ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു പേസർ പ്രവീൺ കുമാർ. ഇന്ത്യയെ പല പ്രമുഖ ടൂർണമെന്റുകളിലും വിജയത്തിലെത്തിക്കാൻ പ്രവീൺ കുമാറിന് സാധിച്ചിട്ടുണ്ട്. ഇരുവശത്തേക്കും സിംഗ് ചെയ്യുന്ന പന്തുകളായിരുന്നു പ്രവീൺ കുമാറിന്റെ പ്രത്യേകത. മഹേന്ദ്ര സിംഗ് ധോണി നായകനായ ഇന്ത്യൻ ടീമിലെ പ്രധാന ബോളറായിരുന്നു പ്രവീൺ.
എന്നാൽ ഒരു പ്രത്യേക സമയത്തിന് ശേഷം പ്രവീൺ കുമാർ ലൈം ലൈറ്റിൽ നിന്ന് അകന്നു പോവുകയുണ്ടായി. പ്രധാനമായും പ്രവീണിന്റെ ദുശ്ശീലങ്ങളെപ്പറ്റി പല വിമർശനങ്ങളും വന്ന സാഹചര്യത്തിലാണ് പ്രവീൺ തന്റെ ക്രിക്കറ്റ് കരിയറിൽ നിന്ന് അകന്നു പോയത്. ഇന്ത്യൻ ടീമിൽ നിന്ന സമയത്ത് പോലും തനിക്കെതിരെ വലിയ രീതിയിലുള്ള അപവാദ പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് പ്രവീൺ കുമാർ ഇപ്പോൾ പറയുന്നത്.
ടീമിലെ സഹതാരങ്ങളൊക്കെയും മദ്യപിക്കുമ്പോഴും, മദ്യപാനം തന്റെ പേരിൽ മാത്രമാക്കി തീർക്കാൻ ചിലർ ശ്രമിച്ചിട്ടുണ്ട് എന്ന് പ്രവീൺ പറയുന്നു. “ഞാൻ ഇന്ത്യൻ ടീമിൽ ചേരുന്ന സമയത്ത് എന്നോട് ചില സീനിയർ താരങ്ങൾ മദ്യപാനം ഉപേക്ഷിക്കണമെന്നും, മറ്റു ചില കാര്യങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ എല്ലാവരും മദ്യം ഉപയോഗിക്കുകയും, എന്റെ പേരിൽ മാത്രം അത്തരമൊരു അപകീർത്തി ഉണ്ടാക്കിയെടുക്കുകയും ചെയ്തു.”
“ടീമിലെ പല സീനിയർ താരങ്ങളും യുവതാരങ്ങൾ എന്ന നിലയ്ക്ക് ഞങ്ങളെ നന്നായി പരിചരിച്ചിരുന്നു. എന്നാൽ ചിലർ എന്റെ പേര് ദുരുപയോഗം ചെയ്ത് നെഗറ്റിവിറ്റി പരത്താൻ ശ്രമിച്ചു. അവരുടെയൊന്നും പേര് ക്യാമറയിൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ എന്റെ ഇമേജ് നഷ്ടപ്പെടുത്തിയ എല്ലാവരെയും എല്ലാവർക്കും അറിയാം.”- പ്രവീൺ പറയുന്നു.
“2018ൽ ഏതെങ്കിലുമൊരു ഐപിഎൽ ഫ്രാഞ്ചൈസി എന്നെ ബോളിങ് കോച്ചായി നിയമിക്കും എന്നായിരുന്നു ഞാൻ കരുതിയത്. എന്റെ സ്വന്തം നാടായ ഉത്തർപ്രദേശ് ടീം പോലും രഞ്ജി ട്രോഫിയിൽ എന്നെ അണിയറയിലേക്ക് ക്ഷണിച്ചിരുന്നില്ല. അതിനായി അവർ പറഞ്ഞ ഒരേ ഒരു കാരണം ഞാൻ മദ്യം ഉപയോഗിക്കും എന്നത് മാത്രമായിരുന്നു. പക്ഷേ ഞാൻ മൈതാനത്ത് മദ്യം ഉപയോഗിക്കുകയോ ഡ്രസ്സിംഗ് റൂമിൽ ബോട്ടിലുകൾ തുറക്കുകയോ ചെയ്തിട്ടില്ല.”- പ്രവീൺ കുമാർ കൂട്ടിച്ചേർക്കുന്നു.
“ഈ സംഭവങ്ങൾക്ക് ശേഷം ഞാൻ വലിയൊരു ഡിപ്രഷനിലേക്ക് പോവുകയുണ്ടായി. 4-5 മണിക്കൂറുകൾ ഞാൻ എന്റേതായ രീതിയിൽ ചിലവഴിച്ചു. ആരും എന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്യാത്തതിനാൽ തന്നെ എനിക്ക് ഹൃദയഭേദകമായി പലപ്പോഴും തോന്നിയിരുന്നു. ഒരുപാട് കാര്യങ്ങൾ എന്റെ കരിയറിൽ ഞാൻ സ്വന്തമാക്കിയിട്ടും എനിക്ക് അത്തരം ഒരു അവസ്ഥ വന്നു. ശേഷം ഞാൻ കുറച്ചു നാൾ ഹരിദ്വാറിലേക്ക് യാത്ര ചെയ്തു.”- പ്രവീൺ കുമാർ പറഞ്ഞു വെക്കുന്നു.