രാജസ്ഥാൻ റോയൽസിന്റെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി നേടി ജയസ്വാൾ. രാജസ്ഥാനായി ഓപ്പണിങ്ങിറങ്ങി മുംബൈയുടെ എല്ലാ ബോളർമാരെയും അടിച്ചുതകർത്താണ് ജയസ്വാൾ മത്സരത്തിൽ സെഞ്ച്വറി നേടിയത്. 53 പന്തുകളിൽ നിന്നായിരുന്നു ജയസ്വാളിന്റെ തകർപ്പൻ സെഞ്ച്വറി. ജയസ്വാളിന്റെ ഈ മികച്ച പ്രകടനത്തിന്റെ ബലത്തിൽ ആദ്യ ഇന്നിങ്സിൽ മികച്ച സ്കോറിലെത്താൻ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. മുൻപ് പലപ്പോഴും 50ന് മുകളിൽ റൺസ് നേടാൻ സാധിച്ചിട്ടും മൂന്നക്കം കാണാൻ സാധിക്കാതെ വന്നതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേട്ട ക്രിക്കറ്ററാണ് ജയസ്വാൾ. ഇപ്പോൾ എല്ലാത്തിനുമുള്ള കടം വീട്ടിയിരിക്കുകയാണ് ജയസ്വാൾ ഈ തകർപ്പൻ ഇന്നിങ്സോടെ.
മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് ജയസ്വാൾ രാജസ്ഥാന് നൽകിയത്. ആദ്യ ഓവറുകളിൽ ജോസ് ബട്ലർ(18) വമ്പനടികൾക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പക്ഷേ മറുവശത്ത് ജയസ്വാൾ അടിച്ചു തകർത്തു. ജോസ് ബട്ലർ പുറത്തായ ശേഷമെത്തിയ സഞ്ജു സാംസനും മികച്ച രീതിയിൽ തുടങ്ങിയെങ്കിലും ഇന്നിംഗ്സ് മുൻപോട്ടു കൊണ്ടുപോകാൻ സാധിച്ചില്ല. 10 പന്തുകളിൽ 14 റൺസ് മാത്രമായിരുന്നു സഞ്ജു സാംസൺ നേടിയത്. ഇങ്ങനെ ഒരു വശത്ത് രാജസ്ഥാൻ തകർന്നടിയുമ്പോഴാണ് മറുവശത്ത് ജയസ്വാൾ തകർപ്പൻ ഇന്നിംഗ്സ് കെട്ടിപ്പടുത്തത്.
മറ്റു ബാറ്റർമാരൊക്കെയും മുംബൈ ബോളർമാരെ അടിച്ചകറ്റാൻ നന്നെ വിഷമിച്ചപ്പോൾ ജയസ്വാൾ അനായാസം ബൗണ്ടറി നേടുകയായിരുന്നു. കേവലം 53 പന്തുകളിൽ നിന്നാണ് തന്റെ മാജിക് സെഞ്ചുറിയിൽ ജയസ്വാൾ എത്തിയത്. 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നുതന്നെയാണ് വാങ്കഡെ സ്റ്റേഡിയത്തിൽ പിറന്നത്. രാജസ്ഥാന്റെ മറ്റു ബാറ്റർമാരാരും മത്സരത്തിൽ തിളങ്ങിയില്ലെങ്കിലും ഈ മികച്ച ബാറ്റിംഗിന്റെ ബലത്തിൽ രാജസ്ഥാൻ സ്കോർ കുതിക്കുകയായിരുന്നു.
മത്സരത്തിൽ 62 പന്തുകളിൽ 124 റൺസ് ആണ് ജയസ്വാൾ നേടിയത്. ഇന്നിംഗ്സിൽ 16 ബൗണ്ടറികളും 8 സിക്സറുകളും ഉൾപ്പെട്ടു. കഴിഞ്ഞ മത്സരത്തിലും മികച്ച ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു ജയസ്വാൾ കാഴ്ചവച്ചത്. ഈ സെഞ്ച്വറി രാജസ്ഥാനെ സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകൾ നൽകുന്നുണ്ട്. സെഞ്ചുറി നേടിയതിനുശേഷം ജയസ്വാൾ കാഴ്ചവെച്ച വമ്പൻഷോട്ടുകൾ രാജസ്ഥാനെ മത്സരത്തിൽ മികച്ച നിലയിൽ എത്തിക്കാൻ സഹായകരമായി. നിശ്ചിത 20 ഓവറുകളിൽ 212 റൺസാണ് രാജസ്ഥാൻ മത്സരത്തിൽ നേടിയത്.
മത്സരത്തിലെ രാജസ്ഥാന്‍റെ ടോപ്പ് സ്കോററാണ് യശ്വസി ജയസ്വാള്‍. തൊട്ടു പിന്നില്‍ മുംബൈ ബോളര്‍മാര്‍ തന്ന 25 എക്സ്ട്രാസാണ് രാജസ്ഥാന്‍റെ രണ്ടാമത്തെ ടോപ്പ് സ്കോറര്‍.