ഇന്ത്യൻ പ്രീമിയർ ലീഗ് 2023ലെ ബാംഗ്ലൂരിനെതിരായ ആദ്യ മത്സരത്തിൽ 81 റൺസിന്റെ വിജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത്. അങ്ങേയറ്റം ആവേശം നിറഞ്ഞ മത്സരത്തിൽ ശർദുൽ താക്കൂറിന്റെ ബാറ്റിംഗ് മികവും സുയാഷ് ശർമ്മയുടെയും വരുൺ ചക്രവർത്തിയുടെയും സുനിൽ നരേന്റെയും ബോളിംഗ് മികവുമായിരുന്നു കൊൽക്കത്തയെ വിജയത്തിലെത്തിച്ചത്. കൊൽക്കത്തയുടെ 2023 സീസണിലെ ആദ്യ വിജയമാണിത്.
മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊൽക്കത്തക്കായി ഓപ്പൺ ഗുർബാസ്(57) ക്രീസിൽ ഉറച്ചെങ്കിലും മറുവശത്ത് വിക്കറ്റുകൾ തുടർച്ചയായി നഷ്ടമായി. വെങ്കിടേഷ് അയ്യരും(3) മന്ദീപ് സിംഗും(0) നിതീഷ് റാണയും(1) ചെറിയ ഇടവേളയിൽ കൂടാരം കയറിയതോടെ കൊൽക്കത്ത തകരുകയായിരുന്നു. തങ്ങളുടെ ഇനിംസിൽ ഒരു നിമിഷം 89ന് 5 എന്ന നിലയിൽ കൊൽക്കത്ത തകരുകയുണ്ടായി. എന്നാൽ അവിടെനിന്ന് കൊൽക്കത്തയുടെ രക്ഷകനായി ശർദുൽ താക്കൂർ എത്തുകയായിരുന്നു. മത്സരത്തിൽ ബാംഗ്ലൂർ ബോളർമാരെ താക്കൂർ നാലുപാടും തൂക്കി. 29 പന്തുകളിൽ 68 റൺസ് ആണ് താക്കൂർ ഇന്നിംഗ്സിൽ നേടിയത്. 9 ബൗണ്ടറികളും മൂന്ന് സിക്സറുകളും താക്കൂറിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഈ മികവിൽ നിശ്ചിത 20 ഓവറുകളിൽ 204 എന്ന വമ്പൻ സ്കോറിൽ കൊൽക്കത്തയെത്തി.
മറുപടി ബാറ്റിംഗിൽ ബാംഗ്ലൂരിനെ മികച്ച തുടക്കം തന്നെയാണ് ഓപ്പണർമാരായ ഡുപ്ലസിയും കോഹ്ലിയും ചേർന്ന് നൽകിയത്. ആദ്യ വിക്കറ്റിൽ 44 റൺസ് കൂട്ടിച്ചേർക്കാൻ ഇരുവർക്കും സാധിച്ചു. എന്നാൽ ശേഷം കൊൽക്കത്തയുടെ സ്പിൻ ഇതിഹാസങ്ങൾ കളം നിറയുകയായിരുന്നു. കോഹ്ലിയെ(21) വീഴ്ത്തി സുനിൽ നരേയ്നാണ് വിക്കറ്റ് വേട്ട ആരംഭിച്ചത്. പിന്നാലെ വരുൺ ചക്രവർത്തി ഡുപ്ലസിയുടെ(23) കുറ്റിതെറിപ്പിച്ച് മികവു കാട്ടി. പിന്നീട് കാര്യങ്ങൾ കൊൽക്കത്തയ്ക്ക് എളുപ്പമായി മാറുകയായിരുന്നു. മധ്യനിര പൂർണമായും തകർന്നുവീണതോടെ ബാംഗ്ലൂർ പതറി. കൊൽക്കത്തക്കായി വരുൺ ചക്രവർത്തിയും 4ഉം സുയാഷ് ശർമ 3ഉം വിക്കറ്റുകൾ വീതം വീഴ്ത്തുകയുണ്ടായി.
മത്സരത്തിൽ 81 റൺസിന്റെ വിജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത്. ബാംഗ്ലൂരിനെ സംബന്ധിച്ച് വളരെ നിരാശാജനകമായ പ്രകടനം തന്നെയാണ് മത്സരത്തിൽ കാഴ്ചവച്ചത്. വളരെ മോശം നിലയിൽ നിന്നാണ് കൊൽക്കത്ത ബാംഗ്ലൂരിനെ അടിച്ചു തൂക്കി 204 എന്ന റൺസ് നേടിയത്. ഇത് സൂചിപ്പിക്കുന്നത് ബാംഗ്ലൂർ ബോളിംഗിന്റെ മൂർച്ചക്കുറവ് തന്നെയാണ്m വരുന്ന മത്സരങ്ങളിൽ ബാംഗ്ലൂർ ഇതിന് പരിഹാരം കാണുമെന്ന് തന്നെ പ്രതീക്ഷിക്കാം.