ആന്ദ്രേ റസലിനെ കൊൽക്കത്ത ഒഴിവാക്കുന്നു. നിലനിർത്തുന്നത് 4 താരങ്ങളെ.

2025 ഐപിഎല്ലിന് മുന്നോടിയായി തങ്ങളുടെ സൂപ്പർതാരം ആൻദ്രേ റസലിനെ വിട്ടുനൽകാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. വളരെ വർഷങ്ങളായി കൊൽക്കത്തക്കായി തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെക്കുന്ന റസലിനെ 2025 മെഗാലേലത്തിന് മുന്നോടിയായി ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് ഒരു പ്രമുഖ വാർത്താമാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

ഐപിഎല്ലിന്റെ പതിനെട്ടാം സീസണ് മുന്നോടിയായി 4 താരങ്ങളെ മാത്രമാണ് ഇത്തവണ കൊൽക്കത്ത നിലനിർത്താൻ ശ്രമിക്കുന്നത് എന്നാണ് റിപ്പോർട്ട്. നായകൻ ശ്രേയസ് അയ്യരെ കൊൽക്കത്ത നിലനിർത്തുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.

സൂപ്പർ ഓൾറൗണ്ടറായ സുനിൽ നരെയ്നെയാണ് കൊൽക്കത്ത തങ്ങളുടെ നിലനിർത്തൽ പ്രക്രിയയിലെ ആദ്യ താരമായി തിരഞ്ഞെടുത്തിരിക്കുന്നത്. മധ്യനിര ബാറ്റർ റിങ്കൂ സിംഗിനെ രണ്ടാം സ്പോട്ടിൽ നിലനിർത്താനാണ് കൊൽക്കത്ത ഉദ്ദേശിക്കുന്നത്. സ്പിന്നറായി വരുൺ ചക്രവർത്തിയെയാവും കൊൽക്കത്ത നിലനിർത്തുന്ന മൂന്നാമത്തെ താരം. ഒപ്പം അൺക്യാപ്ഡ് വിഭാഗത്തിൽ ഹർഷിദ് റാണയെയും കൊൽക്കത്ത നിലനിർത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ അവസാന ട്വന്റി20 മത്സരത്തിൽ ഹർഷിത് റാണയെ ടീമിലേക്ക് തിരഞ്ഞെടുത്തിരുന്നു. എന്നാൽ ചില ആരോഗ്യ പ്രശ്നങ്ങൾ മൂലം താരത്തെ ഒഴിവാക്കുകയായിരുന്നു.

എന്നിരുന്നാലും നായകൻ ശ്രേയസ് അയ്യരെ ടീം നിലനിർത്തുമോ എന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഇതുവരെ പുറത്തുവന്നിട്ടില്ല. ഐപിഎല്ലിലെ മറ്റൊരു ഫ്രാഞ്ചൈസി ശ്രേയസ് അയ്യർക്ക് വലിയൊരു ഓഫർ വച്ചിട്ടുണ്ട് എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതേ സമയം കൊൽക്കത്ത റസലിനെ കൈവിടുന്നത് വലിയ ഞെട്ടലോടെയാണ് സാമൂഹ്യ മാധ്യമങ്ങൾ നോക്കിക്കാണുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഒക്കെയും കൊൽക്കത്ത ടീമിന്റെ മാച്ച് വിന്നറായിരുന്നു ആൻഡ്ര റസൽ. 2024 ഐപിഎല്ലിൽ കൊൽക്കത്ത കിരീടം നേടിയപ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചിരുന്നു.

ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകനായതോടെ, പകരക്കാരനായി ഡ്വെയ്ൻ ബ്രാവോയെയാണ് ഇത്തവണ കൊൽക്കത്ത തങ്ങളുടെ മെന്ററായി നിശ്ചയിച്ചിരിക്കുന്നത്. ഇതുവരെ ഐപിഎല്ലിൽ പ്രകടനങ്ങൾ കൊണ്ട് അമ്പരപ്പിച്ച താരമാണ് ബ്രാവോ. മാത്രമല്ല 2024 ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ പരിശീലകനായി വലിയ വിജയം സ്വന്തമാക്കാനും ബ്രാവോയ്ക്ക് സാധിച്ചിരുന്നു. ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ സെമിഫൈനലിൽ എത്തിക്കാനും ബ്രാവോയ്ക്ക് സാധിച്ചു. ഇത്തരത്തിൽ തന്നെ കൊൽക്കത്ത ടീമിനായും ബ്രാവോ അത്ഭുതങ്ങൾ കാട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്.

Previous articleഓസ്ട്രേലിയയ്ക്കെതിരെ അവൻ ടീമിൽ വേണ്ടിയിരുന്നു. എംഎസ്കെ പ്രസാദ്.