2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ താര മെഗാലേലം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഒരുപാട് റൂമറുകളാണ് പുറത്തുവരുന്നത്. 2024 ഐപിഎല്ലിൽ ഏറ്റവുമധികം മോശം തീരുമാനങ്ങൾ കൈക്കൊണ്ട ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസായിരുന്നു. ഐപിഎല്ലിലെ ഇതിഹാസ നായകനായ രോഹിത് ശർമയെ ഒഴിവാക്കി ഹർദിക് പാണ്ഡ്യയെ മുംബൈ കഴിഞ്ഞ സീസണിൽ നായകനാക്കി.
ഇതിന് പിന്നാലെ വലിയ വിമർശനങ്ങൾ ടീമിനെതിരെ ഉണ്ടായി. മാത്രമല്ല കളിക്കളത്തിൽ ടീം വളരെ മോശം പ്രകടനവുമാണ് കാഴ്ചവച്ചത്. ശേഷം 2025 ഐപിഎൽ സീസണിന് മുന്നോടിയായി രോഹിത് ശർമ മുംബൈ ടീം വിടുമെന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ രോഹിത് ശർമയെ വിട്ടുനൽകാൻ മുംബൈ ഇപ്പോഴും തീരുമാനിച്ചിട്ടില്ല എന്നാണ് ഒരു പ്രമുഖ വാർത്താമാധ്യമം ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ മുംബൈ ടീമിന്റെ നട്ടെല്ലായി തന്നെയാണ് രോഹിത് ശർമയെ ഫ്രാഞ്ചൈസി കാണുന്നത്. മുംബൈ ഫ്രാഞ്ചൈസിയെ 5 തവണ കിരീടത്തിൽ എത്തിച്ച നായകൻ കൂടിയാണ് രോഹിത് ശർമ. ഈ സാഹചര്യത്തിൽ എന്തു വിലകൊടുത്തും രോഹിത്തിനെ നിലനിർത്താനാണ് ഫ്രാഞ്ചൈസി തയ്യാറാവുന്നത്.
പ്രമുഖ ക്രിക്കറ്റ് ജേണലിസ്റ്റായ രോഹിത് ജഗ്ലാനാണ് ഇതേ സംബന്ധിച്ചുള്ള വിവരം പുറത്തുവിട്ടിരിക്കുന്നത്. ഈ വാർത്ത സത്യമാണെങ്കിൽ മുംബൈ ഇന്ത്യൻസ് ആരാധകരെ സംബന്ധിച്ചും രോഹിത് ശർമ ആരാധകരെ സംബന്ധിച്ച് വലിയൊരു ആശ്വാസം തന്നെയാണ്.
2025 ഐപിഎല്ലിൽ രോഹിത് ശർമ ഡൽഹി ക്യാപിറ്റൽസ് ടീമിലേക്കോ ലക്നൗ സൂപ്പർ ജയൻ ടീമിലേക്കോ ചേക്കേറും എന്നായിരുന്നു മുൻപ് പുറത്തുവന്ന വിവരങ്ങൾ. ഇതിനായി ഇരു ഫ്രാഞ്ചൈസികളും വമ്പൻ തുക തന്നെ മാറ്റിവെച്ചിട്ടുണ്ട് എന്ന റൂമറുകളും പുറത്തുവന്നിരുന്നു.
പക്ഷേ ഈ വാർത്തകളെയൊക്കെയും നിഷ്പ്രഭമാക്കി കൊണ്ടാണ് പുതിയ റിപ്പോർട്ട് പുറത്തുവരുന്നത്. 2024 ഐപിഎല്ലിലെ പരാജയം മുംബൈ ഇന്ത്യൻസിനെ ഒരുപാട് പാഠം പഠിപ്പിച്ചിട്ടുണ്ട് എന്നത് ഉറപ്പാണ്. അതിനാൽ രോഹിത് ശർമയെ വിട്ടുനൽകാൻ മുംബൈ ഒരിക്കലും തയ്യാറാവില്ല എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അതേസമയം രോഹിത് ശർമയെ മുംബൈ തങ്ങളുടെ നായകനായി തന്നെ നിലനിർത്തുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ സീസണിൽ നായകൻ എന്ന നിലയിൽ വളരെ മോശം പ്രകടനമായിരുന്നു ഹർദിക് പാണ്ഡ്യ കാഴ്ചവെച്ചത്. പക്ഷേ ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കായി തട്ടുപൊളിപ്പൻ പ്രകടനം കാഴ്ചവയ്ക്കാൻ ഹർദിക് പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഹർദിക്കിന് മുംബൈ ഇനിയും നായകൻ എന്ന നിലയിൽ കൂടുതൽ അവസരങ്ങൾ നൽകാനും ചാൻസുണ്ട്. അങ്ങനെയെങ്കിൽ കേവലം ഒരു ബാറ്ററായി മാത്രമാവും രോഹിത് ശർമ മുംബൈ ടീമിൽ അണിനിരക്കുക.