ഹിറ്റ്‌മാന്റെ ഡക്ക് ഗാഥ തുടരുന്നു. നാണംകെട്ട റെക്കോർഡ് രോഹിതിന് സ്വന്തം!!

ചെന്നൈയ്ക്കെതിരായ മത്സരത്തിലും പൂജ്യത്തിനു പുറത്തായി രോഹിത് ശർമ. മത്സരത്തിൽ സാധാരണയ്ക്ക് വിപരീതമായി മൂന്നാം നമ്പറിലായിരുന്നു രോഹിത് ശർമ ക്രീസിലെത്തിയത്. എന്നാൽ മത്സരത്തിൽ കേവലം മൂന്ന് പന്തുകൾ മാത്രമേ രോഹിത്തിന് നേരിടാൻ സാധിച്ചുള്ളൂ. നേരിട്ട മൂന്നാം പന്തിൽ ദീപക് ചാഹറിന്റെ ബോളിൽ രവീന്ദ്ര ജഡേജക്ക് ക്യാച്ച് നൽകി രോഹിത് മടങ്ങുകയായിരുന്നു. മത്സരത്തിൽ റൺസ് ഒന്നും നേടാൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചില്ല. മാത്രമല്ല ഈ മത്സരത്തിലും ഡക്കായി പുറത്തായതോടെ നാണക്കേടിന്റെ റെക്കോർഡാണ് രോഹിത് ഇപ്പോൾ കൂടെ ചേർത്തിരിക്കുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം തവണ ഡക്കായി പുറത്തായിട്ടുള്ള താരം എന്ന റെക്കോർഡ് രോഹിത് സ്വന്തമാക്കിയിട്ടുള്ളത്. ഇതുവരെ 16 തവണയാണ് ഐപിഎല്ലിൽ ഡക്കായി രോഹിത് പുറത്തായിരിക്കുന്നത്. 237 മത്സരങ്ങളിൽ നിന്നാണ് രോഹിത് 16 തവണ ഡക്ക് ആയത്. ഐപിഎല്ലിൽ 15 തവണ പൂജ്യരായി മടങ്ങിയിട്ടുള്ള സുനിൽ നരെയൻ, മന്ദീപ് സിംഗ്, ദിനേഷ് കാർത്തിക് എന്നിവരാണ് രോഹിത്തിനുശേഷം രണ്ടാം സ്ഥാനത്തുള്ളത്. സുനിൽ നരേയൻ 157 മത്സരങ്ങൾ കളിച്ചപ്പോഴാണ് 15 തവണ പൂജ്യനായി മടങ്ങിയത്. 113 മത്സരങ്ങളിൽ. നിന്നാണ് മന്ദീപ് 15 തവണ പൂജ്യനായത്.

ദിനേഷ് കാർത്തിക്ക് 238 മത്സരങ്ങൾ കളിച്ചപ്പോൾ 15 തവണ റൺസ് നേടാതെ കൂടാരം കയറുകയായിരുന്നു. 198 മത്സരങ്ങൾ കളിച്ച് 14 തവണ പൂജ്യനായി മടങ്ങിയ അമ്പട്ടി റായുഡുവാണ് ലിസ്റ്റിൽ അഞ്ചാമതുള്ളത്. എന്തായാലും രോഹിത് ശർമയെ സംബന്ധിച്ച് വളരെ നാണം കെടുത്തുന്ന റെക്കോർഡ് തന്നെയാണ് ചെന്നൈയ്ക്കെതിരായ മത്സരത്തിലെ പുറത്താകലിലൂടെ ഉണ്ടായിട്ടുള്ളത്. ഈ സീസണിൽ പൂർണ്ണമായും പരാജയപ്പെടുന്ന രോഹിത് ശർമയെ തന്നെയായിരുന്നു കാണാൻ സാധിച്ചത്.

ഇതുവരെ ഈ ഐപിഎല്ലിൽ 10 മത്സരങ്ങൾ കളിച്ച രോഹിത് 154 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്. 18.4 ആണ് രോഹിത്തിന്റെ ശരാശരി. രോഹിത്തിന്റെ ഈ ഫോം ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വലിയ രീതിയിൽ നിരാശ ഉണ്ടാക്കുന്നു. എന്നിരുന്നാലും വരും മത്സരങ്ങളിൽ രോഹിത് തന്റെ മികച്ച ഫോമിലേക്ക് തിരികെയെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ. മുംബൈയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ചെന്നൈ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ വിജയം കണ്ട് പോയിന്റസ് ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്താനുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും.

Previous articleഎത്രയും വേഗം രാജസ്ഥാൻ തിരികെ ഫോമിലെത്തും. ഉറപ്പുതന്ന് സഞ്ജു സാംസൺ.
Next articleഭയക്കണം ഇവനെ, മുംബൈയെ തേച്ചോട്ടിച്ച ജൂനിയർ മലിംഗ. അവസാന ഓവറുകളിലെ വിശ്വസ്തന്‍.