റിസ്വാനോട് മൈതാനത്ത് നമസ്കരിക്കാൻ ആര് പറഞ്ഞു? പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡിനെതിരെ മുൻ പാക് താരം..

gettyimages

ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിനുശേഷം വീണ്ടും വിവാദങ്ങൾ ഉയരുകയാണ്. മത്സരത്തിൽ ഇന്ത്യൻ കാണികളുടെ ഭാഗത്ത് നിന്നുണ്ടായ വളരെ മോശം പെരുമാറ്റത്തിനും മൈതാനത്തെ പിന്തുണയില്ലായ്മയ്ക്കും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് പരാതി നൽകിയിരുന്നു. മത്സരം ഒരു ഐസിസി ടൂർണമെന്റായി തോന്നിയില്ലെന്നും ബിസിസിഐ നടത്തുന്ന ദ്വിരാഷ്ട്ര പരമ്പരയായാണ് തനിക്ക് തോന്നിയത് എന്നുമായിരുന്നു പാക് ക്രിക്കറ്റ് ടീമിന്റെ ഡയറക്ടർ മിക്കി ആർതർ മത്സരശേഷം വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.

മാത്രമല്ല പാക്കിസ്ഥാനായി സ്റ്റേഡിയത്തിൽ നിന്ന് യാതൊരു തര പിന്തുണയും ലഭിച്ചില്ല എന്നും ആർതർ പറഞ്ഞു. ഇക്കാര്യങ്ങളൊക്കെയും ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് പരാതി നൽകിയിരിക്കുന്നത്. എന്നാൽ ഇതിനെതിരെ ആഞ്ഞടിച്ച് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് പാക്കിസ്ഥാന്റെ തന്നെ മുൻ താരമായ ഡാനിഷ് കനേറിയയാണ്.

പാക്കിസ്ഥാൻ ആരാധകർക്ക് മത്സരം കാണാൻ അവസരം ലഭിക്കാതിരുന്നതും, മാധ്യമപ്രവർത്തകരെ ഒഴിവാക്കിതും അടക്കമുള്ള കാര്യങ്ങളാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പരാതിയിലുള്ളത്. ഇതിന് പിന്നാലെ ചില ചോദ്യങ്ങളാണ് ഡാനിഷ് കനേറിയ ഇപ്പോൾ ചോദിച്ചിരിക്കുന്നത്. “ആരാണ് പാക്കിസ്ഥാൻ മാധ്യമപ്രവർത്തകയായ സൈനബ് അബ്ബാസിനോട് ഇന്ത്യയ്ക്കും ഹിന്ദുക്കൾക്കുമെതിരെ സോഷ്യൽ മീഡിയയിൽ പ്രസ്താവനകൾ നടത്താൻ പറഞ്ഞത്? ആർതറോട് ഐസിസി പരിപാടിയല്ല ബിസിസിഐ പരിപാടിയാണ് എന്ന് പറയാൻ പറഞ്ഞത് ആരാണ്? മുഹമ്മദ് റിസ്വാനോട് മൈതാനത്ത് നമസ്കരിക്കാൻ പറഞ്ഞത് ആരാണ്? നമ്മൾ ശ്രമിക്കേണ്ടത് മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാനല്ല.”- കനേറിയ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ കുറിച്ചു.

Read Also -  പാണ്ഡ്യയെ എടുത്തു കളയണം, റിങ്കു ലോകകപ്പിൽ കളിക്കണം. നിർദ്ദേശവുമായി മുൻ പാക് താരം.

മത്സരത്തിനുശേഷം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ഏറ്റവുമധികം ചൊടിപ്പിച്ചത് ഇന്ത്യൻ ആരാധകരുടെ പെരുമാറ്റം തന്നെയായിരുന്നു. മത്സരത്തിൽ മുഹമ്മദ് റിസ്വാൻ പുറത്തായി പവലയിനിലേക്ക് പോകുന്ന സമയത്ത് ഇന്ത്യൻ ആരാധകർ ജയ് ശ്രീരാം എന്ന മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയുണ്ടായി. എന്നാൽ ഇത്തരം കാര്യങ്ങളിൽ പാക്കിസ്ഥാൻ ഐസിസിക്ക് പരാതി നൽകുമെന്ന് പലരും കരുതിയിരുന്നില്ല. മാത്രമല്ല മൈതാനത്തെ പാക്കിസ്ഥാൻ ടീമിന് വളരെ കുറച്ച് ആരാധക പിന്തുണ മാത്രമാണ് ലഭിച്ചത്.

മത്സരത്തിൽ ടോസ് സമയത്ത് ഇന്ത്യൻ മുൻ താരം രവി ശാസ്ത്രി പാക് ക്യാപ്റ്റൻ ബാബർ അസമിന്റെ പേര് വിളിച്ചപ്പോൾ കാണികൾ കൂവലോടെ ആയിരുന്നു സ്വീകരിച്ചത്. മത്സരത്തിനിടെ പാക് പേസർ ഹാരിസ് റോഫ് ശ്രേയസ് അയ്യർക്ക് നേരെ ബോൾ വലിച്ചെറിഞ്ഞപ്പോഴും ഗ്യാലറിയിൽ നിന്ന് കാണികൾ കൂവി വിളിച്ചിരുന്നു. മാത്രമല്ല പാകിസ്താന്റെ പ്രശസ്തമായ ഗാനം “ദിൽ ദിൽ പാക്കിസ്ഥാൻ” മൈക്രോഫോണിലൂടെ തനിക്ക് കേൾക്കാൻ സാധിച്ചില്ലന്നും ഡയറക്ടർ മിക്കി ആർതർ വാർത്താ സമ്മേളനത്തിൽ പറയുകയുണ്ടായി. എന്തായാലും വരും ദിവസങ്ങളിൽ ഇതേ സംബന്ധിച്ചുള്ള കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നത് ഉറപ്പാണ്.

Scroll to Top