ഇംഗ്ലണ്ടിന് ശ്രീലങ്ക വക “എപ്പിക് ഷോക്ക്”. നാലാം പരാജയം. ചാമ്പ്യൻമാർ പുറത്തേക്ക്??

englanc ben stokes cwc 2023

വീണ്ടും ചാമ്പ്യൻ ടീമിനെ മലർത്തിയടിച്ച് ശ്രീലങ്ക. ഏകദിന ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 8 വിക്കറ്റുകളുടെ പടുകൂറ്റൻ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. മത്സരത്തിൽ 24.2 ഓവറുകൾ ബാക്കി നിൽക്കവെയായിരുന്നു ശ്രീലങ്കയുടെ ഈ വമ്പൻ വിജയം. 2019 ലെ ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനേറ്റ കനത്ത തിരിച്ചടി തന്നെയാണ് ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ ഈ വമ്പൻ പരാജയം. മത്സരത്തിൽ ശ്രീലങ്കയ്ക്കായി ബോളിങ്ങിൽ ലഹിരു കുമാര, ഏയ്‌ഞ്ചലോ മാത്യൂസ്, രജിത എന്നിവരാണ് മികവ് പുലർത്തിയത്. ബാറ്റിംഗിൽ ഓപ്പണർ നിസംഗയും സമരവിക്രമയും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ അനായാസം ശ്രീലങ്ക വിജയം സ്വന്തമാക്കുകയായിരുന്നു.

ലോകകപ്പിലെ 25ആം മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം തന്നെയാണ് ബെയർസ്റ്റോയും(30) മലനും(28) നൽകിയത്. എന്നാൽ ഏറെക്കാലം ശ്രീലങ്കയ്ക്കായി കളിക്കാതിരുന്ന എയ്ഞ്ചലോ മാത്യൂസ് ബോളിംഗ് ക്രീസിലെത്തിയതോടെ മത്സരം മാറിമറിഞ്ഞു. മാത്യുസിനെ നേരിടുന്നതിൽ ഇംഗ്ലണ്ട് ആദ്യം തന്നെ പരാജയപ്പെട്ടു. പിന്നാലെ ശ്രീലങ്കയുടെ മറ്റു ബോളർമാരും മികവ് പുലർത്തിയതോടെ ഇംഗ്ലണ്ട് ബാറ്റിംഗ് നിര തകരുകയായിരുന്നു. 43 റൺസ് നേടിയ സ്റ്റോക്ക്സ് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ അല്പമെങ്കിലും പൊരുതാൻ ശ്രമിച്ചത്. മറ്റു ബാറ്റർമാർ പരാജയമായി മാറിയപ്പോൾ അടിയറവ് പറയുന്ന ഇംഗ്ലണ്ട് ടീമിനെയാണ് കാണാൻ സാധിച്ചത്.

See also  അവസാന ഓവറില്‍ പഞ്ചാബിനു വിജയിക്കാന്‍ 29 റണ്‍സ്. ഹൈദരബാദ് വിജയിച്ചത് 2 റണ്‍സിനു

മറുവശത്ത് ശ്രീലങ്കയ്ക്കായി വളരെ മികച്ച ബോളിംഗ് പ്രകടനമാണ് താരങ്ങളൊക്കെയും കാഴ്ചവച്ചത്. മത്സരത്തിൽ ലഹിരു കുമാര 35 റൺസ് വിട്ടുനൽകി 3 വിക്കറ്റുകൾ സ്വന്തമാക്കി. മാത്യൂസ് 5 ഓവറുകളിൽ 14 റൺസ് റൺസ് മാത്രം വിട്ടുനൽകി 2 വിക്കറ്റുകൾ സ്വന്തമാക്കി. ഒപ്പം രജിതയും 2 വിക്കറ്റുകൾ സ്വന്തമാക്കിയതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സ് കേവലം 156 റൺസിൽ അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് കുശാൽ പെരേരയുടെയും(4) കുശാൽ മെൻഡിസിന്റെയും(11) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. കേവലം 23 റൺസ് നേടുന്നതിനിടയിൽ ഇരുവരും കൂടാരം കയറുകയായിരുന്നു.

പക്ഷേ പിന്നീട് ഓപ്പൺ നിസംഗയും സമരവിക്രമയും ക്രീസിലുറച്ചതോടെ ശ്രീലങ്ക വിജയത്തിലേക്ക് ചുവട് വച്ചു. വളരെ സൂക്ഷ്മതയോടെ ഇംഗ്ലണ്ട് ബോളർമാരെ നേരിട്ടാണ് ഇരുബാറ്റർമാരും മത്സരത്തിൽ മികവ് പുലർത്തിയത്. നിസ്സംഗ മത്സരത്തിൽ 83 പന്തുകളിൽ 77 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 2 ബൗണ്ടറികളും 2 സിക്സറും ഉൾപ്പെട്ടു. സമരവിക്രമ 54 പന്തുകളിൽ 65 റൺസ് നേടി. 7 ബൗണ്ടറികളും ഒരു സിക്സറുമാണ് സമരവിക്രമയുടെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നത്. ഇങ്ങനെ മത്സരത്തിൽ ശ്രീലങ്ക 8 വിക്കറ്റുകൾക്ക് വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീം ടൂർണമെന്റിൽ പുറത്താകലിന്റെ പടിവാതിലിൽ എത്തിയിട്ടുണ്ട്.

Scroll to Top