ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ എല്ലാവരും ഇഷ്ടപ്പെടുന്ന ബാറ്റ്‌സ്മാനായി മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് മാറി കഴിഞ്ഞു. കരിയറിൽ ഏറെ കാലമായി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കുന്ന താരം ഇന്ന് ഇന്ത്യൻ ലിമിറ്റഡ് ഓവറിലെ വിശ്വസ്ത ബാറ്റ്‌സ്മാനായി മാറി കഴിഞ്ഞു ഇംഗ്ലണ്ടിന് എതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര കളിക്കുവാനായി താരം പറക്കുമെന്ന വാർത്തകൾക്കിടയിൽ തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ മാറ്റവും ഒപ്പം കരിയറിൽ ഏറെ നേട്ടങ്ങൾ സമ്മാനിച്ചതുമായ സംഭവം എന്തെന്ന് വിശദീകരിക്കുകയാണ് താരം ഇപ്പോൾ. താരം ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ പ്രധാന ബാറ്റ്‌സ്മാനും ഒപ്പം സ്റ്റാർ പ്ലയെറുമാണിപ്പോൾ. കഴിഞ്ഞ രണ്ട് സീസണിലും മുംബൈ ടീമിനായി 400ലധികം റൺസ് അടിച്ചെടുത്ത താരം ഏകദിന, ടി :20 ഫോർമാറ്റിൽ ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു.
മുംബൈ ഇന്ത്യൻസ് ടീമിലേക്ക് താൻ എത്തിയ നിമിഷം ഇന്നും കരിയറിൽ മറക്കുവാൻ കഴിയില്ലായെന്ന് പറഞ്ഞ താരം തന്റെ റോൾ ഭംഗിയായി തന്നെ നിർവഹിക്കുവാനാണ് എക്കാലവും ഏറെ ശ്രദ്ധിക്കുന്നത് എന്നും വ്യക്തമാക്കി. “അന്താരാഷ്ട്ര ക്രിക്കറ്റിൽ കാര്യങ്ങൾ വളരെ കരുതലോടെ കൊണ്ട് പോകണം എന്ന് ഞാൻ മനസ്സിലാക്കുന്നുണ്ട്.ടീം ഇന്ത്യക്കായി കളിക്കുകയെന്നത് എന്റെ സ്വപ്നമാണ്. നിലവിലെ എന്റെ പ്രകടനം ഏറെ സന്തോഷം നൽകുന്നുണ്ട്. എന്റെ കഠിനമായ അധ്വാനത്തിന് മികച്ച റിസൾട്ട് ലഭിക്കുന്നതിലും സന്തോഷം. ഇനിയെല്ലാം എന്റെ കൈയ്യിലാണ്.”സൂര്യകുമാർ യാദവ് അഭിപ്രായം വിശദമാക്കി
ലങ്കക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് സൂര്യകുമാർ തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്. ആദ്യ ഏകദിന പരമ്പരയിൽ തന്നെ മാൻ ഓഫ് ദി സീരിസ് പുരസ്‌കാരം നെടുവാനും താരത്തിന് കഴിഞ്ഞു. മുംബൈ ടീമിനായി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്ന താരം മുംബൈ ഇന്ത്യൻസ് ടീമിനായി ഐപിൽ കളിക്കുവാൻ തുടങ്ങിയത് വഴിത്തിരിവിന് കാരണമായി എന്നും വ്യക്തമാക്കി. “ഞാൻ കൊൽക്കത്ത ടീമിൽ ഏറെ വ്യത്യസ്ത റോളുകൾ നിർവഹിച്ചിരുന്നു. പക്ഷേ മുംബൈ ഇന്ത്യൻസ് ടീമിലേക്ക് എത്തിയ ശേഷം എന്താണ് എന്റെ ചുമതലയെന്നത് വിശദമായി മനസ്സിലാക്കുവാൻ തുടങ്ങി. എന്റെ കളിയെ കുറിച്ച് ഞാൻ കൂടുതൽ ചിന്തിക്കുവാൻ തുടങ്ങിയതും മുംബൈ ടീമിൽ എത്തിയ ശേഷമാണ് “താരം മനസ്സ് തുറന്നു.