ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പര്യടനം ക്രിക്കറ്റ് ആരാധകർക്ക് എല്ലാം സമ്മാനിച്ചത് വളരെ മനോഹരമായ ഒരുപിടി നല്ല ഓർമകളാണ്. പുതുമുഖ താരങ്ങൾ പലരും ഇന്ത്യൻ ടീമിനായും ശ്രീലങ്കക്കായും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചപ്പോൾ ഏകദിന പരമ്പര ഇന്ത്യയും ടി :20 പരമ്പര ശ്രീലങ്കയും കരസ്ഥമാക്കി. ടി :20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ ജയിച്ച് ശ്രീലങ്ക ചരിത്ര പരമ്പര നേടിയപ്പോൾ ക്രിക്കറ്റ് പ്രേമികൾ എല്ലാം ചർച്ചയാക്കി മാറ്റുന്നത് ഇന്ത്യൻ ടീമിന്റെ ബാറ്റിംഗിലെ മോശം പ്രകടനമാണ്.ബാറ്റിങ്ങിൽ ടീം നായകൻ ശിഖർ ധവാനും മലയാളി താരം സഞ്ജു സാംസനുമാണ് ഏറെ നിരാശ സമ്മാനിച്ചത്.
ഏകദിന പരമ്പരയിലും പിന്നാലെ ടി :ട്വന്റി പരമ്പരയിലെ എല്ലാ മത്സരങ്ങളിലും പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ച സഞ്ജു പക്ഷേ പ്രതീക്ഷിച്ച പ്രകടനം ബാറ്റിങ്ങിൽ പുറത്തെടുത്തില്ല.മൂന്ന് ടി :20 മത്സരങ്ങളിൽ നിന്നും 34 റൺസ് മാത്രം സഞ്ജു അടിച്ചെടുത്തപ്പോൾ താരത്തിന്റെ ആശ്രദ്ധമായ ബാറ്റിങ് ശൈലിയും ഏറെ വിമർശനം ക്ഷണിച്ചുവരുത്തി.
എന്നാൽ സഞ്ജുവിന്റെ ബാറ്റിംഗിലുള്ള ആരാധകരുടെ അതൃപ്തിക്ക് വളരെ കൃത്യമായ മറുപടി നൽകുകയാണ് ടീം ഇന്ത്യയെ ലങ്കയിൽ പരിശീലിപ്പിച്ച മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ്. സഞ്ജുവിന്റെ പ്രകടനത്തിലുള്ള തന്റെ അഭിപ്രായം വിശദമാക്കിയ ദ്രാവിഡ് പക്ഷേ സഞ്ജുവിനെ സ്‌പോർട്ട് ചെയ്ത് സംസാരിച്ചു. ഏകദിന പരമ്പരയിൽ സഞ്ജുവിന് ലഭിച്ച മികച്ച തുടക്കം അവൻ ഉപയോഗിച്ചില്ല എന്നും ദ്രാവിഡ് തുറന്ന് പറഞ്ഞു.
“സഞ്ജു മാത്രമല്ല പരമ്പരയുടെ ഭാഗമായ പല യുവ താരങ്ങളും അവരുടെ വിവിധ പ്രകടനത്തിൽ നിരാശരായിരിക്കും. നാം ടി :20 പരമ്പരയിൽ കളിച്ചത് വളരെയേറെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽ തന്നെയാണ്. സഞ്ജുവിന് അവന്റെ ആദ്യ ഏകദിനത്തിൽ മികച്ച തുടക്കമാണ് ലഭിച്ചത്. അവസാന രണ്ട് ടി :20 കൾ നടന്ന പിച്ചകളിൽ റൺസ് നേടുകയെന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. സഞ്ജു മാത്രമല്ല മറ്റുള്ളവരും ഇപ്പോൾ ടി :20 പരമ്പരയെ വിശകലനം ചെയ്‌താൽ നിരാശരായിരിക്കും “ദ്രാവിഡ് തന്റെ നിലപാട് വ്യക്തമാക്കി