അശ്വിനെ തിരിച്ചുപിടിക്കാൻ ചെന്നൈ, മറ്റൊരു ലക്ഷ്യം ഷമി. ലേലത്തിന് മുമ്പ് വമ്പൻ തന്ത്രങ്ങൾ.

csk ipl 2024

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 മെഗാ ലേലത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളിലാണ് 10 ടീമുകളും. കൃത്യമായ രീതിയിൽ തങ്ങളുടെ താരങ്ങളെ നിലനിർത്താനും പുതിയ താരങ്ങളെ കണ്ടെത്താനുമുള്ള ചർച്ചകൾ ഓരോ ഫ്രാഞ്ചൈസികളും തുടരുകയാണ്. ഇന്ത്യൻ എക്സ്പ്രസ്സിന്റെ റിപ്പോർട്ട് പ്രകാരം ഒരു ഫ്രാഞ്ചൈസിയ്ക്ക് 5 താരങ്ങളെ നിലനിർത്താനുള്ള അവസരമാണ് ഇത്തവണ ബിസിസിഐ നൽകുന്നത്.

മാത്രമല്ല റൈറ്റ് ടു മാച്ച് കാർഡ് പൂർണ്ണമായും ഇത്തവണ ഒഴിവാക്കാനും ബിസിസിഐ തീരുമാനിക്കുന്നുണ്ട്. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ചെന്നൈ സൂപ്പർ കിങ്സും തങ്ങളുടെ 5 താരങ്ങളെ നിലനിർത്താനുള്ള ശ്രമത്തിലാണ്. മഹേന്ദ്രസിംഗ് ധോണി, നായകൻ ഋതുരാജ്, രവീന്ദ്ര ജഡേജ തുടങ്ങിയവരെ ചെന്നൈ നിലനിർത്തും എന്നാണ് റിപ്പോർട്ടുകൾ.

ഇതിനൊപ്പം ചെന്നൈ ടീം ലക്ഷ്യം വയ്ക്കുന്ന മറ്റു 2 താരങ്ങളെ സംബന്ധിച്ച് റിപ്പോർട്ടുകൾ സജീവമാണ്. മുൻപ് ചെന്നൈ താരമായിരുന്ന വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ തങ്ങളുടെ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ യെല്ലോ ആർമി ശ്രമിക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാത്രമല്ല ഇന്ത്യയുടെ പ്രധാന പേസർമാരിൽ ഒരാളായ മുഹമ്മദ് ഷമിയെയും സ്വന്തമാക്കാൻ ചെന്നൈ ശ്രമിക്കുന്നുണ്ട് എന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. കൂടുതൽ ശക്തമായ ബോളിംഗ് ലൈനപ്പ് 2025 സീസണിലേക്ക് കെട്ടിപ്പടുക്കാനുള്ള തയ്യാറെടുപ്പിലാണ് ചെന്നൈ. ഇത്തരം ഒരു തന്ത്രത്തിന് അശ്വിനും ഷമിയും മുതൽക്കൂട്ടാവും എന്നാണ് ഫ്രാഞ്ചൈസി കരുതുന്നത്.

Read Also -  "ആ 2 താരങ്ങളില്ലാതെ ഒരു ടെസ്റ്റ്‌ ടീം ആലോചിക്കാൻ പോലും ഇന്ത്യയ്ക്ക് സാധിക്കില്ല", നിർണായക താരങ്ങളെ ചൂണ്ടികാട്ടി അക്മൽ.

2022ലെ ഐപിഎൽ മെഗാ ലേലത്തിലൂടെയായിരുന്നു ഷാമി ഗുജറാത്ത് ടൈറ്റൻസ് ടീമിലേക്ക് ചേക്കേറിയത്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവുമധികം വിക്കറ്റ് നേടിയ താരമായി മാറാനും ഷമിക്ക് സാധിച്ചിരുന്നു. പിന്നീട് 2023 ഏകദിന ലോകകപ്പിനിടെ ഷാമിയുടെ കണംകാലിന് പരിക്കേൽക്കുകയുണ്ടായി. ഇതിന് പിന്നാലെ 2024 ഐപിഎല്ലിൽ നിന്ന് ഷാമി മാറി നിൽക്കുകയാണ് ഉണ്ടായത്. ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ഷാമി ദേശീയ ടീമിലേക്ക് തിരികെ എത്തുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ കൂടി വ്യക്തത വന്നതിന് ശേഷമാവും ചെന്നൈ ഷമിക്കായി കളത്തിലെത്തുക.

അതേസമയം ചെന്നൈ ടീമിൽ ഒരുപാട് നാൾ കളിച്ചിട്ടുള്ള താരമാണ് രവിചന്ദ്രൻ അശ്വിൻ. 2008 മുതൽ 2015 വരെ ചെന്നൈ ടീമിന്റെ നിറസാന്നിധ്യമായിരുന്നു അശ്വിൻ. ഇപ്പോൾ രാജസ്ഥാൻ റോയൽസിന്റെ പ്രധാന താരങ്ങളിൽ ഒരാളാണ് ഈ വെറ്ററൻ ബോളർ. ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച അശ്വിൻ മത്സരത്തിലെ താരമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങളുടെ ടീമിലേക്ക് അശ്വിനെ ക്ഷണിക്കാൻ ചെന്നൈ ഒരുങ്ങുന്നത്. ഇത്തരത്തിൽ ചെന്നൈയുടെ തന്ത്രങ്ങൾ പ്രാവർത്തികമായാൽ ഒരു വമ്പൻ നിരതന്നെയാവും 2025 സീസണിലും ഫ്രാഞ്ചൈസിക്കായി അണിനിരക്കുക

Scroll to Top