ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലങ്കൻ പര്യടനം വിജയത്തോടെ തുടങ്ങിയ ആവേശമാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർ സോഷ്യൽ മീഡിയ ചർച്ചകളിൽ അടക്കം പങ്കിടുന്നത്. ശ്രീലങ്ക ഉയർത്തിയ 263 റൺസ് എന്ന കുറ്റൻ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ അടിച്ചെടുത്തപ്പോൾ ഓപ്പണർ പൃഥ്വി ഷാ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ശിഖർ ധവാൻ എന്നിവരുടെ ബാറ്റിങ് പ്രകടനവും ശ്രദ്ധേയമായി. എന്നാൽ ഏറെ നാളത്തെ ഇടവേളക്ക് ശേഷം ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ വീണ്ടും ഒന്നിച്ച് ഇടം കണ്ടെത്തിയ കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചാഹൽ എന്നിവരുടെ പ്രകടനത്തിൽ കയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകമിപ്പോൾ.
ഇന്ത്യൻ ക്രിക്കറ്റിലെ ഭാഗ്യ സ്പിന്നർമാർ എന്ന വിശേഷണം കരസ്ഥമാക്കിയ ഇവർ ഇരുവരും 2019 ഏകദിന ലോകകപ്പിലെ ഇംഗ്ലണ്ടിന് എതിരായ മത്സരത്തിന് ശേഷം ഒന്നിച്ച് ഇതുവരെ കളിച്ചിട്ടില്ല. നീണ്ട രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ഇരുവരും പന്തെറിയുവാൻ ഒന്നിച്ചപ്പോൾ ആരാധകർക്കും ഇരട്ടി സന്തോഷം നൽകി മികച്ച പ്രകടനമാണ് കുൽദീപ് :ചാഹൽ സഖ്യം ആവർത്തിച്ചത്.മത്സരത്തിൽ രണ്ട് വിക്കറ്റ് വീതം ഇരുവരും വീഴ്ത്തി. ടെസ്റ്റ്, ഏകദിന, ടി :20 ടീമുകളിൽ നിന്നെല്ലാം പുറത്തായ കുൽദീപ് യാദവിന് പരമ്പര വളരെ പ്രധാനമാണ്.
എന്നാൽ ആരെയും അത്ഭുതപെടുത്തുന്ന ഒരു റെക്കോർഡിന് അവകാശികളാണ് രണ്ട് സ്പിന്നർമാരും. ഇരുവരും ഒന്നിച്ച് കളിച്ചപ്പോൾ എല്ലാം ഇന്ത്യൻ ടീമിന് ഏറെ പ്രധാന വിജയങ്ങൾ നേടുവാൻ കഴിഞ്ഞു എന്നതാണ് സത്യം.ഇന്ത്യക്കായി ഇവർ 34 ഏകദിന മത്സരങ്ങളിൽ ഒരുമിച്ച് തന്നെ കളിച്ചപ്പോൾ ഇരുവരും പങ്കാളികളായ 24 മത്സരത്തിലും ഇന്ത്യൻ ടീമിന് വിജയം നേടുവാൻ സാധിച്ചു.ചാഹലിന് ഒപ്പം കളിച്ച മത്സരങ്ങളിൽ 65 വിക്കറ്റ് വീഴ്ത്തുവാൻ സാധിച്ച കുൽദീപ് മുൻപ് തങ്ങൾ രണ്ട് പേരും ഒന്നിച്ച് പ്ലെയിങ് ഇലവനിൽ കളിച്ച് മുന്നേറുന്നതിലാണ് പല ആരാധകർക്കും സന്തോഷമെന്ന് വിശദീകരിച്ചിരുന്നു.