ന്യൂസിലാൻഡിനെതിരെ രണ്ടാം ടെസ്റ്റ് മത്സരത്തിലും ഇന്ത്യൻ ടീം പതറുന്ന കാഴ്ചയാണ് കാണുന്നത്. മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോൾ ഇന്ത്യ പൂർണമായും ബാക് ഫൂട്ടിലാണ്. ഇതിനോടകം തന്നെ തങ്ങളുടെ രണ്ടാം ഇന്നിങ്സിൽ 301 റൺസിന്റെ ലീഡ് സ്വന്തമാക്കാൻ കിവിസ് ടീമിന് സാധിച്ചിട്ടുണ്ട്.
വിജയം എന്നത് ഇന്ത്യയിൽ നിന്ന് ഒരുപാട് അകലുകയും ചെയ്തു. ആദ്യ ഇന്നിങ്സിലെ മോശം ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയെ മത്സരത്തിൽ വളരെ പിന്നോട്ടടിച്ചത്. ഇന്ത്യയുടെ സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും മോശം ബാറ്റിംഗ് പ്രകടനം തന്നെ ആദ്യ ഇന്നിങ്സിൽ കാഴ്ചവച്ചു. 9 പന്തുകൾ നേരിട്ട കോഹ്ലി ഒരു റൺ മാത്രമാണ് ഇന്നിങ്സിൽ നേടിയത്. ഇതിന് പിന്നാലെ കോഹ്ലിയെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ.
ഇന്ത്യയുടെ ടെസ്റ്റ് സീസണിന് മുമ്പായി വിരാട് കോഹ്ലി ആഭ്യന്തര ക്രിക്കറ്റ് കളിച്ച് പരിശീലിക്കണമായിരുന്നു എന്നാണ് മുൻ ഇന്ത്യൻ താരമായ അനിൽ കുംബ്ലെ പറഞ്ഞിരിക്കുന്നത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ സാന്റ്നറുടെ ഒരു ഫുൾടോസ് പന്തിൽ സ്വീപ്പ് ഷോട്ടിന് ശ്രമിക്കുകയായിരുന്നു കോഹ്ലി. ഇതിന് ശേഷം കോഹ്ലിയുടെ മോശം ഷോട്ടിനെ പറ്റിയും കുംബ്ലെ സംസാരിച്ചു.
ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ ഇറാനി കപ്പിലോ രഞ്ജി ട്രോഫിയിലോ കോഹ്ലി കളിച്ച് തന്റെ ദൗർബല്യം ഒഴിവാക്കണമായിരുന്നു എന്നാണ് കുംബ്ലെ ചൂണ്ടിക്കാട്ടുന്നത്. സ്പിൻ ബോളർമാർക്കെതിരെ കഴിഞ്ഞ കാലങ്ങളിൽ കോഹ്ലി നേരിടുന്ന ബുദ്ധിമുട്ടുകളെ പറ്റിയും കുംബ്ലെ സംസാരിച്ചു.
“വിരാട് കോഹ്ലിയെ കുറച്ചു നാളുകളായി ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് സ്പിൻ ബോളിംഗ്. സ്പിന്നർമാർക്കെതിരെ വലിയ ദൗർബല്യം കോഹ്ലിയ്ക്കുണ്ട്. മത്സരത്തിൽ ഇത് മുതലാക്കാൻ സാന്റ്നർക്ക് സാധിച്ചു. നെറ്റ്സിൽ പരിശീലനം നടത്തിയത് കൊണ്ട് മാത്രം ഇത്തരം ദൗർബല്യം മാറുകയില്ല. ആഭ്യന്തര ക്രിക്കറ്റിൽ കോഹ്ലി ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടിയിരുന്നു.”- കുംബ്ലെ പറയുന്നു. മത്സരത്തിൽ പുറത്തായതിന് ശേഷം വലിയ നിരാശയിലാണ് കോഹ്ലിയെ കാണപ്പെട്ടത്. മൈതാനത്ത് അല്പസമയം ബാറ്റ് കുത്തി തലകുനിച്ചിരുന്ന ശേഷമാണ് കോഹ്ലി മടങ്ങിയത്.
രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ ഇന്ത്യ വളരെ പരിതാപകരമായ അവസ്ഥയിലാണ്. ഇതിനോടകം തന്നെ ഇന്ത്യയ്ക്ക് മേൽ 301 റൺസിന്റെ രണ്ടാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കാൻ ന്യൂസിലാൻഡിന് സാധിച്ചിട്ടുണ്ട്.
മത്സരത്തിന്റെ മൂന്നാം ദിവസം പെട്ടെന്ന് തന്നെ ന്യൂസിലാൻഡിനെ പുറത്താക്കി മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചാലേ ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റ് മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സാധിക്കൂ. ആദ്യ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയം നേടിയ ന്യൂസിലാൻഡ് നിലവിൽ പരമ്പരയിൽ 1-0ന് മുൻപിലാണ്.