ലോകക്രിക്കറ്റിൽ ഏറ്റവും അധികം ആരാധകരെ സ്വന്തമാക്കിയ പ്രമുഖ ടീമുകളിലോന്നായിരുന്നു ഒരു കാലത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ടീം. ഇതിഹാസ ക്രിക്കറ്റ് താരങ്ങൾ അനവധി പിറവിയെടുത്ത ലങ്കൻ ക്രിക്കറ്റ് ടീം ഇന്ന് വളരെ അധികം തകർച്ചകളെ നേരിടുകയാണ് നിലവിൽ ദുർബല ടീമുകളോട് വരെ ദയനീയമായി മത്സരങ്ങൾ തോൽക്കുന്ന ലങ്കൻ ടീം ലോകകപ്പ് മത്സരങ്ങൾ കളിക്കുവാൻ പോലും യോഗ്യത നേടുമോ എന്നുള്ള ആശങ്കയിലാണ് ആരാധകരും. പല പ്രമുഖ ക്രിക്കറ്റ് താരങ്ങളുടെയും പെട്ടന്ന് സംഭവിച്ച വിരമിക്കലും ഒപ്പം ഉയർന്ന് വന്ന യുവ താരങ്ങൾക്ക് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുവാൻ കഴിയാതെ വന്നതുമാണ് ലങ്കൻ ക്രിക്കറ്റിന് ഏറെ തിരിച്ചടികൾ സമ്മാനിച്ചത്.
എന്നാൽ ഈ പ്രതിസന്ധികളിൽ നിന്നും രക്ഷപെടുവാനുള്ള പുതിയ മാർഗങ്ങൾ അന്വേഷിക്കുകയാണ് ലങ്കൻ ക്രിക്കറ്റ് ബോർഡ്. വരാനിരിക്കുന്ന ഇന്ത്യൻ ടീമിനെതിരായ പരമ്പരക്ക് ശേഷം ഏറെ നിർണായകമായ ഒരു തീരുമാനവും ലങ്കൻ ബോർഡ് കൈകൊള്ളുമെന്നാണ് സൂചന. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നടപ്പിലാക്കി വിജയിച്ച തന്ത്രമാണ് ലങ്കൻ ക്രിക്കറ്റ് ബോർഡും ഉപയോഗിക്കാൻ പദ്ധതികൾ തയ്യാറാക്കുന്നത്.ഇന്ത്യൻ അണ്ടർ 19, ഇന്ത്യൻ ടീമുകളെ എല്ലാം മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ് പരിശീലിപ്പിച്ച് യുവ താരങ്ങളെ ഏറെ മികവോടെ വളർത്തി കൊണ്ടുവരുന്ന രീതിയാണ് ലങ്കൻ ക്രിക്കറ്റ് ബോർഡും ഉദ്ദേശിക്കുന്നത്.
ലങ്കൻ ക്രിക്കറ്റ് ബോർഡ് പുതിയതായി അണ്ടർ 19 ടീമിനെ പരിശീലിപ്പിക്കാനും ഒപ്പം അവർക്ക് വെള്ളിവിളികളെ എല്ലാം നേരിടുവാനുള്ള എല്ലാ തയ്യാറെടുപ്പുകൾ നൽകാനുമായി മുൻ ശ്രീലങ്കൻ നായകൻ മഹേല ജയവർധനയെ നിയമിക്കുമെന്ന് ചില ലങ്കൻ ബോർഡ് പ്രതിനിധികൾ സൂചന നൽകുന്നുണ്ട്. നിലവിൽ ഐപിൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ ഹെഡ് കോച്ചാണ് മഹേല. താരത്തിന്റെ സേവനം ഭാവി ക്രിക്കറ്റിലും ഗുണകരമാകുമെന്നും ബോർഡ് വിശ്വസിക്കുന്നു.