ഐസിസി പുരുഷ ഏകദിന ടീം റാങ്കിംഗിൽ പാകിസ്ഥാൻ ഇന്ത്യയെ മറികടന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പരമ്പര തൂത്തുവാരിയതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ റാങ്കില്‍ മുന്നേറിയത്. പരമ്പര ആരംഭിക്കുന്നതിന് മുമ്പ് 102 റേറ്റിംഗുമായി പാകിസ്ഥാൻ അഞ്ചാം സ്ഥാനത്തായിരുന്നു. വിൻഡീസിനെ 3-0 ന് ക്ലീൻ സ്വീപ്പ് ചെയ്‌തതോടെ, 106 റേറ്റിംഗ് പോയിന്‍റോടെ ഇന്ത്യയെ മറികടന്നു നാലാം സ്ഥാനത്തെത്തി. 105 റേറ്റിംഗുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.
125 പോയിന്‍റുമായി ന്യൂസിലന്‍റാണ് ഒന്നാമത്. 124 പോയിന്‍റുമായി ഇംഗ്ലണ്ട്, 107 പോയിന്‍റുമായി ഓസ്ട്രേലിയ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. അവസാന രണ്ട് വര്‍ഷങ്ങളായി തകര്‍പ്പന്‍ ഫോമിലാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ്. ഇംഗ്ലണ്ടിനെതിരെയുള്ള പരാജയം ഒഴിച്ചു നിര്‍ത്തിയാല്‍ സിംമ്പാവേ, സൗത്താഫ്രിക്ക, ഓസ്ട്രേലിയന്‍ ടീമുകളോട് ബാബര്‍ അസം നായകനായ പാക്കിസ്ഥാന്‍ ടീം വിജയിച്ചിരുന്നു.
പാക്കിസ്ഥാന്‍റെ അടുത്ത ഏകദിന മത്സരങ്ങള്‍ ആഗസ്റ്റിലാണ് നടക്കുക. അതിനാല്‍ ഏകദിന റാങ്കില്‍ മുന്നേറാന്‍ ഇന്ത്യക്ക് അവസരമുണ്ട്. ഇംഗ്ലണ്ടിനെതിരെയും വെസ്റ്റ് ഇന്‍ഡീസിനെതിരെയും 3 വീതം ഏകദിന മത്സരങ്ങള്‍ ഇന്ത്യ കളിക്കും.