രാജസ്ഥാനെ സ്പിന്നര്‍മാര്‍ കറക്കി വീഴ്ത്തി. ഹൈദരബാദ് ഫൈനലില്‍

srh ipl 2024

ഹൈദരാബാദിനെതിരായ രണ്ടാം ക്വാളിഫയറിൽ പരാജയം നേരിട്ട് രാജസ്ഥാൻ റോയൽസ്. മോശം ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് വിനയായത്. 36 റൺസിന്റെ പരാജയമാണ് രാജസ്ഥാൻ മത്സരത്തിൽ നേരിട്ടത്.

ഈ പരാജയത്തോടെ രാജസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്തായിട്ടുണ്ട്. മാത്രമല്ല മറുവശത്ത് ഹൈദരാബാദ് ഫൈനലിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഫൈനൽ മത്സരത്തിൽ കൊൽക്കത്തയാണ് ഹൈദരാബാദിന്റെ എതിരാളികൾ.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗ് ആരംഭിച്ച ഹൈദരാബാദിന് മികച്ച തുടക്കമാണ് ഹെഡും ത്രിപാതിയും നൽകിയത്. തുടക്കത്തിൽ തന്നെ അഭിഷേക് ശർമ(12) കൂടാരം കയറിയിട്ടും ഇരുവരും പവർപ്ലേ ഓവറുകളിൽ രാജസ്ഥാനെതിരെ ആക്രമണം അഴിച്ചുവിട്ടു. ത്രിപാതി 15 പന്തുകളിൽ 5 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 37 റൺസാണ് നേടിയത്. ഹെഡ് 28 പന്തുകളിൽ 34 റൺസ് നേടുകയുണ്ടായി. എന്നാൽ പവർപ്ലേ ഓവറുകളിൽ തന്നെ ട്രെൻഡ് ബോൾട്ട് 3 വിക്കറ്റുകൾ സ്വന്തമാക്കി രാജസ്ഥാനെ മുൻപിൽ എത്തിക്കുകയായിരുന്നു. ശേഷം മധ്യ ഓവറുകളിൽ ക്ലാസനാണ് വെടിക്കെട്ട് തീർത്തത്.

34 പന്തുകൾ നേരിട്ട ക്ലാസൻ മത്സരത്തിൽ 50 റൺസ് നേടുകയുണ്ടായി. പക്ഷേ മറ്റ് ഹൈദരാബാദ് ബാറ്റർമാരാരും മികവ് പുലർത്താതെ വന്നപ്പോൾ ഹൈദരാബാദിന്റെ ഇന്നിംഗ്സ് 175 റൺസിൽ അവസാനിക്കുകയായിരുന്നു. മറുവശത്ത് രാജസ്ഥാനായി ആവേഷ് ഖാനും ബോൾട്ടും 3 വിക്കറ്റുകൾ വീതം വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. കോഹ്ലർ കാഡ്മോർ ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ പതറുന്നതാണ് കണ്ടത്. 16 പന്തുകൾ നേരിട്ട താരം 10 റൺസ് മാത്രമാണ് നേടിയത്. പക്ഷേ ഒരുവശത്ത് ജയസ്വാൾ ക്രീസിലുറച്ചത് രാജസ്ഥാന് പ്രതീക്ഷ നൽകി.

Read Also -  ന്യൂസിലന്‍റ് ആക്രമണം. ആദ്യ ടെസ്റ്റിൽ ഇന്ത്യ ബഹുദൂരം പിന്നിൽ.

21 പന്തുകൾ നേരിട്ട ജയസ്വാൾ 42 റൺസ് ആണ് മത്സരത്തിൽ നേടിയത്. 4 ബൗണ്ടറികളും 3 സിക്സറുകളും താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. എന്നാൽ നായകൻ സഞ്ജു സാംസൺ(10) റിയാൻ പരാഗ്(6) ഹെറ്റ്മയർ(4) എന്നിവർ നിരാശാജനകമായ പ്രകടനം പുറത്തെടുത്തത് രാജസ്ഥാനെ ബാധിക്കുകയായിരുന്നു. ഇതോടെ രാജസ്ഥാൻ ബാറ്റിംഗ് നിര തകർന്നുവീണു.

92ന് 6 വിക്കറ്റുകൾ എന്ന നിലയിൽ തകർന്ന രാജസ്ഥാനെ പിന്നീട് കൈപിടിച്ചു കയറ്റിയത് ധ്രുവ് ജൂറലിന്റെ ബാറ്റിംഗ് മികവായിരുന്നു. അവസാന ഓവറുകളിൽ ഹൈദരാബാദിനെതിരെ ബൗണ്ടറികൾ കണ്ടെത്താൻ ജൂറലിന് സാധിച്ചു. അവസാന 3 ഓവറുകളിൽ 53 റൺസ് ആയിരുന്നു രാജസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത്.

എന്നാൽ പതിനെട്ടാം ഓവറിൽ നടരാജൻ ഒരു തകർപ്പൻ ബോളിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. ഓവറിൽ പവലിന്റെ വിക്കറ്റ് സ്വന്തമാക്കാൻ നടരാജന് സാധിച്ചു.മാത്രമല്ല ഓവറിൽ ഒരു റൺ മാത്രമാണ് നടരാജൻ വിട്ടു നൽകിയത്. ഇതോടെ അവസാന രണ്ട് ഓവറുകളിലെ രാജസ്ഥാന്റെ വിജയലക്ഷ്യം 52 റൺസായി മാറി. പിന്നീട് ജൂറൽ പരമാവധി ശ്രമിച്ചെങ്കിലും രാജസ്ഥാൻ വിജയത്തിനടുത്ത് എത്തിയില്ല. മത്സരത്തിൽ ജൂറൽ 35 പന്തുകളിൽ 55 റൺസാണ് നേടിയത്.

Scroll to Top