എനിക്ക് വേണ്ടി വലിയ ത്യാഗമാണ് കോഹ്ലി ചെയ്തത്. രണ്ടാം ടെസ്റ്റിലെ പ്രകടനത്തെപ്പറ്റി കിഷൻ

വിൻഡിസിനെതിരായ രണ്ടാമത്തെ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഒരു ബാസ്ബോൾ മോഡൽ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. 183 റൺസിന്റെ കൂറ്റൻ ലീഡ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ നേടുകയുണ്ടായി. അതിനുശേഷം രണ്ടാമത് ബാറ്റിംഗിനിറങ്ങുമ്പോൾ എത്രയും വേഗം റൺസ് കണ്ടെത്തുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. അതിനാൽ തന്നെ വെടിക്കെട്ട് പ്രകടനത്തോടെയാണ് ജയിസ്വാളും രോഹിത്തും ആരംഭിച്ചത്.

കേവലം 71 പന്തുകളിൽ നിന്നായിരുന്നു ഇരുവരും 98 റൺസിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് കെട്ടിപ്പടുത്തത്. എന്നാൽ ഇരുവരും പുറത്തായശേഷം വിരാട് കോഹ്ലി ക്രീസിലേത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ ഇഷാൻ കിഷനെ ഇന്ത്യ നാലാം നമ്പറിൽ ഇറക്കി അത്ഭുതം കാട്ടുകയായിരുന്നു. നല്ല സ്കോറിങ്‌ റേറ്റിൽ റൺസ് കണ്ടെത്തേണ്ട സമയത്ത് ഇഷാൻ കിഷനെ ഇറക്കിയത് ഇന്ത്യയ്ക്ക് ഗുണമായി മാറി.

നാലാം ദിവസത്തെ മത്സരത്തിനുശേഷം ഇതേപ്പറ്റി ഇഷാൻ കിഷൻ സംസാരിക്കുകയുണ്ടായി. വിരാട് കോഹ്ലിയും മറ്റു കളിക്കാനും തനിക്ക് ആവശ്യമായ പ്രചോദനം നൽകിയാണ് മൈതാനത്തേക്ക് ഇറക്കിയത് എന്ന് ഇഷാൻ കിഷൻ പറഞ്ഞു. “മത്സരത്തിൽ നേടിയ അർധസെഞ്ച്വറി എനിക്ക് വളരെ സ്പെഷ്യൽ ആയിരുന്നു. ആ സമയത്ത് എന്നിൽ നിന്ന് ടീം എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിനെപ്പറ്റി എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു.

എല്ലാവരും എനിക്ക് പിന്തുണ നൽകി. വിരാട് കോഹ്ലി എനിക്ക് പിന്തുണ നൽകുകയും എന്റേതായ രീതിയിൽ തന്നെ കളിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.”- കിഷൻ പറഞ്ഞു.

“എന്നെ നാലാം നമ്പറിൽ ഇറക്കാൻ കൂടുതൽ നിർബന്ധിച്ചത് വിരാട് കോഹ്ലിയായിരുന്നു. അദ്ദേഹമാണ് എന്നോട് ബാറ്റിംഗിനു ഇറങ്ങാൻ ആവശ്യപ്പെട്ടതും. ആ സമയത്ത് മൈതാനത്ത് ഒരു സ്ലോ ഇടങ്കയ്യൻ ബോളർ എറിയുന്നുണ്ടായിരുന്നു. അതിനാൽ തന്നെ ടീമിനെ സംബന്ധിച്ച് അത് വളരെ നല്ലൊരു തീരുമാനമായിരുന്നു. ചില സമയങ്ങളിൽ ഇത്തരം കോളുകൾ നമ്മൾ അംഗീകരിക്കേണ്ടതുണ്ട്.”- ഇഷാൻ കിഷൻ കൂട്ടിച്ചേർത്തു.

“നാലാം ദിവസം മഴയുടെ ഇടവേള ഉണ്ടായ സാഹചര്യത്തിൽ ഞങ്ങൾ ചില തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. 10-12 ഓവറുകൾ അതിനുശേഷം കളിക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്. ഈ ഓവറുകളിൽ 70-80 റൺസും നേടണമെന്നുണ്ടായിരുന്നു. ഞങ്ങൾക്ക് 370- 380 റൺസിന്റെ വിജയലക്ഷ്യമായിരുന്നു അവർക്ക് മുൻപിലേക്ക് വയ്ക്കേണ്ടത്.”- കിഷൻ പറഞ്ഞു.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 34 പന്തുകളിൽ 52 റൺസാണ് ഇഷാൻ കിഷൻ നേടിയത്. തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അർത്ഥസെഞ്ചുറിയാണ് കിഷൻ ഈ ഇന്നിംഗ്സിലൂടെ കുറിച്ചത്.