2023 ഏകദിന ലോകകപ്പിൽ ഇതുവരെ വളരെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യൻ ടീം പുറത്തെടുത്തിട്ടുള്ളത്. ലീഗ് ഘട്ടത്തിൽ 9 മത്സരങ്ങളിലും വിജയം നേടിയാണ് ഇന്ത്യ സെമിഫൈനലിലേക്ക് എത്തിയത്. വാങ്കഡേ സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനലിൽ തങ്ങളുടെ എക്കാലത്തെയും വലിയ ശത്രുക്കളായ ന്യൂസിലാൻഡിനെ 70 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടി. ഈ ലോകകപ്പിൽ എല്ലാ മത്സരങ്ങളും വിജയിച്ച ഏക ടീമും ഇന്ത്യ തന്നെയാണ്.
അതിനാൽ ഇന്ത്യ നിലവിൽ കിരീടം സ്വന്തമാക്കാൻ ഫേവറേറ്റുകൾ തന്നെയാണ്. ഇന്ത്യക്കായി ബാറ്റിംഗിൽ പലപ്പോഴും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ളത് വിരാട് കോഹ്ലിയാണ്. ബോളിങ്ങിൽ മുഹമ്മദ് ഷാമിയുടെ ഒരു ആധിപത്യം തന്നെയാണ് കാണാൻ സാധിക്കുന്നത്. എന്നാൽ ഈ രണ്ടു താരങ്ങളെയുമല്ല “പ്ലെയർ ഓഫ് ദി ടൂർണമെന്റ്” പുരസ്കാരത്തിന് താൻ തിരഞ്ഞെടുക്കുന്നത് എന്നാണ് മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡൻ പറയുന്നത്.
ഇതുവരെ ഈ ലോകകപ്പിൽ 711 റൺസാണ് വിരാട് കോഹ്ലി സ്വന്തമാക്കിയിട്ടുള്ളത്. 2023 ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത് വിരാട് കോഹ്ലി നിൽക്കുന്നു. മറുവശത്ത് മുഹമ്മദ് ഷാമി 23 വിക്കറ്റുകൾ സ്വന്തമാക്കി ബോളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. എന്നാൽ ഈ രണ്ടു വമ്പൻ താരങ്ങളെയും മാറ്റിനിർത്തി ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കാണ് “പ്ലെയർ ഓഫ് ദി ടൂർണമെന്റ്” പുരസ്കാരം നൽകേണ്ടത് എന്ന് മാത്യു ഹെയ്ഡൻ പറയുന്നു
രോഹിത് ഈ ടൂർണമെന്റിൽ പുറത്തെടുത്ത ആക്രമണപരമായ സമീപനത്തിനാണ് താൻ ഈ അവാർഡ് നൽകുന്നതെന്നും ഹെയ്ഡൻ പറഞ്ഞു. ഇന്ത്യയ്ക്കായി എല്ലാ മത്സരങ്ങളിലും കൃത്യമായ ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാനും മറ്റു താരങ്ങൾക്ക് വലിയ സഹായം ചെയ്യാനും രോഹിത് ശർമയ്ക്ക് സാധിച്ചിട്ടുണ്ട് എന്നാണ് ഹെയ്ഡൻ പറയുന്നത്.
“ഇന്ത്യൻ ടീമിനെ വളരെ മികച്ച രീതിയിൽ നയിക്കാൻ നായകൻ രോഹിത് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് രോഹിത് ശർമയാണ് ഈ ടൂർണമെന്റിലെ പ്ലെയർ ഓഫ് ദി ടൂർണ്ണമെന്റ്. ഒരുപക്ഷേ വിരാട് കോഹ്ലിയുടെ അത്ര റൺസ് കണ്ടെത്താൻ രോഹിത് ശർമയ്ക്ക് സാധിച്ചിട്ടുണ്ടാവില്ല. എന്നാൽ തന്റെ ടീമിനായി വലിയൊരു ഇമ്പാക്ട് തന്നെയാണ് രോഹിത് ശർമ ഉണ്ടാക്കിയെടുത്തിരിക്കുന്നത്.”-
ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന സെമിഫൈനൽ മത്സരത്തിനിടെ മാത്യു ഹെയ്ഡൻ പറഞ്ഞു. ഇത്തവണത്തെ ലോകകപ്പിൽ രോഹിത് ശർമയുടെ വെടിക്കെട്ട് തുടക്കങ്ങൾ ആയിരുന്നു ഇന്ത്യയ്ക്ക് വലിയ വിജയങ്ങൾ സമ്മാനിച്ചത്. 2023 ഏകദിന ലോകകപ്പിൽ ഇതുവരെ 10 മത്സരങ്ങൾ കളിച്ച രോഹിത് ശർമ 550 റൺസാണ് സ്വന്തമാക്കിയത്.
55 റൺസ് ശരാശരിയിലാണ് രോഹിത്തിന്റെ ഈ നേട്ടം. മാത്രമല്ല 124 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റും രോഹിത്തിനുണ്ട്. അഫ്ഗാനിസ്ഥാൻ ടീമിനെതിരായ ലീഗ് മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചിരുന്നു. മറ്റു മത്സരങ്ങളിലും ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കങ്ങൾ തന്നെ രോഹിത് നൽകി.
ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ മത്സരത്തിൽ 29 പന്തുകളിൽ 47 റൺസായിരുന്നു രോഹിത് ശർമ നേടിയത്. ഇത് ന്യൂസിലാൻഡ് ബോളർമാരെ സമ്മർദ്ദത്തിലാക്കുകയും മറ്റ് ഇന്ത്യൻ ബാറ്റർമാർക്ക് കാര്യങ്ങൾ അനായാസമാക്കുകയും ചെയ്തു. ഞായറാഴ്ച ഓസ്ട്രേലിയക്കെതിരെയും രോഹിത് ശർമ ഈ പ്രകടനങ്ങൾ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.