വിജയത്തിന്റെ എല്ലാ ക്രെഡിറ്റും സഞ്ജുവിനുള്ളത്. ടീമിന് പ്രചോദനമെന്ന് ചഹൽ!!

നിലവിൽ രാജസ്ഥാൻ റോയൽസ് ടീമിലെ പ്രധാന സ്പിന്നറാണ് യൂസ്വേന്ദ്ര ചഹൽ. പലപ്പോഴും നിർണായ ഘട്ടങ്ങളിൽ സഞ്ജു സാംസന്റെ ടീമിനായി വിക്കറ്റ് നേടിക്കൊടുക്കാൻ ചഹലിന് ഒരു പ്രത്യേക കഴിവുണ്ട്. രാജസ്ഥാന്റെ ചെന്നൈക്കെതിരായ മത്സരത്തിലും ചഹൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. മത്സരത്തിൽ നിശ്ചിത നാല് ഓവറുകളിൽ 27 റൺസ് വഴങ്ങി 2 വിക്കറ്റുകളാണ് ചഹൽ നേടിയത്. രാജസ്ഥാൻ ടീമിൽ സഞ്ജു സാംസൺ ഉണ്ടാക്കിയിരിക്കുന്ന ഇമ്പാക്ടിനെ പറ്റി മത്സരത്തിനു മുമ്പ് ചഹൽ സംസാരിച്ചിരുന്നു. സഞ്ജു വളരെ ശാന്തനായ ക്യാപ്റ്റനാണെന്നും, ടീമിന്റെ വിജയത്തിൽ അയാൾ ഒരുപാട് ക്രെഡിറ്റ്‌ അർഹിക്കുന്നുണ്ടെന്നുമാണ് ചഹൽ പറഞ്ഞത്.

“ഞങ്ങൾ വളരെ മികച്ച ടീമാണ്. നമുക്ക് അത് പേപ്പറിൽ നിന്ന് തന്നെ വ്യക്തമാവും. കഴിഞ്ഞവർഷവും ഞങ്ങൾ ഐപിഎല്ലിന്റെ ഫൈനലിൽ എത്തിയിരുന്നു. ഇത്തവണയും കൂടുതൽ മെച്ചപ്പെടാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇത്തവണ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്താനാണ് ഞങ്ങളുടെ ലക്ഷ്യം. ലീഗിൽ 14 മുതൽ 17 വരെ മത്സരങ്ങളാണുള്ളത്. അതിനാൽതന്നെ എന്താവും ഭാവി എന്നതിനെപ്പറ്റി പൂർണ്ണമായ ബോധ്യമില്ല. എന്നിരുന്നാലും സഞ്ജു സാംസനും മാനേജ്മെന്റുമൊക്കെ വളരെ മികച്ച ഇമ്പാക്ടാണ് ടീമിൽ ഉണ്ടാക്കിയിരിക്കുന്നത്. സഞ്ജു വളരെ ശാന്തനായ ഒരു നായകനാണ്. ഇതേവരെ അയാൾ മറ്റൊരാളുടെ മുമ്പിൽ വന്ന് എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചു ഞാൻ കണ്ടിട്ടില്ല. അദ്ദേഹം വളരെ ശാന്തനായി എപ്പോഴും തുടരും. മാത്രമല്ല നിങ്ങളെ വിശ്വസിക്കുകയും ചെയ്യും.”- ചഹൽ പറഞ്ഞു.

ezgif 1 01d368a615

“മത്സരത്തിൽ ഞങ്ങൾ പരാജയമറിഞ്ഞാലും സഞ്ജു സാംസൺ ആരോടും ദേഷ്യപ്പെടാറില്ല. അയാൾ ശാന്തനായി തന്നെ അയാളുടെ കളിക്കാരെ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ക്യാപ്റ്റൻ ശാന്തനായി തുടരുകയും, നമ്മളിൽ കൂടുതൽ വിശ്വാസം അർപ്പിക്കുകയും ചെയ്യുമ്പോൾ, നമ്മൾ അയാൾക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചേ മതിയാകൂ.”- ചഹൽ കൂട്ടിച്ചേർക്കുന്നു.

നിലവിൽ 2023 ഐപിഎല്ലിൽ മികച്ച തുടക്കമാണ് രാജസ്ഥാൻ റോയൽസ് ടീമിന് ലഭിച്ചിരിക്കുന്നത്. ഇതുവരെ ടൂർണമെന്റിൽ നാലു മത്സരങ്ങൾ കളിച്ച രാജസ്ഥാൻ മൂന്നെണ്ണത്തിലും വിജയം കാണുകയുണ്ടായി. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ മൂന്നു റൺസിന്റെ വിജയമാണ് രാജസ്ഥാൻ കൈക്കലാക്കിയത്. നിലവിൽ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് രാജസ്ഥാൻ നിൽക്കുന്നത്.