തകർപ്പൻ സെഞ്ച്വറിയാണ് ന്യൂസിലാൻഡിനെതിരായ മൂന്നാം 20-20 മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ ശുബ്മാൻ ഗിൽ നേടിയത്. ഇപ്പോഴിതാ താരത്തെ പ്രശംസിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി. ഗില്ലിന്റെ സെഞ്ച്വറിയുടെ മികവിൽ നിർണായകമായ മൂന്നാം 20-20 മത്സരത്തിൽ ഇന്ത്യ തകർപ്പൻ വിജയം നേടിയിരുന്നു.
മത്സരത്തിൽ പുറത്താകാതെ 63 പന്തുകളിൽ നിന്നും 12 ഫോറും ഏഴ് സിക്‌സും ഉൾപ്പെടെ 126 റൺസ് ആണ് താരം നേടിയത്. 54 പന്തുകളിൽ നിന്നും താരം സെഞ്ചുറി പൂർത്തിയാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനും,20-20യിൽ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനുമാണ് ഗിൽ.
സുരേഷ് റെയ്ന, രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോഹ്ലി എന്നിവരാണ് മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യക്കു വേണ്ടി സെഞ്ചുറി നേടിയിട്ടുള്ള താരങ്ങൾ. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഗില്ലിനെ വിരാട് കോഹ്ലി പ്രശംസിച്ചത്. ഇന്ത്യയുടെ ഭാവി എന്നാണ് വിരാട് കോഹ്ലി പറഞ്ഞത്. ന്യൂസിലാൻഡിനെതിരെ 168 റൺസിന്റെ കൂറ്റം വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 235 റൺസ് വിജയലക്ഷ്യം നൽകിയപ്പോൾ മറുപടി ബാറ്റിംഗിൽ ന്യൂസിലാൻഡ് 66 റൺസിൽ ഓൾ ഔട്ടായി. നായകൻ ഹർദിക് പാണ്ഡ്യ നാലു വിക്കറ്റുകളും, ശിവം മാവി, ഉമ്രാൻ മാലിക്, അർഷദീപ് സിങ്ങ് എന്നിവർ രണ്ട് വിക്കറ്റുകളും വീതം നേടി. വിജയത്തോടെ പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കുകയായിരുന്നു.