ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പര്യടനം കേവലം ദിവസങ്ങൾക്ക് ശേഷം ആരംഭിക്കുകയാണ്. മൂന്ന് ട്വന്റി20 മത്സരങ്ങളും, മൂന്ന് ഏകദിനങ്ങളും, രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിക്കാൻ ഒരുങ്ങുന്നത്. ഇതിൽ ടെസ്റ്റ് പരമ്പര തന്നെയാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത്. കഴിഞ്ഞ രണ്ടു തവണ ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കളിച്ചപ്പോഴും പരാജയമായിരുന്നു ഫലം.
എന്നാൽ ഈ ചരിത്രം ഇത്തവണ മാറ്റി കുറിക്കാനാണ് രോഹിതും സംഘവും ശ്രമിക്കുന്നത്. നിലവിൽ ടെസ്റ്റ് മത്സരങ്ങളിൽ വളരെ മികച്ച ടീം തന്നെയാണ് ദക്ഷിണാഫ്രിക്ക. ഇങ്ങനെയുള്ളപ്പോൾ ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടിൽ പരാജയപ്പെടുത്തുക എന്നത് അല്പം പ്രയാസമേറിയ കാര്യമാണ് എന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം ജാക് കാലിസ് പറയുകയുണ്ടായി.
ഇന്ത്യ മികച്ച ടീമാണെങ്കിലും ദക്ഷിണാഫ്രിക്കയിൽ അവരെ തോൽപ്പിക്കുക എന്നത് അത്ര അനായാസം ആയിരിക്കില്ല എന്നാണ് കാലിസ് പറയുന്നത്. “വളരെ മികച്ച ഇന്ത്യൻ ടീമാണ് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. പക്ഷേ ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടിൽ പരാജയപ്പെടുത്തുക എന്നത് അല്പം ബുദ്ധിമുട്ടാണ്. സെഞ്ചുറിയൻ പിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് വളരെ യോജിച്ചതാണ്.
ന്യൂലാൻഡ്സിലെ പിച്ച് ഇന്ത്യയെയാവും അനുകൂലിക്കുക. എന്തായാലും വളരെ മികച്ച ഒരു പരമ്പര തന്നെയാവും നടക്കാൻ പോകുന്നത്. ഒരുപക്ഷേ മത്സരഫലം നിർണയിക്കുന്നത് ഒന്നോ രണ്ടോ സെഷനായിരിക്കും. ആ സെഷനിൽ വളരെ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഒരു ടീം വിജയം നേടും. എന്തായാലും ഒരു കലാശ പോരാട്ടം തന്നെ ടെസ്റ്റ് പരമ്പരയിൽ കാണാം.”- കാലിസ് പറഞ്ഞു.
ഒപ്പം നിലവിലെ ക്രിക്കറ്റ് സാഹചര്യങ്ങളെ പറ്റിയും കാലിസ് സംസാരിക്കുകയുണ്ടായി. ഇപ്പോൾ ക്രിക്കറ്റിൽ ഓൾറൗണ്ടർമാരുടെ സാന്നിധ്യം വളരെ കുറവാണ് എന്ന് കാലിസ് പറയുന്നു. പ്രധാനമായും ക്രിക്കറ്റ് മത്സരങ്ങളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന ഗണ്യമായ വർദ്ധനമാണ് ഇതിന് കാരണം എന്നാണ് കാലിന്റെ അഭിപ്രായം. എന്തുകൊണ്ടാണ് ഇത്ര ഗണ്യമായി ഓൾറൗണ്ടർമാർ കുറഞ്ഞത് എന്ന് കാലിസ് പറയുകയുണ്ടായി.
“അതൊരു വളരെ ബുദ്ധിമുട്ടുള്ള ചോദ്യം തന്നെയാണ്. എല്ലാദിവസവും ഓരോ ഓൾ റൗണ്ടർമാർ ഉണ്ടാവുകയില്ല. ചരിത്രമെടുത്ത് പരിശോധിച്ചാലും, ഒരുപാട് ഓൾ റൗണ്ടർമാർ ഉണ്ടായിട്ടില്ല. മാത്രമല്ല ഇന്ന് എല്ലാ താരങ്ങളും ഒരുപാട് മത്സരങ്ങൾ കളിക്കുന്നുണ്ട്. അതും ഓൾ റൗണ്ടർമാരുടെ എണ്ണത്തിൽ കുറവ് വരാൻ ഒരു കാരണമാണ്.”- കാലിസ് കൂട്ടിച്ചേർത്തു.
ഡിസംബർ 10നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്. ഡിസംബർ 26നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റ് സെഞ്ചുറിയനിൽ നടക്കുന്നത്. ശേഷം ജനുവരി മൂന്നിന് കേപ്ടൗണിലാണ് അവസാന ടെസ്റ്റ് നിശ്ചയിച്ചിരിക്കുന്നത്. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വലിയൊരു അവസരം തന്നെയാണ് മുൻപിലുള്ളത്. എങ്ങനെയും ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വലിയ സഹായകരമായി മാറും.