“കോഹ്ലി ഇനിയും 3 വർഷങ്ങൾ കളിക്കണം, പക്ഷേ രോഹിത്…”- രവി ശാസ്ത്രി പറയുന്നു..

ബോക്സിങ്‌ ഡേ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലും വിരാട് കോഹ്ലിയും രോഹിത് ശർമയും ബാറ്റിംഗിൽ പരാജയപ്പെടുകയാണ് ഉണ്ടായത്. ഇരു താരങ്ങൾക്കും മത്സരത്തിന്റെ രണ്ടാമത്തെ ഇന്നിംഗ്സിൽ രണ്ടക്കം കാണാൻ സാധിച്ചില്ല. ഇരുവരും പുറത്തായതോടെ മത്സരത്തിൽ ഇന്ത്യ 33 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ തകരുകയും ചെയ്തു. ഈ സമയത്ത് ഇന്ത്യയുടെ മുൻ ഹെഡ് കോച്ച് രവി ശാസ്ത്രീയോട് കമന്റ്റ്റർ മാർക്ക് നിക്കോളാസ് കോഹ്ലിയുടെയും രോഹിതിന്റെയും ഭാവിയെ സംബന്ധിച്ച് സംസാരിക്കുകയുണ്ടായി. രോഹിത് ശർമയും വിരാട് കോഹ്ലിയും തങ്ങളുടെ വിരമിക്കൽ പ്രഖ്യാപിക്കേണ്ട സമയമായോ എന്ന് മാർക്ക് നിക്കോളാസിന്റെ ചോദ്യത്തിന് രവി ശാസ്ത്രി പറഞ്ഞിരിക്കുന്ന മറുപടിയാണ് ഇപ്പോൾ ശ്രദ്ധയമായിരിക്കുന്നത്.

വിരാട് കോഹ്ലി ഇനിയും 3-4 വർഷങ്ങൾ കൂടി ഇന്ത്യൻ ടീമിൽ കളിക്കുമെന്നും എന്നാൽ രോഹിത്തിന്റെ ടീമിലെ ഭാവിയെപ്പറ്റി അവൻ തന്നെയാണ് അവസാന തീരുമാനം എടുക്കേണ്ടതെന്നും ശാസ്ത്രി പറഞ്ഞു. “വിരാട് കോഹ്ലി ഇനിയും കുറച്ചുനാൾ കൂടി കളിക്കും എന്നാണ് ഞാൻ കരുതുന്നത്. മത്സരത്തിൽ അവൻ ഔട്ടായ രീതിയൊക്കെ മറന്നേക്കൂ. ഇനിയൊരു 3-4 വർഷങ്ങൾ കൂടി അവന് ഇന്ത്യൻ ടീമിൽ തുടരാൻ സാധിക്കും. പക്ഷേ രോഹിത് ശർമയുടെ കാര്യം ഇങ്ങനെയല്ല. ഇക്കാര്യത്തിൽ രോഹിത്താണ് ഒരു അവസാന തീരുമാനം എടുക്കേണ്ടത്. മുൻനിരയിൽ കളിക്കുമ്പോൾ രോഹിത്തിന്റെ ഫുട് വർക്ക് പഴയതുപോലെ അത്ര മികച്ചതായി തോന്നുന്നില്ല. ബോളിനെ നേരിടുന്ന സമയത്ത് രോഹിത്തിന് പിഴവുകൾ വരുന്നു. പരമ്പരയ്ക്ക് ശേഷം അവൻ തന്റെ ഭാവിയെ പറ്റി ഒരു തീരുമാനം കൈക്കൊള്ളണമെന്നാണ് ഞാൻ കരുതുന്നത്.”- ശാസ്ത്രി പറഞ്ഞു.

മത്സരത്തിൽ രോഹിതിനെ പുറത്താക്കിയത് ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ആയിരുന്നു. രോഹിത് ഒരു ഫ്ലിക്ക് ഷോട്ട് കളിക്കുകയും ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് ഗളിയിൽ നിന്ന ഫീൽഡർ മിച്ചൽ മാർഷിന്റെ കൈകളിൽ എത്തുകയുമാണ് ചെയ്തത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇത് ആറാമത്തെ തവണയാണ് കമ്മിൻസ് രോഹിത്തിനെ പുറത്താക്കുന്നത്. 40 പന്തുകൾ നേരിട്ട രോഹിത്തിന് 9 റൺസ് മാത്രമാണ് മത്സരത്തിൽ നേടാൻ സാധിച്ചത്. മത്സരത്തിൽ രോഹിത് പുറത്തായ രീതിയെപ്പറ്റിയും ശാസ്ത്രി സംസാരിക്കുകയുണ്ടായി.

“ഇതാണ് അവൻ പുറത്തായ രീതി. രോഹിത് ശർമ തന്റെ പ്രതാപ കാലത്തിലായിരുന്ന സമയത്ത് ഇത്തരത്തിൽ ആയിരുന്നില്ല പന്തുകളെ നേരിടുന്നത്. പന്ത് പിച്ച് ചെയ്യുന്ന ഭാഗത്തേക്ക് രോഹിത് ഫ്രണ്ട് ഫുട് കൂടുതൽ അടുപ്പിച്ചിരുന്നു. എന്നാൽ ഇവിടെ ഫ്രണ്ട് ഫുട് കൃത്യമായ രീതിയിൽ ഉപയോഗിക്കാൻ രോഹിത്തിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ബാറ്റ് ബോളിന്റെ അടുത്തേക്ക് പോകുമ്പോൾ രോഹിത് തന്റെ ശരീരത്തിൽ നിന്ന് ഒരുപാട് അകലെ ബോളിനെ നേരിടേണ്ടി വരുന്നു. മാത്രമല്ല ഓസ്ട്രേലിയ മികച്ച രീതിയിൽ രോഹിത്തിനെതിരെ പന്ത് എറിയുകയും ചെയ്തു. ആക്രമണപരമായ ബോളിംഗാണ് അവർ രോഹിത്തിനെതിരെ പുറത്തെടുത്തത്. അവരുടെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനമാണ് കണ്ടത്.”- ശാസ്ത്രി കൂട്ടിച്ചേർത്തു.