രാജസ്ഥാൻ റോയൽസിന്റെ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിനിടെ ഒരു അത്യുഗ്രൻ നേട്ടം സ്വന്തമാക്കി ജോസ് ബട്ലർ. ഇന്ത്യൻ പ്രീമിയർ ലീഗിൽ 3000 റൺസ് ക്ലബ്ബിൽ ഇടം പിടിക്കുന്ന താരമായി ജോസ് ബട്ലർ മത്സരത്തിനിടെ മാറി. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ 10 പന്തുകളിൽ 17 റൺസെടുത്തു നിൽക്കുമ്പോഴാണ് ജോസ് ബട്ലർ 3000 ഐപിഎൽ റൺസ് പൂർത്തീകരിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 85 മത്സരങ്ങളിൽ നിന്നാണ് ജോസ് ബട്ലറുടെ ഈ നേട്ടം. ഏറ്റവും വേഗതയിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ 3000 റൺസ് നേടുന്ന മൂന്നാമത്തെ താരമായും ജോസ് ബട്ലർ മാറി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ 75 ഇന്നിംഗ്സുകളിൽ നിന്ന് 3000 റൺസ് തികച്ച ക്രിസ് ഗെയ്ലാണ് ലിസ്റ്റിൽ ഒന്നാമതുള്ളത്. 80 മത്സരങ്ങളിൽ നിന്ന് 3000 റൺസ് എത്തിപ്പിടിക്കാൻ ഇന്ത്യൻ താരം കെഎൽ രാഹുലിന് സാധിച്ചിട്ടുണ്ട്. ഇരുവർക്കും ശേഷമാണ് ജോസ് ബട്ലർ ഇപ്പോൾ 85 മത്സരങ്ങളിൽ നിന്ന് 3000 റൺസ് പൂർത്തീകരിച്ചിരിക്കുന്നത്. ബട്ലറിനെ സംബന്ധിച്ചും രാജസ്ഥാൻ റോയൽസ് ടീമിനെ സംബന്ധിച്ചും വളരെ അഭിമാനകരമായ നേട്ടം തന്നെയാണ് ഇത്.
ഐപിഎല്ലിൽ 2022 സീസണിൽ മികവാർന്ന പ്രകടനം തന്നെയായിരുന്നു ബട്ലർ കാഴ്ചവച്ചത്. 2022 സീസണിലെ ഓറഞ്ച് ക്യാപ്പ് ജോസ് ബട്ലറുടെ പേരിലായിരുന്നു. 2022ൽ 863 റൺസാണ് ജോസ് ബട്ലർ നേടിയത്. അതിനുശേഷം 2023ലെ ഐപിഎൽ സീസണിൽ മികച്ച തുടക്കം തന്നെ ജോസ് ബട്ലർക്ക് ലഭിച്ചിട്ടുണ്ട്. ചെന്നൈയ്ക്കെതിരായ മത്സരത്തിൽ ജോസ് ബട്ലർ 36 പന്തുകളിൽ 52 റൺസ് നേടിയിരുന്നു. ബട്ലറുടെ ബലത്തിലാണ് രാജസ്ഥാൻ മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 175 എന്ന സ്കോറിൽ എത്തിയത്.
എന്നിരുന്നാലും ബട്ലർ ഒഴികെയുള്ള മുൻനിര ബാറ്റർമാർ അവസരത്തിനോത്ത് ഉയരാത്തത് രാജസ്ഥാന് നിരാശ ഉണ്ടാക്കുന്നുണ്ട്. ആദ്യ രണ്ടു മത്സരങ്ങളിൽ നായകൻ സഞ്ജു സാംസന് മികച്ച തുടക്കങ്ങൾ ലഭിച്ചെങ്കിലും, പിന്നീടുള്ള രണ്ടു മത്സരങ്ങളിലും പൂജ്യനായി പുറത്താവുകയായിരുന്നു. ഇത്തരത്തിൽ മറ്റു താരങ്ങൾ സ്ഥിരത കാട്ടാതിരിക്കുന്നത് രാജസ്ഥാനെ വരും മത്സരങ്ങളിൽ ബാധിക്കാൻ സാധ്യതയുണ്ട്. പിഴവുകൾ കണ്ടെത്തി അടുത്ത മത്സരങ്ങളിൽ തിരുത്താനുള്ള ശ്രമത്തിലാണ് രാജസ്ഥാൻ.