2023 ഏകദിന ലോകകപ്പിൽ ഇതുവരെ വളരെ മികച്ച പ്രകടനങ്ങൾ തന്നെയാണ് ഇന്ത്യ കാഴ്ച വെച്ചിട്ടുള്ളത്. ഇതുവരെ ഈ ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ മറ്റൊരു ടീമിനും സാധിച്ചിട്ടില്ല. മാത്രമല്ല ആദ്യ അഞ്ചു മത്സരങ്ങളിൽ വിജയം നേടിയതോടെ ഇന്ത്യ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് നിലനിൽക്കുന്നത്.
മറ്റു ടീമുകളൊക്കെയും ടൂർണമെന്റിലെ ഒരു മത്സരത്തിലെങ്കിലും ഇതുവരെ പരാജയമറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അടുത്ത വിജയങ്ങളോടുകൂടി ഇന്ത്യ സെമി ഫൈനലിൽ സ്ഥാനം ഉറപ്പിക്കും എന്നത് ഏറെക്കുറെ നിശ്ചയമായി കഴിഞ്ഞു. ഈ സാഹചര്യത്തിൽ തന്റെ അഭിപ്രായങ്ങൾ അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ താരം ശിഖർ ധവാൻ.
സെമി ഫൈനലിൽ എത്തുന്ന ടീമുകളെ പറ്റിയുള്ള തന്റെ പ്രവചനമാണ് ശിഖർ ധവാൻ നടത്തിയിരിക്കുന്നത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് എന്നീ ടീമുകൾ അടുത്ത റൗണ്ടിലേക്ക് അനായാസം കടക്കും എന്ന് ശിഖർ ധവാൻ കരുതുന്നു. മാത്രമല്ല ഈ ടീമുകളിൽ ഏതെങ്കിലും ഒരെണ്ണം സെമി കാണാതെ പുറത്തായാൽ അത് തന്നെ ഒരുപാട് അത്ഭുതപ്പെടുത്തുമെന്നും ശിഖർ ധവാൻ പറയുന്നുണ്ട്. നെതർലൻഡ്സിനെതിരായ ഓസ്ട്രേലിയയുടെ വമ്പൻ വിജയത്തിന് ശേഷമാണ് ശിഖർ ധവാൻ തന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്.
“ലോകകപ്പിലെ എല്ലാ മത്സരങ്ങളും പോയിന്റ്സ് ടേബിളിൽ വ്യത്യാസങ്ങൾ വരുത്തി കൊണ്ടിരിക്കുകയാണ്. ഇന്ത്യ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ സെമിഫൈനലിൽ സ്ഥാനം കണ്ടെത്തും എന്നാണ് ഞാൻ കരുതുന്നത്. ഇപ്പോൾ നടക്കുന്നത് നാലാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരമാണ്. അതിനായി വലിയ നെറ്റ് റൺറേറ്റ് നേടാനും ടീമുകൾ ശ്രമിക്കുന്നുണ്ട്.
ഇന്ത്യ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളിൽ ഏതെങ്കിലുമൊന്ന് സെമിഫൈനലിൽ യോഗ്യത നേടാതെ പുറത്തായാൽ അത് വലിയൊരു ഷോക്ക് തന്നെയായിരിക്കും. എന്താണ് നിങ്ങൾ ആലോചിക്കുന്നത്? ഇതേ സംബന്ധിച്ചുള്ള നിങ്ങളുടെ ചിന്തകൾ എന്താണ്?”- ശിഖർ ധവാൻ കുറിച്ചു.
ഞായറാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ അടുത്ത മത്സരം നടക്കുന്നത്. മത്സരത്തിൽ വിജയം നേടിയാൽ ഇന്ത്യ സെമിഫൈനൽ ഏകദേശം ഉറപ്പിക്കും. വലിയ ടീമുകളെ നേരിട്ട് കഴിഞ്ഞതിനാൽ തന്നെ ഇന്ത്യയ്ക്ക് വലിയ ഭീഷണികൾ ഇതിനുശേഷം ഉണ്ടാവില്ല. എന്നിരുന്നാലും നിലവിൽ ലോകകപ്പിൽ അട്ടിമറികൾ നടക്കുന്നതിനാൽ കരുതിയിരിക്കേണ്ടതുണ്ട്.
നിലവിൽ ഓസ്ട്രേലിയ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളാണ് പോയിന്റ്സ് ടേബിളിൽ നാലാം സ്ഥാനം കയ്യടക്കാനായി മത്സരിക്കുന്നത്. ഇതിൽ ഉയർന്ന നെറ്റ് റൺറേറ്റ് ഉള്ളത് ഓസ്ട്രേലിയയ്ക്കാണ്. കഴിഞ്ഞ മത്സരങ്ങളിലെ ഓസ്ട്രേലിയയുടെ പ്രകടനവും അതിഗംഭീരമായിരുന്നു.