ബന്ധുവിന്‍റെ കടയില്‍ നിന്നും ഐപിഎല്ലിലേക്ക് എത്തി, അവിടെ നിന്നും ഇന്ത്യന്‍ ടീമിലേക്ക് എത്തിയ ചേതന്‍ സക്കറിയ സഞ്ചരിച്ചത് അധികം ആളുകള്‍ക്കും ഊഹിക്കാന്‍ പോലും പറ്റാത്ത സംഭവ വികാസങ്ങളിലൂടെ. 2021 ല്‍ രാജസ്ഥാനിലൂടെയാണ് ചേതന്‍ സക്കറിയ ഐപിഎല്ലില്‍ എത്തുന്നത്. 1.2 കോടി രൂപക്ക് രാജസ്ഥാന്‍ ഫ്രാഞ്ചൈസി സ്വന്തമാക്കുന്നതിനു മുന്‍പ് മൂന്നാഴ്ച മുമ്പ് ഇളയ സഹോദരൻ ആത്മഹത്യ ചെയ്തിരുന്നു. 2021 ഐപിഎല്‍ പകുതി വച്ച് സസ്പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ പിപിഈ കിറ്റ് ധരിച്ച് മരണത്തോട് മല്ലിട്ട് കിടന്ന അച്ഛനെ കാണുവാന്‍ എത്തി. ദിവസങ്ങള്‍ക്ക് ശേഷം അച്ഛന്‍ ലോകത്തോട് വിട പറഞ്ഞപ്പോള്‍ മറക്കാനാവത്ത ഓര്‍മ്മകളാണ് 2021 സമ്മാനിച്ചത്.
20 ലക്ഷം അടിസ്ഥാന വിലയായി എത്തിയ സക്കറിയക്കു വേണ്ടി ബാംഗ്ലൂരും രാജസ്ഥാനുമാണ് വാശിയേറിയ ലേലം നടത്തിയത്. അവസാനം രാജസ്ഥാന്‍ 1.2 കോടി രൂപക്ക് സ്വന്തമാക്കുകയായിരുന്നു. ❝എന്നാൽ ഐപിഎൽ കരാർ കിട്ടിയപ്പോൾ തന്നെ എല്ലാവരും ഞാന്‍ ആര് എന്ന് ചോദിക്കാൻ തുടങ്ങി. ഭാഗ്യവശാൽ, രാജസ്ഥാൻ റോയൽസിനായി ഞാൻ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി, എനിക്ക് അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല❞ സക്കറിയ പറഞ്ഞു.
ഇത്രയും വലിയ സ്റ്റേജില്‍ പെര്‍ഫോം ചെയ്യാന്‍ തന്നില്‍ ആത്മവിശ്വാസം പകര്‍ന്ന സഞ്ചു സാംസണിനെയും സക്കറിയ നന്ദിയോടെ ഓര്‍ക്കുകയാണ്. ❝ സഞ്ജു ഭയ്യയുമായുള്ള ഈ സംഭവം ഞാൻ വ്യക്തമായി ഓർക്കുന്നു. ഞാൻ ആദ്യമായി ടീമിൽ ചേരുമ്പോൾ, ഞങ്ങളുടെ ബയോ ബബിൾ മുംബൈയിലായിരുന്നു. എനിക്ക് ഒരു ഗെയിം ലഭിക്കുമെന്ന് ഞാൻ പോലും കരുതിയിരുന്നില്ല, എല്ലാവരും അവരവരുടെ കാര്യങ്ങള്‍ ചെയ്യുന്നത് നോക്കി സമയം ആസ്വദിക്കുകയായിരുന്നു. ❞
❝സഞ്ജു ഭയ്യ പെട്ടെന്ന് എന്നെ വിളിച്ചു, നിങ്ങൾ കളിക്കാൻ പോകുകയാണെന്നും ബൗൾ ചെയ്യുമ്പോൾ കുറച്ച് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പറഞ്ഞു. അന്നു രാത്രി ഉറങ്ങാൻ പ്രയാസമായിരുന്നെങ്കിലും ആ സംഭവം എന്നെ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിച്ചു. എന്നെ ഐപിഎൽ ജീവിതത്തിലേക്ക് കടക്കാൻ പ്രേരിപ്പിച്ച നിമിഷമായിരുന്നു അത് ❞ ചേതന്‍ സക്കറിയ സംഭവം ഓര്‍ത്തെടുത്തു.
ഐപിഎല്ലിന്‍റെ മെഗാ ലേലത്തിനു മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് ചേതന്‍ സക്കറിയയെ നിലനിര്‍ത്തിയിരുന്നില്ലാ. സഞ്ചു സാംസണ്‍, ജോസ് ബട്ട്ലര്‍, യശ്വസി ജയ്സ്വാള്‍ എന്നിവരെയാണ് ടീമില്‍ നിലനിര്‍ത്തിയത്. അതേ സമയം മെഗാ ലേലത്തിനു മുന്നോടിയായുള്ള ഷോര്‍ട്ട്ലിസ്റ്റില്‍ താരം ഇടം പിടിച്ചു.
❝കഴിഞ്ഞ ലേലം എന്റെ ജീവിതം മാറ്റിമറിച്ചു. എംഎസ് ധോണിക്ക് കീഴിൽ കളിക്കുക എന്നതാണ് എന്റെ സ്വപ്നം. നിരവധി ബൗളർമാരെ വളര്‍ത്താന്‍ അദ്ദേഹം സഹായിച്ചിട്ടുണ്ട്., എന്റെ ഗെയിമിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാൻ കഴിയും. ഏതൊരു ബൗളറുടെയും സ്വപ്നമാണ് ധോണി, അദ്ദേഹത്തിന് കീഴിൽ കളിക്കുകയും പഠിക്കുകയും ചെയ്യുക എന്നത് വളരെ നല്ലതായിരിക്കും. എനിക്ക് അവസരം ലഭിച്ചാൽ അദ്ദേഹത്തിന് കീഴിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ, ഏത് ടീമിൽ പോയാലും എന്റെ ഏറ്റവും മികച്ചത് ഞാൻ നൽകും ❞ സക്കറിയ പറഞ്ഞു.
ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ജേഴ്സി അണിയുക എന്നതാണ് സക്കറിയയുടെ ആഗ്രഹം.❝ എനിക്ക് ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയും വിവിധ ഫോര്‍മാറ്റില്‍ നിന്നു വിക്കറ്റുകള്‍ നേടണം. വിവിധ ഫോര്‍മാറ്റുകളില്‍ ഇന്ത്യയെ നയിക്കുക എന്നതാണ് എന്റെ സ്വപ്നം ❞ യുവതാരം പറഞ്ഞു നിര്‍ത്തി.