ടെസ്റ്റ് 200 വിക്കറ്റ് ക്ലബ്ബിൽ ഇടം നേടി റബാഡ :കൂടെ ഒരുപിടി റെക്കോർഡുകളും സ്വന്തമാക്കി താരം

ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റ് തികയ്‌ക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ്  താരമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ പാകിസ്ഥാനെതിരെ പുരോഗമിക്കുന്ന ഒന്നാം ക്രിക്കറ്റ്  ടെസ്റ്റിന്‍റെ മൂന്നാംദിനം  പാക് താരം ഹസന്‍ അലിയുടെ വിക്കറ്റ് വീഴ്‌ത്തിയാണ്  വലംകൈയ്യൻ പേസർ  റബാഡയുടെ ചരിത്രനേട്ടം. ഹസന്‍ അലിയെ 21 റൺസിൽ നില്‍ക്കേ താരം  ക്ലീന്‍  ബൗള്‍ഡാക്കുകയായിരുന്നു.

 ഇരുപത്തിയഞ്ച് വയസുകാരനായ റബാഡയ്‌ക്ക് ടെസ്റ്റിൽ  200 വിക്കറ്റ് ക്ലബിലെത്താന്‍ 44 മത്സരങ്ങളാണ് വേണ്ടിവന്നത്. 33 മത്സരങ്ങളില്‍ 200 വിക്കറ്റ്  നാഴികക്കല്ല് പൂര്‍ത്തിയാക്കിയ പാകിസ്ഥാന്‍ സ്‌പിന്നര്‍ യാസിര്‍ ഷായാണ് പട്ടികയില്‍ ഏറ്റവും  മുന്നില്‍. 2015ല്‍ മൊഹാലിയില്‍ ഇന്ത്യക്കെതിരെ ടെസ്റ്റിൽ  അരങ്ങേറ്റം കുറിച്ച  റബാഡ അഞ്ച് വര്‍ഷം കൊണ്ടാണ്  ടെസ്റ്റിൽ അപൂർവ നേട്ടം സ്വന്തം പേരിലാക്കിയത് .

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ  200  വിക്കറ്റുകൾ നേടുവാനായി  ഏറ്റവും കുറവ് പന്തുകള്‍  വേണ്ടിവന്ന താരങ്ങളില്‍ മൂന്നാമതാണ് റബാഡ(8154 പന്തുകള്‍). പാകിസ്ഥാന്‍ മുന്‍താരം വഖാര്‍ യൂനിസ്(7730 പന്തുകള്‍), ദക്ഷിണാഫ്രിക്കയുടെ തന്നെ ഡെയ്‌ല്‍ സ്റ്റെയ്‌ന്‍(7848 പന്തുകള്‍) എന്നിവരാണ്  പട്ടികയിൽ റബാഡയ്‌ക്ക്  മുന്നിൽ .

200 വിക്കറ്റ് ക്ലബിലെത്തുന്ന നാലാമത്തെ  ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് കഗിസോ റബാഡ. വഖാര്‍ യൂനിസ്, കപില്‍ ദേവ്, ഹര്‍ഭജന്‍ സിംഗ് എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. വഖാര്‍ യൂനിസ്(8788 ദിനങ്ങള്‍), കപില്‍ ദേവ്(8830 ദിനങ്ങള്‍), ഹര്‍ഭജന്‍ സിംഗ്(9203 ദിനങ്ങള്‍) എന്നിവരാണ് ഈ നേട്ടത്തിൽ  ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിലകൊള്ളുന്നത് .

കൂടാതെ ടെസ്റ്റ് കരിയറിൽ 200 വിക്കറ്റ് നേടുന്ന എട്ടാം ദക്ഷിണാഫ്രിക്കന്‍ താരമെന്ന നേട്ടവും  റബാഡയെ തേടി  എത്തി . ഡെയ്‌ല്‍ സ്റ്റെയ്‌ന്‍(439), ഷോണ്‍ പൊള്ളോക്ക്(421), മഖായ എന്‍ഡിനി(390), അലന്‍ ഡൊണാള്‍ഡ്(330), മോണി മോര്‍ക്കല്‍(309), ജാക്കസ് കാലിസ്(291), വെര്‍നോണ്‍ ഫീലാന്‍ഡര്‍(224) എന്നിവരാണ് റബാഡയ്‌ക്ക് മുമ്പ്
ഈ റെക്കോർഡിൽ എത്തിയ ദക്ഷിണാഫ്രിക്കൻ താരങ്ങൾ.

അതേസമയം ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയതിന്‍റെ റെക്കോര്‍ഡ് ശ്രീലങ്കന്‍ ഇതിഹാസ സ്‌പിന്നര്‍ മുത്തയ്യ മുരളീധരനാണ്. 800 വിക്കറ്റുകള്‍ മുരളിയുടെ പക്കലുണ്ട്.  പട്ടികയിൽ തൊട്ട് പിറകിലുള്ള  2 താരങ്ങളും സ്പിന്നർമാരാണ് ഓസ്‌ട്രേലിയന്‍ സ്‌പിന്‍ വിസ്‌മയം ഷെയ്‌ന്‍ വോണ്‍(708), ഇന്ത്യയുടെ അനില്‍ കുംബ്ലെ(619) എന്നിവരും പട്ടികയിൽ തൊട്ട് പിറകിലുണ്ട് .



Previous articleപ്രകടനം മാത്രമല്ല ജാദവിനെ ഒഴിവാക്കിയതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട് : വെളിപ്പെടുത്തലുമായി ഗൗതം ഗംഭീർ
Next articleകൂടുതൽ പരിശോധനകൾക്ക് വിധേയനായി ഗാംഗുലി :വീണ്ടും ആന്‍ജിയോഗ്രഫിക്ക് സാധ്യത