“ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ”. എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.

sky

മുംബൈ ഇന്ത്യൻസിന്റെ ബാംഗ്ലൂരിനെതിരായ മത്സരത്തിലെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് സൂര്യകുമാർ യാദവിന്റെ തട്ടുപൊളിപ്പൻ ഇന്നിംഗ്സ് ആയിരുന്നു. 2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ രണ്ടാം മത്സരം കളിക്കുന്ന സൂര്യകുമാർ യാദവ് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ കാഴ്ചവച്ചത്.

മത്സരത്തിൽ 19 പന്തുകൾ നേരിട്ട സൂര്യകുമാർ 52 റൺസാണ് നേടിയത്. ഇതോടെ മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ വിജയം സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചു. മത്സരത്തിലെ പ്രകടനത്തിന് ശേഷം സൂര്യകുമാർ യാദവിന് പ്രശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. സൂര്യകുമാർ യാദവ് എബി ഡിവില്ലിയേഴ്‌സിന്റെ ഒരു മെച്ചപ്പെട്ട വേർഷനാണ് എന്ന് ഹർഭജൻ പറയുകയുണ്ടായി.

താൻ നിലവിൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിൽ വലിയ സന്തോഷം തോന്നുന്നു എന്നാണ് ഹർഭജൻ പറഞ്ഞത്. അല്ലാത്ത പക്ഷം സൂര്യകുമാർ യാദവിനെ പോലെ ഒരു ബാറ്റർക്കെതിരെ എവിടെ താൻ പന്ത് എറിയുമെന്നും ഹർഭജൻ ചോദിക്കുന്നു.

“ഇപ്പോൾ സൂര്യകുമാർ യാദവ് ആധിപത്യം സ്ഥാപിക്കുന്നതുപോലെ മറ്റൊരു ബാറ്ററും ഇത്തരത്തിൽ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ഇത് അവിശ്വസനീയം തന്നെയാണ്. സൂര്യകുമാറിനെതിരെ എവിടെയാണ് നമ്മൾ ബോള്‍ ചെയ്യേണ്ടത്? എന്തായാലും ഞാനിപ്പോൾ ക്രിക്കറ്റിൽ ഇല്ലാത്തത് വളരെ നല്ല കാര്യമായി തോന്നുന്നു. എന്റെ ഈ പ്രായത്തിൽ ഞാൻ ഇത്തരമൊരു താരത്തിനെതിരെ എങ്ങനെ ബോൾ ചെയ്യാനാണ്.”- ഹർഭജൻ ചോദിക്കുന്നു.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

“എല്ലാത്തിനും ഉത്തരമുണ്ട് എന്നതാണ് സൂര്യകുമാർ യാദവിന്റെ പ്രത്യേകത. നമ്മൾ എവിടെ പന്തറിഞ്ഞാലും സൂര്യകുമാർ യാദവിന് അതിനെതിരെ പ്രതികരിക്കാൻ സാധിക്കും. ഒരു വൈഡ് യോർക്കർ ആണെങ്കിലും, ബൗൺസറാണെങ്കിലും സൂര്യകുമാർ യാദവിന് അത് സിക്സർ പായിക്കാൻ സാധിക്കും. സ്വീപ്പ് ഷോട്ട്, പുൾ ഷോട്ട്, അപ്പർകട്ട് തുടങ്ങി എല്ലാത്തരം ഷോട്ടുകളും കളിക്കാൻ സാധിക്കുന്ന ഒരു ഉഗ്രൻ ബാറ്റർ തന്നെയാണ് സൂര്യകുമാർ. വ്യത്യസ്ത തലത്തിലുള്ള ഒരു കളിക്കാരനായാണ് ഞാൻ സൂര്യകുമാറിനെ കാണുന്നത്.”- ഹർഭജൻ കൂട്ടിച്ചേർത്തു.

“നിലവിൽ സൂര്യകുമാർ യാദവ് വ്യത്യസ്ത ലീഗിലുള്ള ഒരു താരമാണ്. സൂര്യകുമാർ തിളങ്ങുന്ന ദിവസം മറ്റൊരു താരത്തിനും പിടിച്ചുനിൽക്കാൻ സാധിക്കില്ല. നമ്മൾ എബി ഡിവില്ലിയേഴ്‌സിനെ കണ്ടിട്ടുണ്ട്. അദ്ദേഹം അവിശ്വസനീയ താരമാണ്. പക്ഷേ ഞാൻ സൂര്യയെ കണ്ടു തുടങ്ങിയതിന് ശേഷം അവൻ എബിഡിയുടെ ഒരു മെച്ചപ്പെട്ട വേർഷനായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. തന്റെ ഫ്രാഞ്ചൈസിക്കായി ഒരുപാട് മത്സരങ്ങളിൽ വിജയം സ്വന്തമാക്കാൻ സൂര്യകുമാറിന് ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ട്.”- ഹർഭജൻ പറഞ്ഞു വയ്ക്കുന്നു.

Scroll to Top