റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലും രാജസ്ഥാന് ഒരു തകർപ്പൻ തുടക്കം നൽകി ട്രെന്റ് ബോൾട്ട്. പതിവുപോലെ ഈ മത്സരത്തിലും ബോൾട്ടിന് ആദ്യ ഓവറിൽ വിക്കറ്റ് നേടാൻ സാധിച്ചു. ഇത്തവണ ബാംഗ്ലൂർ ബാറ്റിംഗ് നിരയിലെ ഏറ്റവും പ്രധാനിയായ വിരാട് കോഹ്ലിയുടെ വിക്കറ്റാണ് ട്രെന്റ് ബോൾട്ട് ആദ്യ ഓവറിലെ ആദ്യ പന്തിൽ നേടിയത്. വിരാട് കോഹ്ലിയുടെ ബാറ്റിംഗ് വെടിക്കെട്ട് കാണാനായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒത്തുകൂടിയ ആളുകളെയൊട്ടാകെ നിശബ്ദരാക്കിയ വെടിക്കെട്ട് പന്തായിരുന്നു ബോൾട്ട് ആദ്യം എറിഞ്ഞത്. ഇതാദ്യമായല്ല ട്രെന്റ് ബോൾട്ട് ആദ്യ ഓവറിൽ വിക്കറ്റ് വീഴ്ത്തി കാണികളെ ഞെട്ടിക്കുന്നത്. ഈ സീസണിലെ പല മത്സരങ്ങളിലും ആദ്യ ഓവറിൽ വിക്കറ്റ് വീഴ്ത്താൻ ബോൾട്ടിനു സാധിച്ചിട്ടുണ്ട്.
മത്സരത്തിലെ ആദ്യ ബോൾ ഒരു കിടിലൻ ഇൻസ്വിങ്കറായി ആയിരുന്നു ബോൾട്ട് എറിഞ്ഞത്. തന്റെ കരിയറിലുടനീളം ബോൾട്ട് ഇത്തരത്തിൽ ഇൻസ്വിങറുകൾ എറിഞ്ഞിട്ടുണ്ട്. മിഡിൽ സ്റ്റമ്പിൽ ഫുള്ളർ ലങ്തിലാണ് പന്ത് വന്നത്. കോഹ്ലി പന്ത് ഫ്ലിക്ക് ചെയ്യാൻ നോക്കിയെങ്കിലും ബാറ്റിനെ മറികടന്ന് പാഡീൽ കൊള്ളുകയായിരുന്നു. ബോൾട്ട് അപ്പീൽ ചെയ്ത ഉടൻതന്നെ അമ്പയർ മൈക്കിൾ ഗോഫ് ഔട്ട് വിധിച്ചു. വിരാട് കോഹ്ലി ഇത് റിവ്യൂവിന് നൽകാൻ പോലും തയ്യാറായില്ല. കാരണം അത്രമാത്രം കൃത്യതയോടെയാണ് പന്ത് പാഡിൽ കൊണ്ടത്. മത്സരത്തിലെ നിർണായക നിമിഷമായി ഈ വിക്കറ്റ് മാറും എന്നതിൽ സംശയമില്ല. ഇതോടെ മത്സരത്തിൽ പൂജ്യനായി കോഹ്ലി പുറത്താവുകയായിരുന്നു.
ബോൾട്ടിന്റെ ഇന്ത്യൻ പ്രീമിയർ ലീഗിലെ നൂറാം വിക്കറ്റാണ് ഇത്. ഐപിഎൽ കരിയറിലെ ബോൾട്ടിന്റെ 100 വിക്കറ്റുകളിൽ 46 എണ്ണവും പിറന്നിട്ടുള്ളത് ആദ്യ 6 ഓവറുകളിലാണ്. 21 വിക്കറ്റുകളിൽ ബോൾട്ട് നേടിയിട്ടുള്ളത് മത്സരത്തിലെ ആദ്യ ഓവറിലും. ഇത് കാണിക്കുന്നത് പവർപ്ലെ സമയത്ത് ബോൾട്ട് എത്രമാത്രം അപകടകാരിയാണ് എന്നത് തന്നെയാണ്. മറുവശത്ത് വിരാടിനെ സംബന്ധിച്ച് അനായാസം മറക്കാവുന്ന ഒരു മത്സരം തന്നെയാണ് രാജസ്ഥാനെതിരെ നടക്കുന്നത്. 2022ൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് പച്ച ജേഴ്‌സിയിൽ കളിക്കുമ്പോഴും ആദ്യ പന്തിൽ വിരാട് കൂടാരം കേറിയിരുന്നു. ഇപ്പോൾ 2023ൽ രാജസ്ഥാൻ റോയൽസിനെതിരെയും ഇതേ ചരിത്രം ആവർത്തിച്ചിരിക്കുകയാണ്.
ചിന്നസ്വാമിയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ ബോളർമാർക്ക് പിച്ചിൽ സിംഗ് ലഭിക്കുമെന്ന സഞ്ജുവിന്റെ നിഗമനത്താൽ ആയിരുന്നു രാജസ്ഥാൻ ബോളിംഗ് തിരഞ്ഞെടുത്തത്. ഇത് ശരി വയ്ക്കുന്ന തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. ആദ്യ ഓവറുകളിൽ തന്നെ ബാംഗ്ലൂർ നായകൻ കോഹ്ലിയെയും ഷഹബാസ് അഹമ്മദിനെയും ബോൾട്ട് കൂടാരം കയറ്റിയിട്ടുണ്ട്.