കൂടുതൽ പരിശോധനകൾക്ക് വിധേയനായി ഗാംഗുലി :വീണ്ടും ആന്‍ജിയോഗ്രഫിക്ക് സാധ്യത

കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാം തവണയും  ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കുവാൻ ആശുപത്രി അധികൃതരുടെ തീരുമാനം .  താരത്തിന്റെ പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും സ്റ്റെന്‍റ് ഘടിപ്പിക്കുന്നതില്‍  അന്തിമ തീരുമാനമെടുക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന മാധ്യമ റിപോർട്ടുകൾ .

അതേസമയം സൗരവ്   ഗാംഗുലിക്ക് വിദഗ്ധ പരിശോധനകൾക്ക്  ശേഷം  ആന്‍ജിയോഗ്രഫി ചെയ്യാനും ഡോക്ടര്‍മാര്‍ ഉദ്ദേശിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ അടക്കം  റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് .

കഴിഞ്ഞ ദിവസം  രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മുൻ ഇന്ത്യൻ താരം കൂടിയയായ  ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരം സ്വന്തം കാറിൽ ഡ്രൈവർക്കൊപ്പം ആശുപത്രിയിലേക്ക്  നേരെ
എത്തുകയായിരുന്നു .ഡോക്‌ടര്‍മാരുടെ സംഘം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കൂടിയായ ഗാംഗുലിയുടെ 
ആരോഗ്യനില  വിശദമായി നിരീക്ഷിച്ചുവരികയാണ്.  ഈ മാസം ഇത്  രണ്ടാംതവണയാണ് ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നത്. 

നേരത്തെ ഈ മാസം ആദ്യ ആഴ്ച  വീട്ടിലെ ജിംനേഷ്യത്തില്‍ പരിശീലനം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഗാംഗുലിയെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. നെഞ്ചിൽ  മൂന്ന്  ബ്ലോക്കുകളാണ് അന്ന്  തിരിച്ചറിഞ്ഞത്.  ആശുപത്രി  വാസത്തിന്  ശേഷം അന്ന്   ആശുപത്രി വിട്ട അദേഹത്തിന്‍റെ ആരോഗ്യനില മെഡിക്കല്‍ സംഘം വീട്ടിൽ ദിവസവും  നിരീക്ഷിച്ചുവരികയായിരുന്നു.  എന്നാൽ ഇതിനിടെയാണ്  ഇന്നലെ രണ്ടാമതും  താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. 

ഗാംഗുലിയുടെ ഇപ്പോഴത്തെ ആരോഗ്യ  നില തൃപ്തികരമാണെന്ന്  ചില പ്രാദേശിക മാധ്യമങ്ങൾ  അടക്കം  റിപ്പോര്‍ട്ട് ചെയ്യുന്നത് . എന്നാല്‍ രണ്ട് ദിവസം കൂടി  പരിശോധനകൾക്കായി ആശുപത്രിയില്‍ തുടരാന്‍ അധികൃതര്‍  അദ്ദേഹത്തോട്  ആവശ്യപ്പെട്ടു .