച്ചത്. ഇതോടെ ബീഹാറിന്റെ വിജയപ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു. എന്നിരുന്നാലും മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ലീഡ് കണ്ടെത്തിയതോടെ ബീഹാർ പോയിന്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് നിരാശാജനകം തന്നെയാണ് മത്സരത്തിലെ ഫലം.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചിരുന്നത്m കേരളത്തിന്റെ ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ശ്രേയസ് ഗോപാൽ മാത്രമാണ് തിളങ്ങിയത്. ആദ്യ ഇന്നിങ്സിൽ 229 പന്തുകളിൽ 21 ബൗണ്ടറികളും ഒരു സിക്സറുമടക്കം 137 റൺസ് ശ്രേയസ് ഗോപാൽ നേടുകയുണ്ടായി. ശ്രേയസിന്റെ ബലത്തിൽ ആദ്യ ഇന്നിങ്സിൽ 227 റൺസായിരുന്നു കേരളം സ്വന്തമാക്കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ബീഹാറിന് തകർപ്പൻ തുടക്കമാണ് ഓപ്പണർ പിയൂഷ് സിംഗ്(50) നൽകിയത്. ബീഹാറിനായി സക്കീബുൽ ഗനി ആദ്യ ഇന്നിങ്സിൽ വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. 255 പന്തുകൾ നേരിട്ട ഗനി 150 റൺസ് മത്സരത്തിൽ നേടി. ഒപ്പം ബൽജിത്ത് സിംഗ്(60) അർത്ഥ സെഞ്ച്വറി കൂടി നേടിയതോടെ ബീഹാറിന്റെ സ്കോർ കുതിക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ 377 റൺസാണ് ബീഹാർ നേടിയത്. ഇതോടെ ആദ്യ ഇന്നിങ്സിൽ 150 റൺസിന്റെ ലീഡും ബീഹാർ സ്വന്തമാക്കി.

Read Also -  ഒന്നിനും കൊള്ളാത്തവനാണ് ഗിൽ, ഇന്ത്യ എന്തിന് അവനെ നായകനാക്കി. വിമർശനവുമായി അമിത് മിശ്ര.

രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് വീണ്ടും മോശം തുടക്കമാണ് ലഭിച്ചത്. നായകൻ രോഹൻ കുന്നുമ്മൽ 37 റൺസ് എടുത്ത് കൂടാരം കയറി. എന്നാൽ മൂന്നാമനായി എത്തിയ സച്ചിൻ ബേബി കേരളത്തിനായി മത്സരത്തിന്റെ അവസാന ദിവസം പൊരുതി. മത്സരത്തിൽ പരാജയം മുന്നിൽ കണ്ട കേരളത്തെ കൈപിടിച്ചു കയറ്റാൻ സച്ചിൻ ബേബിക്ക് സാധിച്ചു.

ഒപ്പം അക്ഷയ് ചന്ദ്രനും(38) സച്ചിന് മികച്ച പിന്തുണ നൽകുകയുണ്ടായി. 146 പന്തുകൾ നേരിട്ട സച്ചിൻ ബേബി രണ്ടാം ഇന്നിംഗ്സിൽ 109 റൺസ് ആണ് സ്വന്തമാക്കിയത്. 14 ബൗണ്ടറികളാണ് സച്ചിൻ മത്സരത്തിൽ നേടിയത്. ഇതോടെ കേരളം 220ന് 4 എന്ന ശക്തമായ നിലയിൽ എത്തുകയായിരുന്നു.

ശേഷം മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ ബീഹാർ സമനിലയ്ക്ക് വഴങ്ങി. എന്നിരുന്നാലും ബീഹാറിനെ സംബന്ധിച്ച് വലിയ നിരാശ ഉണ്ടാക്കുന്ന മത്സരമല്ല ഇത്. ആദ്യ ഇന്നിങ്സിൽ ശക്തമായ ലീഡ് സ്വന്തമാക്കിയതിനാൽ തന്നെ ബീഹാറിന് മികച്ച ഫലമാണ് ലഭിച്ചിരിക്കുന്നത്. മറുവശത്ത് കേരളത്തെ സംബന്ധിച്ച് തുടർച്ചയായ നിരാശയാണ് ഫലം. വരും മത്സരങ്ങളിൽ കേരളം ശക്തമായ രീതിയിൽ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top