ക്രിക്കറ്റ്‌ ഉപേക്ഷിച്ച് കാനഡയിലേക്ക് പോവാൻ തീരുമാനിച്ച താരത്തെ മുംബൈ സ്വന്തമാക്കിയത് 5.25 കോടി രൂപയ്ക്ക്.

2025 ഐപിഎൽ മെഗാലേലത്തിൽ 5.25 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് യുവതാരം നമൻ ദിറിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ മുംബൈക്കായി ഭേദപ്പെട്ട പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ഇതിന് പിന്നാലെയാണ് താരത്തെ വലിയ വില കൊടുത്ത് ഫ്രാഞ്ചൈസി നേടിയെടുത്തത്.

എന്നാൽ 2 വർഷങ്ങൾക്ക് മുൻപ് നമന്റെ അവസ്ഥ മറ്റൊന്നായിരുന്നു. മുമ്പ് പല മത്സരങ്ങളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും വേണ്ട രീതിയിൽ അംഗീകാരം ലഭിക്കാതെ വന്നതിന്റെ പേരിൽ കാനഡയിലേക്ക് വണ്ടി കയറാൻ തുടങ്ങിയ താരമാണ് നമൻ ദിർ. എന്നാൽ തന്റെ പിതാവിന്റെ വാക്ക് കേട്ടതുകൊണ്ട് മാത്രമാണ് ഇന്ത്യയിൽ തുടരാൻ തീരുമാനിച്ചത് എന്ന് യുവതാരം പറയുകയുണ്ടായി. ഇതിന് പിന്നാലെയാണ് മുംബൈ ഇന്ത്യൻസ് അടക്കമുള്ള ടീമുകളിൽ നിന്ന് തനിക്ക് വിളി ഉണ്ടായത് എന്നും യുവതാരം കൂട്ടിച്ചേർത്തു.

മുംബൈ ഇന്ത്യൻസിനായി 2024 ഐപിഎല്ലിൽ 7 മത്സരങ്ങളിൽ നിന്ന് 140 റൺസാണ് നമൻ ദീർ സ്വന്തമാക്കിയത്. എന്നാൽ കുറച്ചു നാൾ മുൻപ് മറ്റൊരു അവസ്ഥയായിരുന്നു താരത്തിന് ഉണ്ടായിരുന്നത്. അണ്ടർ 16 ക്രിക്കറ്റിൽ പഞ്ചാബിനായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടും നമന് വേണ്ടരീതിയിലുള്ള അംഗീകാരം ലഭിച്ചിരുന്നില്ല. താരത്തിന്റെ ക്രിക്കറ്റ് കരിയർ നിലച്ച സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇതിന് ശേഷം കാനഡയിൽ സ്ഥിര താമസമാക്കാൻ നമൻ ദിർ തീരുമാനിച്ചു. ഇതേ സംബന്ധിച്ച് താരം പറയുകയുണ്ടായി.

“അന്ന് പഞ്ചാബിനൊപ്പം കളിച്ച പകുതിയിലധികം ആളുകളും കാനഡയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. അതിൽ ഒരാൾ ഞാനായിരുന്നു. 2022ന്റെ തുടക്കത്തിൽ ഞാൻ ഇവിടെ ക്രിക്കറ്റ് കളിക്കുന്നത് അവസാനിപ്പിക്കാൻ തീരുമാനിച്ചു. എന്റെ സഹോദരി കാനഡയിലാണ് ജീവിക്കുന്നത്. അതുകൊണ്ടു തന്നെ അങ്ങോട്ട് മാറാനാണ് ഞാൻ ശ്രമിച്ചത്. പക്ഷേ ഒരു വർഷം കൂടി ക്ഷമകാട്ടാൻ എന്റെ പിതാവ് എന്നോട് ആവശ്യപ്പെട്ടു. അതിന് ഞാൻ തയ്യാറായി. അങ്ങനെ ഡിസംബർ 22ന് എനിക്ക് രഞ്ജി ട്രോഫിയിലെ എന്റെ അരങ്ങേറ്റ മത്സരം കളിക്കാൻ അവസരം ലഭിച്ചു. ശേഷം ഒരു വർഷത്തിനിപ്പുറം തന്നെ മുംബൈ ഇന്ത്യൻസ് എന്നെ സ്വന്തമാക്കുകയും ചെയ്തു.”- നമൻ ദിർ പറയുന്നു.

തന്റെ മകന്റെ വളർച്ചയിൽ അങ്ങേയറ്റം അഭിമാനിക്കുന്ന നമന്റെ പിതാവ് നരേഷിന് പറയാനുള്ളത് മറ്റൊരു കഥയാണ്. “അവൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഞാൻ അവന്റെ സ്കൂളിലെത്തുകയും ക്രിക്കറ്റ് പരിശീലനത്തിനായി അവനെ കൊണ്ടുവരികയും ചെയ്യുമായിരുന്നു. ആ സമയത്ത് അവന്റെ പ്രിൻസിപ്പൽ പറഞ്ഞത് ഇങ്ങനെയാണ്. ‘ദീർ സാർ, നിങ്ങൾ അവന്റെ കരിയറാണ് നശിപ്പിക്കുന്നത്. ഫരീത്കോട്ട് ജില്ലയിൽ നിന്നും ആരുംതന്നെ പഞ്ചാബിനെ പ്രതിനിധീകരിച്ച് ക്രിക്കറ്റിൽ കളിച്ചിട്ടില്ല. ദയവു ചെയ്ത് ഇതു മറക്കൂ’. അന്ന് ആ ടീച്ചർ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ നമനോട് പറഞ്ഞത് ഒരു കാര്യം മാത്രമാണ്. ഒരിക്കൽ നീ സിക്സറുകൾ സ്വന്തമാക്കുന്ന ദൃശ്യം ടിവിയിൽ വരും. ആ സമയത്ത് ഇന്ന് കുറ്റം പറഞ്ഞവരൊക്കെയും അത് നോക്കി കൈയ്യടിക്കും.”- നരേഷ് അഭിമാനത്തോടെ കൂട്ടിച്ചേർക്കുന്നു.

Previous articleപ്രശ്നം പണമായിരുന്നില്ല, മറ്റൊരു കാരണം കൊണ്ടാണ് റിഷഭ് പന്ത് ടീം വിട്ടത്. ഡൽഹി ഓണർ പറയുന്നു.
Next articleSMAT 2024: കരുത്തരായ മുംബൈയെ തകർത്ത് കേരളം. സൽമാൻ നിസാർ – രോഹൻ വെടിക്കെട്ട്‌.