കളിക്കിടെ ശ്രീശാന്തും ഗംഭീറും തമ്മിലടി. ഗംഭിർ ആരെയും ബഹുമാനം ഇല്ലാത്തവനെന്ന് ശ്രീശാന്ത്.

gambhir and sreesanth

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിനിടെ മുൻ ഇന്ത്യൻ താരങ്ങളായ ശ്രീശാന്തും ഗൗതം ഗംഭീറും തമ്മിൽ മൈതാനത്ത് വാക്പോര്. ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ ഗുജറാത്ത് ജയന്റ്സും ഇന്ത്യ ക്യാപ്പിറ്റൽസും തമ്മിൽ നടന്ന മത്സരത്തിനിടയിലാണ് ഇരുവരും തമ്മിൽ മൈതാനത്ത് പോരാടിയത്. മത്സരത്തിൽ ശ്രീശാന്ത് എറിഞ്ഞ പന്തിൽ ഒരു സിക്സറും ഒരു ബൗണ്ടറിയും നേടാൻ ഗംഭീറിന് സാധിച്ചിരുന്നു.

ശേഷം ശ്രീശാന്ത് ഗംഭീറിനെ തുറിച്ചു നോക്കുകയും, ഗംഭീർ തിരിച്ചു പ്രതികരിക്കുകയും ചെയ്തു. പിന്നാലെയാണ് മൈതാനത്ത് ഇവരും തമ്മിൽ വാക്പോരിൽ ഏർപെട്ടത്. ഇരുവരെയും അമ്പയറും താരങ്ങളും ചേർന്ന് പിടിച്ചു മാറ്റുകയായിരുന്നു. ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിട്ടുണ്ട്.

മുൻപും ഇത്തരത്തിൽ വലിയ വിവാദങ്ങൾ ഉണ്ടാക്കിയിട്ടുള്ള താരമാണ് ഗൗതം ഗംഭീർ. മൈതാനത്ത് വിരാട് കോഹ്ലി അടക്കമുള്ളവർക്കെതിരെ വലിയ രീതിയിലുള്ള പ്രതികരണങ്ങൾ ഗംഭീർ നടത്തിയിട്ടുണ്ട്. ഈ വിഷയത്തിലും തെറ്റ് ഗംഭീറിന്റെ ഭാഗത്താണ് എന്ന് ശ്രീശാന്ത് പറയുകയുണ്ടായി. “ഗംഭീറുമായി മൈതാനത്ത് എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി എനിക്ക് പറയണമെന്നുണ്ട്. ഗംഭീർ എല്ലായിപ്പോഴും തന്റെ സഹതാരങ്ങളോടടക്കം ഇത്തരത്തിൽ തർക്കങ്ങളിൽ ഏർപ്പെടുന്ന ആളാണ്. ഒരു കാര്യവുമില്ലാതെ ആളുകളോട് അയാൾ തട്ടിക്കയറും.

വിരു ഭായിയെ പോലെയുള്ള സീനിയർ കളിക്കാരോട് പോലും യാതൊരുതര ബഹുമാനവും ഗംഭീറിനില്ല. അതാണ് ഇന്നും സംഭവിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ അയാൾ എന്നെ തുടർച്ചയായി മോശം പേര് വിളിക്കുകയായിരുന്നു. ഒരിക്കലും ഗംഭീറിനെ പോലെ ഒരാൾ പറയാൻ പാടില്ലാത്ത വാക്കുകളാണ് അയാൾ എന്നോട് പറഞ്ഞത്.”- ശ്രീശാന്ത് പറയുന്നു.

Read Also -  "നിങ്ങൾ തഴയുംതോറും, അവൻ ഉദിച്ചുയരും".. എല്ലാവരെയും പിന്നിലാക്കി സഞ്ജു ലോകകപ്പിലേക്ക്..

“ഇക്കാര്യത്തിൽ ഞാൻ തെറ്റുകാരനല്ല. ഇക്കാര്യം എനിക്ക് എല്ലാവരോടും പറയണമെന്നുണ്ടായിരുന്നു. ഗംഭീർ എന്താണ് മൈതാനത്ത് ചെയ്തത് എന്ന് അധികം താമസിയാതെ എല്ലാവരും അറിയും. അദ്ദേഹം മൈതാനത്ത് ഉപയോഗിച്ച വാക്കുകളും, ചെയ്ത കാര്യങ്ങളും ഒരുതരത്തിലും ആർക്കും അംഗീകരിക്കാൻ സാധിക്കില്ല. എന്റെ കുടുംബവും എന്റെ സംസ്ഥാനവും ആരും അത് അംഗീകരിക്കില്ല. എല്ലാവരുടെയും പിന്തുണയോട് കൂടിയാണ് ഞാൻ ഈ പോരിന് തയ്യാറാവുന്നത്. ഇപ്പോൾ ഒരു കാര്യവുമില്ലാതെ എന്നെ പിന്നോട്ടടിക്കുക എന്നതാണ് ഇവരുടെയൊക്കെ ലക്ഷ്യം. ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ് അയാൾ പറഞ്ഞത്. എന്താണ് അയാൾ പറഞ്ഞത് എന്ന് ഞാൻ ഉറപ്പായും നിങ്ങളോട് പറയും.”- ശ്രീശാന്ത് കൂട്ടിച്ചേർത്തു.

“നിങ്ങൾ നിങ്ങളുടെ സഹതാരങ്ങളെ ബഹുമാനിക്കുന്നില്ലെങ്കിൽ, മറ്റൊരു വിഭാഗം ആളുകളെ പ്രതിനിധീകരിക്കുന്നതിന് അർത്ഥമെന്ത്? ബ്രോഡ്കാസ്റ്റിംഗിന്റെ സമയത്ത് അദ്ദേഹത്തോട് ആരെങ്കിലും വിരാട് കോഹ്ലിയെ കുറിച്ച് ചോദിച്ചാൽ ഒരിക്കലും അയാൾ വിരാട് കോഹ്ലിയെ കുറിച്ച് പറയില്ല. അയാൾ മറ്റെന്തെങ്കിലും കാര്യം പറയും. അക്കാര്യത്തിൽ അധികം വിശദീകരണത്തിലേക്ക് ഞാൻ പോകുന്നില്ല. അയാളുടെ വാക്കുകൾ എനിക്ക് വലിയ രീതിയിൽ വേദനയുണ്ടാക്കി. എന്റെ കുടുംബത്തിനും എന്റെ സ്നേഹിതർക്കും അത് വേദനയുണ്ടാക്കും. ഞാൻ അയാളോട് ഒരു മോശം വാക്കോ ചീത്ത വാക്കോ പറഞ്ഞിട്ടില്ല. എന്നോട് അയാൾ അതുമാത്രമാണ് പറഞ്ഞത്.”- ശ്രീശാന്ത് പറഞ്ഞു വയ്ക്കുന്നു.

Scroll to Top