ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഏകദിന ലോകകപ്പ് മത്സരത്തിൽ കെഎൽ രാഹുൽ വക ഒരു അത്ഭുത ക്യാച്ച്. മത്സരത്തിൽ ബംഗ്ലാദേശ് ബാറ്റർ മെഹദി ഹസൻ മിറാസിനെ പുറത്താക്കാനാണ് വിക്കറ്റ് കീപ്പർ രാഹുൽ ഒരു ബ്ലൈൻഡർ ക്യാച്ച് സ്വന്തമാക്കിയത്. മത്സരത്തിൽ ഒരു ശക്തമായ നിലയിൽ നിന്ന ബംഗ്ലാദേശിനെ സമ്മർദ്ദത്തിലാക്കാൻ മെഹദീ ഹസൻ മിറാസിന്റെ വിക്കറ്റിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല മത്സരത്തിൽ കൃത്യമായ ആധിപത്യം ഇന്ത്യയ്ക്ക് നേടിക്കൊടുക്കുന്നതിലും ഈ വിക്കറ്റ് സഹായകരമായി. മത്സരത്തിൽ ബംഗ്ലാദേശ് ഇന്നിംഗ്സിന്റെ 25ആം ഓവറിലാണ് ഈ കിടിലൻ ക്യാച്ച് പിറന്നത്.
മുഹമ്മദ് സിറാജ് ആയിരുന്നു 25ആം ഓവർ എറിഞ്ഞത്. ഓവറിലെ ആദ്യ പന്ത് ലെഗ് സൈഡിൽ ഒരു ലെങ്ത് ബോളായാണ് സിറാജ് എറിഞ്ഞത്. ആദ്യ കാഴ്ചയിൽ പന്ത് വൈഡാവും എന്ന് കരുതി. എന്നാൽ മെഹദി ഹസൻ മിറാസ് അത് ലെഗ് സൈഡിലേക്ക് ഫ്ലിക്ക് ചെയ്യാനാണ് ശ്രമിച്ചത്. ബാറ്റിന്റെ എഡ്ജിൽ കൊണ്ട് കീപ്പറെ മറികടന്ന് പന്ത് പോവുകയായിരുന്നു.
ഈ സമയത്താണ് ഒരു തകർപ്പൻ ഡൈവിംഗിലൂടെ കെഎൽ രാഹുൽ അത്ഭുത ക്യാച്ച് സ്വന്തമാക്കിയത്. ഒറ്റ കയ്യിലായിരുന്നു രാഹുലിന്റെ ഈ സ്വപ്ന ക്യാച്ച്. ഇതോടെ മത്സരത്തിൽ മെഹദി ഹസൻ മിറാസ് പുറത്താവുകയുണ്ടായി. 13 പന്തുകൾ നേരിട്ട മിറാസ് കേവലം 3 റൺസ് മാത്രമാണ് മത്സരത്തിൽ നേടിയത്.
മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ ആദ്യ സമയത്ത് ഇന്ത്യൻ ബോളർമാർക്കെതിരെ പ്രതിരോധാത്മകമായാണ് ബംഗ്ലാദേശ് ബാറ്റർമാർ കളിച്ചത്. എന്നാൽ പതിയെ ബംഗ്ലാദേശ് മത്സരത്തിൽ താളം കണ്ടെത്തുന്നതാണ് കാണാൻ സാധിച്ചത്. ആദ്യ വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ട് തന്നെ ബംഗ്ലാദേശിന്റെ ഓപ്പണർമാർ അവർക്ക് നൽകി. ആദ്യ വിക്കറ്റിൽ 93 റൺസാണ് ബംഗ്ലാദേശ് കൂട്ടിച്ചേർത്തത്. ശേഷം സ്പിന്നർ കുൽദീപ് യാദവ് ബോളിംഗ് ക്രീസിൽ എത്തിയതോടെയാണ് ബംഗ്ലാദേശ് ഓപ്പണർ തൻസീദ് ഹസൻ കൂടാരം കയറിയത്.
മത്സരത്തിൽ തൻസീദ് ഹസൻ 43 പന്തുകളിൽ 51 റൺസാണ് നേടിയത്. ഇതിന് പിന്നലെ ജഡേജയും സിറാജും വിക്കറ്റുകൾ കണ്ടെത്തിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു. കഴിഞ്ഞ 3 മത്സരങ്ങളിലും വമ്പൻ വിജയം സ്വന്തമാക്കിയ ഇന്ത്യയെ സംബന്ധിച്ച് ബംഗ്ലാദേശിനെയും കെട്ടുകെട്ടിക്കേണ്ടത് അത്യാവശ്യമാണ്. പൂനെയിലെ വളരെ മികച്ച ബാറ്റിംഗ് പിച്ചിൽ ബംഗ്ലാദേശിനെ 300ന് താഴെ ഒരു സ്കോറിൽ പിടിച്ചു കെട്ടുക എന്നതാണ് ഇന്ത്യൻ ബോളർമാരുടെ ലക്ഷ്യം.