വീണ്ടും ബാറ്റിങ്ങിൽ തോറ്റ് സഞ്ജു. ലോകകപ്പ് കളിക്കുക എന്ന പ്രതീക്ഷ അസ്തമിക്കുന്നോ ?

വീണ്ടും ഇന്ത്യൻ പ്രീമിയർ ലീഗിൽ നിരാശപ്പെടുത്തി സഞ്ജു സാംസൺ. മുംബൈ ഇന്ത്യൻസിനെതിരെ വാങ്കടയിൽ നടന്ന രാജസ്ഥാന്റെ മത്സരത്തിലും മികച്ച തുടക്കം ലഭിച്ചിട്ട് അതു മുതലെടുക്കാൻ സാധിക്കാതെ സഞ്ജു സാംസൺ മടങ്ങുന്നതാണ് കണ്ടത്. മത്സരത്തിന്റെ എട്ടാം ഓവറിൽ പീയൂഷ് ചൗളയുടെ പന്തിൽ ജോസ് ബട്ലർ പുറത്താവുകയായിരുന്നു. അതിനുശേഷമാണ് സഞ്ജു സാംസൺ ക്രീസിലെത്തിയത്. ആദ്യ പന്തിൽ തന്നെ ചൗളയെ ഒരു കിടിലൻ സിക്സർ പറത്തിയാണ് സഞ്ജു സാംസൺ ആരംഭിച്ചത്. അതിനാൽതന്നെ സഞ്ജു ഒരു മികച്ച ഇന്നിങ്സ് മത്സരത്തിൽ കളിക്കുമെന്ന് എല്ലാവരും കരുതി.

ശേഷം അടുത്ത ഓവറിൽ സ്പിന്നർ കാർത്തികേയയെ സ്കൂപ് ചെയ്ത് ഒരു കിടിലൻ ബൗണ്ടറിയും സഞ്ജു നേടിയിരുന്നു. ഇതോടെ സഞ്ജുവിന്റെ സ്കോറിങ് വർദ്ധിച്ചു. പക്ഷേ ഇന്നിങ്സിലെ പത്താം ഓവറിൽ സഞ്ജു കൂടാരം കയറുകയാണ് ഉണ്ടായത്. അർഷദ് എറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് ലെഗ് സൈഡിലേക്ക് ഫ്ലിക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു സഞ്ജു. എന്നാൽ താൻ വിചാരിച്ചതിനപ്പുറം ബാറ്റിൽ കൊണ്ട പന്ത് നേരെ ചെന്നു വീണത് തിലക് വർമ്മയുടെ കൈകളിലേക്ക് ആയിരുന്നു. ഇതോടെ സഞ്ജു കൂടാരം കയറി.

മത്സരത്തിൽ 10 പന്തുകളിൽ 14 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. വളരെ നിരാശാജനകമായ പ്രകടനമാണ് സഞ്ജു ഈ മത്സരത്തിലും കാഴ്ചവച്ചിരിക്കുന്നത്. കഴിഞ്ഞ മത്സരങ്ങളിലും മികച്ച തുടക്കം ലഭിച്ചിട്ടും വലിയ ഇന്നിങ്സ് കളിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. 2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് കയറിപ്പറ്റാൻ ശ്രമിക്കുന്ന സഞ്ജുവിനെ സംബന്ധിച്ച് വളരെ ദയനീയമായ ഇന്നിംഗ്സുകളാണ് നിലവിൽ കാഴ്ചവയ്ക്കുന്നത്. എന്തായാലും വരും മത്സരങ്ങളിൽ സഞ്ജു തിരിച്ചു വരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശേഷം തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ഓപ്പണർമാരായ ജെയിസ്വാളും ജോസ് ബട്ലറും രാജസ്ഥാന് നൽകിയത്. ജോസ് ബട്ലറിന് തന്റെ ഇന്നിംഗ്സ് മികച്ച രീതിയിൽ തുടങ്ങാൻ സാധിച്ചില്ലെങ്കിലും, ജയിസ്വാളിന് ആവശ്യമായ പിന്തുണ നൽകാൻ സാധിച്ചിരുന്നു. ബട്ലർ മത്സരത്തിൽ 19 പന്തുകളിൽ 18 റൺസാണ് നേടിയത്. എന്നാൽ മറുവശത്ത് ജെയിസ്വാൾ അടിച്ചു തൂക്കുന്നതാണ് കാണാൻ സാധിച്ചത്. പവർപ്ലെയിൽ പൂർണമായും ജെയിസ്വാളിന്റെ താണ്ഡവം തന്നെ വാങ്കടയിൽ കാണാൻ സാധിച്ചു.