ഇംഗ്ലണ്ടിനെതിരെയുള്ള പുനംക്രമീകരിച്ച അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇംഗ്ലണ്ട് പേസര്‍മാരുടെ മുന്‍പില്‍ പിടിച്ചു നില്‍ക്കാനാവതെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വലഞ്ഞപ്പോള്‍ 98 ന് 5 എന്ന നിലയിലേക്ക് വീണു.
രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഓപ്പണ്‍ ചെയ്യാനെത്തിയ ചേത്വേശര്‍ പൂജാരയെയും (13) ശുഭ്മാന്‍ ഗില്ലിനെയും (17) മടക്കി ജയിംസ് ആന്‍ഡേഴ്സണാണ് ഇംഗ്ലണ്ടിനു മികച്ച തുടക്കം നല്‍കിയത്. ലഞ്ചിനു പിരിയുമ്പോള്‍ അധികം നഷ്ടമില്ലാതെ ഹനുമ വിഹാരിയും വീരാട് കോഹ്ലിയും എത്തിച്ചെങ്കിലും ലഞ്ചിനു ശേഷം പോട്സിന്‍റെ ഊഴമായിരുന്നു. ഹനുമ വിഹാരിയേയും വീരാട് കോഹ്ലിയേയും മാത്യൂ പോട്ട്സ് പുറത്താക്കി.
വിഹാരിയെ വിക്കറ്റിനു മുന്നില്‍ കുരുക്കിയപ്പോള്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയുടെ വിക്കറ്റ് നീര്‍ഭാഗ്യമായിരുന്നു. 25ാം ഓവറില്‍ മാത്യൂ പോട്സിന്‍റെ പന്ത് ലീവ് ചെയ്യണോ ഷോട്ട് അടിക്കണോ എന്ന ആശയകുഴപ്പത്തിലായി വീരാട് കോഹ്ലി. ലീവ് ചെയ്യാന്‍ കോഹ്ലി തീരുമാനിച്ചെങ്കിലും തീരുമാനം വൈകിയിരുന്നു. ഇന്‍സൈഡ് എഡ്ജായി സ്റ്റംപില്‍ കൊള്ളുകയായിരുന്നു. 19 പന്തില്‍ 2 ഫോര്‍ അടക്കം 11 റണ്‍സ് മാത്രമാണ് കോഹ്ലിക്ക് നേടാന്‍ കഴിഞ്ഞത്.
ഈ സീരിസില്‍ ഇതുവരെ തന്‍റെ മുദ്ര പതിപ്പിക്കാന്‍ വീരാട് കോഹ്ലിക്ക് കഴിഞ്ഞട്ടില്ലാ. 8 ഇന്നിംഗ്സില്‍ നിന്നായി 229 റണ്‍സാണ് നേടിയട്ടുള്ളത്. 2 അര്‍ദ്ധസെഞ്ചുറി നേടിയ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 55 ആണ്.