പാക് മുൻ താരങ്ങൾ എന്ത് വിഡ്ഢിത്തങ്ങളാണ് പുലമ്പുന്നത്? രോഹിതിനെതിരായ ആരോപണത്തിൽ വസീം അക്രം രംഗത്ത്.

rohit sharma world cup 2023

ഇന്ത്യ 2023 ഏകദിന ലോകകപ്പിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ തുടങ്ങിയതോടുകൂടി മുൻ പാകിസ്ഥാൻ താരങ്ങളിൽ നിന്ന് വലിയ രീതിയിലുള്ള ആരോപണങ്ങളാണ് ഉയരുന്നത്. മുൻപ് പാകിസ്താന്റെ മുൻ താരം ഹസൻ റാസ ഇന്ത്യക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യ ബോളിൽ കൃത്രിമം കാട്ടുന്നുണ്ടെന്നും, ഡിസിഷൻ റിവ്യൂ സിസ്റ്റമടക്കം ഇന്ത്യയെ പിന്തുണയ്ക്കുന്നുണ്ട് എന്നും ആരോപിച്ചായിരുന്നു റാസ രംഗത്തെത്തിയത്.

ശേഷം മറ്റൊരു പാക്കിസ്ഥാൻ മുൻ താരമായ സിക്കന്ദർ ബക്തയാണ് രോഹിത് ശർമ ടോസിൽ കൃത്രിമം കാണിക്കുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയത്. ബക്തയ്ക്കുള്ള കൃത്യമായ മറുപടി നൽകി സംസാരിച്ചിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ പേസർ വസീം അക്രം ഇപ്പോൾ. സിക്കന്ദറിന്റെ ആരോപണങ്ങൾ പൂർണമായും തള്ളിയാണ് വസീം അക്രം സംസാരിച്ചത്.

ഇന്ത്യ ടൂർണമെന്റിന്റെ സെമിഫൈനലിൽ എത്തിയതിന് തൊട്ടു പിന്നാലെയായിരുന്നു സിക്കന്ദറിന്റെ ആരോപണം. രോഹിത് ടോസ് ഇടുന്ന സമയത്ത് കോയിൻ വലിയ ദൂരത്തേക്ക് എറിയുന്നുണ്ടെന്നും, ഇതിൽ കള്ളത്തരമുണ്ടെന്നുമാണ് സിക്കന്ദർ ആരോപിച്ചത്.

“ഈ ലോകകപ്പിൽ എപ്പോഴൊക്കെ രോഹിത് ശർമ്മയ്ക്ക് കോയിൻ ലഭിച്ചിട്ടുണ്ടോ അപ്പോഴൊക്കെയും മറ്റു നായകന്മാരിൽ നിന്ന് ഒരുപാട് ദൂരത്തേക്കാണ് അയാൾ ടോസ് ചെയ്തിട്ടുള്ളത്. ടോസിന്റെ ഫലം എന്താണെന്ന് മറ്റു നായകന്മാർക്ക് വ്യക്തമാകാത്ത രീതിയിലാണ് രോഹിത് കോയിൻ കൈകാര്യം ചെയ്യുന്നത്.”- ഇതായിരുന്നു സിക്കന്ദർ മുൻപ് ഉന്നയിച്ച ആരോപണം. ഇതിന് വസീം അക്രം തന്റേതായ രീതിയിൽ മറുപടി നൽകിയിരിക്കുകയാണ്.

Read Also -  കഴിഞ്ഞ 4 വർഷങ്ങളിൽ ബാബറിന്റെ ക്യാപ്റ്റൻസിയിൽ ഒരു മാറ്റവുമില്ല. ശുഐബ് മാലിക് പറയുന്നു.

ഒരു പ്രമുഖ മാധ്യമത്തിൽ സംസാരിക്കുന്ന സമയത്താണ് വസീം അക്രം ഈ ആരോപണത്തിന് മറുപടി നൽകിയത്. ടോസ് ഇടുന്ന സമയത്ത് കോയിൻ എത്ര ദൂരത്തേക്ക് എറിയണം എന്നതിനെ സംബന്ധിച്ച് യാതൊരു നിയമവും ക്രിക്കറ്റിലില്ല എന്ന് വസീം അക്രം പറയുന്നു.

ഒരു നായകന് എത്ര ദൂരത്തേക്ക് വേണമെങ്കിലും ടോസ് ചെയ്യാവുന്നതാണ് എന്ന് അക്രം കൂട്ടിച്ചേർക്കുകയുണ്ടായി. “ടോസ് ചെയ്യുന്ന കോയിൻ എവിടെ വീഴണം എന്നത് ആരാണ് തീരുമാനിക്കുന്നത്? സ്പോൺസർഷിപ്പിന്റെ ആവശ്യത്തിനായി അവിടെയൊരു മാറ്റുണ്ട്. അത് അതിനു വേണ്ടി മാത്രമാണ്. ഇത്തരം ആരോപണങ്ങൾ ലജ്ജാകരം തന്നെയാണ്.”- അക്രം പറഞ്ഞു.

ഇതോടൊപ്പം 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിക്കാനും വസിം അക്രം മറന്നില്ല. മത്സരത്തിൽ രോഹിത് ശർമ ഇന്ത്യയ്ക്ക് നൽകിയ തുടക്കം വളരെ നിർണായകമായി എന്ന് വസീം അക്രം പറയുകയുണ്ടായി.

“നമ്മൾ രോഹിത്തിനെ പറ്റി ഒരുപാട് കാര്യങ്ങൾ കേൾക്കുന്നില്ല. കാരണം അയാൾ സെഞ്ച്വറിയോ ഡബിൾ സെഞ്ചറികളോ നേടുന്നില്ല. പക്ഷേ ഇന്ത്യക്കായി മികച്ച തുടക്കങ്ങളാണ് രോഹിത് നൽകിയിട്ടുള്ളത്. സെമിഫൈനൽ മത്സരത്തിൽ 29 പന്തുകളിൽ 47 റൺസ് എടുക്കാൻ രോഹിത്തിന് സാധിച്ചു. അങ്ങനെ ഇന്ത്യയ്ക്ക് ആദ്യ 10 ഓവറിൽ 84 റൺസ് ലഭിക്കുകയുണ്ടായി. അത്തരമൊരു പ്ലാറ്റ്ഫോമാണ് ഇന്ത്യൻ ടീമിനെ വലിയ സ്കോറിലെത്തിച്ചത്.”- അക്രം പറഞ്ഞു.

Scroll to Top