മികച്ച തുടക്കം വിനിയോഗിക്കാതെ സഞ്ജു. 15 പന്തുകളിൽ 22 റൺസ്.

മികച്ചൊരു തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ സാധിക്കാതെ സഞ്ജു സാംസൺ. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ തുടക്കമായിരുന്നു സഞ്ജു സാംസന് ബാറ്റിംഗിൽ ലഭിച്ചത്. എന്നാൽ അത് മുതലെടുക്കാനും വലുതാക്കാനും സഞ്ജുവിന് സാധിച്ചില്ല. മത്സരത്തിൽ ഹർഷൽ പട്ടേലിന്റെ പന്തിലായിരുന്നു സഞ്ജു കൂടാരം കയറിയത്. മാത്രമല്ല മത്സരത്തിന്റെ നിർണായക സമയത്താണ് സഞ്ജുവിന്റെ വിക്കറ്റ് നഷ്ടമായത്. ഇത് രാജസ്ഥാന് വലിയ ക്ഷീണം ഉണ്ടാക്കിയിട്ടുണ്ട്.

മത്സരത്തിൽ ദേവദത് പടിക്കൽ പുറത്തായ ശേഷമാണ് സഞ്ജു സാംസൺ ക്രിസിലെത്തിയത്. സഞ്ജുവിന്റെ എന്നത്തെയും വലിയ ഭീഷണിയായ ഹസരംഗ ആയിരുന്നു ബോളിംഗ് ക്രീസിൽ ഉണ്ടായിരുന്നത്. വളരെ ശ്രദ്ധയോടെ തന്നെയാണ് സഞ്ജു തന്റെ ആദ്യ ബോളുകൾ കളിച്ചത്. ഹസരംഗയുടെ മുമ്പിൽ സഞ്ജു പതറിയില്ല. മാത്രമല്ല പതിനഞ്ചാം ഓവറിൽ ഹസരംഗയ്ക്കെതിരെ ഒരു ബൗണ്ടറിയും ഒരു സിക്സറും സഞ്ജു സാംസൺ നേടുകയും ചെയ്തിരുന്നു. എന്നാൽ മത്സരത്തിൽ ഈ ഇന്നിംഗ്സ് പൂർണമായും വിനിയോഗിക്കാൻ സഞ്ജുവിന് സാധിച്ചില്ല. മത്സരത്തിൽ 15 പന്തുകളിൽ 22 റൺസണ് സഞ്ജു നേടിയത്. ഇന്നിംഗ്സിൽ 2 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു.

മത്സരത്തിൽ ടോസ് നേടിയ സഞ്ജു സാംസൺ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂർ പിച്ച് ആദ്യ സമയങ്ങളിൽ പേസർമാരെ സഹായിക്കുമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. ബാംഗ്ലൂരിനെ ഞെട്ടിച്ചുകൊണ്ടാണ് ട്രെന്റ് ബോൾട്ട് ആരംഭിച്ചത്. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിയെ(0) കൂടാരം കയറ്റാൻ ബോൾട്ടിന് സാധിച്ചു. പിന്നാലെ മൂന്നാമനായിറങ്ങിയ ഷഹബാസ് അഹമ്മദിനെയും(2) ബോൾട്ട് പറഞ്ഞയക്കുകയുണ്ടായി. എന്നാൽ നാലാം വിക്കറ്റിൽ മാക്സ്വെല്ലും ഡുപ്ലെസിയും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ടായിരുന്നു ബാംഗ്ലൂരിന് നൽകിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 127 റൺസ് ചേർക്കുകയുണ്ടായി.

മാക്സ്വെൽ മത്സരത്തിൽ 44 പന്തുകളിൽ 77 റൺസാണ് നേടിയത്. ഇന്നിങ്സിൽ 6 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു. ഡുപ്ലസി 39 പന്തുകളിൽ 62 റൺസ് നേടി. 8 ബൗണ്ടറികളും 2 സിക്സറുകളുമായിരുന്നു ഇന്നിംഗ്സിൽ അകമ്പടിയായി ഉണ്ടായിരുന്നത്. എന്നാൽ ഇരുവർക്കും ശേഷം ക്രീസിലെത്തിയ ബാറ്റർമാർ അമ്പെ പരാജയപ്പെട്ടതോടെ രാജസ്ഥാൻ മത്സരത്തിൽ പിടി മുറുക്കുകയായിരുന്നു. ഒരു സമയത്ത് 200ന് മുകളിൽ റൺസ് സ്വന്തമാക്കാനിരുന്ന ബാംഗ്ലൂരിനെ 189 റൺസിൽ ഒതുക്കാൻ രാജസ്ഥാൻ ബോളർമാർക്ക് സാധിച്ചു.