2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കിരീടം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഫൈനൽ മത്സരത്തിൽ ഹൈദരാബാദിനെ 8 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കൊൽക്കത്ത കിരീടം സ്വന്തമാക്കിയത്. 9.3 ഓവറുകൾ ശേഷിക്കവെയായിരുന്നു കൊൽക്കത്തയുടെ അവിസ്മരണീയ വിജയം. ഇത് മൂന്നാം തവണയാണ് കൊൽക്കത്ത ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്നത്.
ഇതിന് മുമ്പ് 2012ലും 2014ലും കൊൽക്കത്ത ഐപിഎൽ കിരീടം സ്വന്തമാക്കിയത്. ഈ സീസണിലൂടനീളം ബാറ്റിങ്ങിലും ബോളിങ്ങിലും തട്ടുപൊളിപ്പൻ പ്രകടനം കാഴ്ചവച്ചാണ് കൊൽക്കത്തയുടെ കിരീട നേട്ടം. ഫൈനൽ മത്സരത്തിൽ കൊൽക്കത്തയ്ക്കായി ബോളിങ്ങിൽ റസലും ബാറ്റിംഗിൽ വെങ്കിടേഷ് അയ്യരും തിളങ്ങുകയുണ്ടായി.
ആവേശ മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ദുരന്ത തുടക്കമാണ് ഹൈദരാബാദിന് മത്സരത്തിൽ ലഭിച്ചത്. വലിയ പ്രതീക്ഷയായിരുന്ന അഭിഷേക് ശർമയും(2) ഹെഡും(0) ത്രിപാതിയും(9) തുടക്കത്തിൽ തന്നെ കൂടാരം കയറി.
ഇതോടെ ഹൈദരാബാദ് തകർന്നു വീഴുകയായിരുന്നു. ശേഷം മാക്രം ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും വേണ്ട രീതിയിൽ സ്കോറിങ് റേറ്റ് ഉയർത്തിയില്ല. ഹൈദരാബാദ് ബാറ്റർമാർ ബൗണ്ടറികൾ കണ്ടെത്താൻ ശ്രമിച്ചപ്പോഴൊക്കെയും വിക്കറ്റുകൾ പൊലിയുകയായിരുന്നു. ഇങ്ങനെ ഹൈദരാബാദ് 8 വിക്കറ്റ് നഷ്ടത്തിൽ 90 എന്ന നിലയിൽ എത്തിയിരുന്നു.
ശേഷം നായകൻ കമ്മിൻസ് മാത്രമാണ് ഹൈദരാബാദിനായി അവസാന ഓവറുകളിൽ പിടിച്ചുനിന്നത്. 19 പന്തുകൾ നേരിട്ട കമ്മിൻസ് 24 റൺസ് നേടുകയുണ്ടായി. പക്ഷേ ഹൈദരാബാദിന്റെ ഇന്നിംഗ്സ് കേവലം 113 റൺസിൽ അവസാനിച്ചു. ഒരു ഐപിഎൽ ഫൈനലിലെ ഏറ്റവും കുറഞ്ഞ സ്കോറാണ് ഹൈദരാബാദ് മത്സരത്തിൽ നേടിയത്. മറുവശത്ത് കൊൽക്കത്തയ്ക്കായി പേസർമാരൊക്കെയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
റസൽ 3 വിക്കറ്റുകളും റാണയും സ്റ്റാർക്കും 2 വിക്കറ്റുകളും വീഴ്ത്തുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച കൊൽക്കത്ത തെല്ലും മടിക്കാതെ ആക്രമണം അഴിച്ചു വിടുന്നതാണ് കാണാൻ സാധിച്ചത്. സുനിൽ നരേയ്ന്റെ വിക്കറ്റ് ആദ്യമേ നഷ്ടമായിട്ടും കൊൽക്കത്ത പതറിയില്ല.
ചെറിയ വിജയലക്ഷ്യം മുന്നിൽ കണ്ട് ഇറങ്ങിയ കൊൽക്കത്തക്കായി വെങ്കിടേഷ് അയ്യരാണ് വെടിക്കെട്ട് തീർത്തത്. പവർപ്ലേ ഓവറുകളിൽ പൂർണ്ണമായ ആധിപത്യം സ്ഥാപിച്ച് ഹൈദരാബാദിനെ പുറത്താക്കാൻ വെങ്കിടേശ് അയ്യർക്ക് സാധിച്ചു.
വെങ്കിടേശിനൊപ്പം ഗുർബാസും ക്രീസിൽ പിടിച്ചു നിൽക്കുകയുണ്ടായി. വെങ്കിടേഷ് അയ്യർ മത്സരത്തിൽ 26 പന്തുകളിൽ 52 റൺസാണ് നേടിയത്. 4 ബൗണ്ടറികളും 3 സിക്സറുകളും വെങ്കിടേശിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഗുർബാസ് 32 പന്തുകളിൽ 39 റൺസ് നേടി. ഇങ്ങനെ കൊൽക്കത്ത മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കുകയായിരുന്നു.