ഐപിൽ പതിനഞ്ചാം സീസണിലെ ഏറ്റവും മികച്ച ആവേശപോരാട്ടത്തിൽ ലക്ക്നൗവിന് എതിരെ മൂന്ന് റൺസ് ജയം സ്വന്തമാക്കി സഞ്ജു സാംസണും ടീമും. അവസാന ഓവർ വരെ ആകാംക്ഷ നീണ്ടുനിന്ന മത്സരത്തിൽ യുവ പേസർ കുൽദീപ് സെൻ പോരാട്ടവുമാണ് രാജസ്ഥാൻ റോയൽസ് ടീമിന് സീസണിലെ മൂന്നാമത്തെ ജയം നൽകിയത്. വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത് എത്തി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച രാജസ്ഥാൻ ടീം 5 വിക്കറ്റുകൾ നഷ്ടത്തിൽ 165 റൺസ് അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ലക്ക്നൗ ടീമിന് അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 15 റൺസ്. എന്നാൽ ഐപിഎല്ലിൽ അരങ്ങേറ്റ മത്സരം കളിച്ച പേസർ കുൽദീപ് സെൻ മനോഹരമായി പന്തെറിഞ്ഞതോടെ ലക്ക്നൗ ജയപ്രതീക്ഷകൾ എല്ലാം അവസാനിച്ചു.
വെടിക്കെട്ട് ബാറ്റ്‌സ്മാനായ മാർക്കസ് സ്റ്റോനിസ് ക്രീസിൽ നിൽക്കേ അവസാന ഓവറിൽ 15 റൺസ് എളുപ്പം ലക്ക്നൗ ടീം നേടുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത് എങ്കിലും അവസാന ഓവറിൽ ക്യാപ്റ്റൻ തന്നെ ഏൽപ്പിച്ച ആത്മവിശ്വാസം കുൽദീപ് സെൻ പാലിച്ചു.അവസാന ഓവറിലെ ആദ്യത്തെ ബോളിൽ ആവേശ് ഖാൻ സിംഗിൾ നേടി സ്റ്റോനിസിനെ സ്ട്രൈക്കർ എൻഡിലേക്ക് എത്തിച്ചതോടെ ലക്ക്നൗ ടീം ഒരുവേള ജയം പ്രതീക്ഷിച്ചെങ്കിലും ശേഷിച്ച മൂന്ന് ബോളിൽ മനോഹരമായി പന്തെറിഞ്ഞ കുൽദീപ് സെൻ ജയം ടീമിന് സമ്മാനിച്ചു.
താരത്തിന്റെ തുടർച്ചയായ യോർക്കറുകളിൽ റൺസ് നേടാൻ സ്റ്റോനിസിന് കഴിയാതെ വന്നതോടെ സീസണിലെ മൂന്നാമത്തെ ജയം സഞ്ജു സാംസണും ടീമും ഉറപ്പിച്ചു. മൂന്നാമത്തെ തവണയാണ് രാജസ്ഥാൻ ടീം ഡിഫെൻഡ് ചെയ്ത് കളി ജയിക്കുന്നത്. മത്സരത്തിൽ നാല് ഓവറിൽ 35 റൺസ് മാത്രം വഴങ്ങിയ കുൽദീപ് സെൻ ഒരു വിക്കറ്റും വീഴ്ത്തി. ദീപക് ഹൂഡയുടെ വിക്കറ്റാണ് താരം നേടിയത്.