ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ തല്ലിത്തകർത്ത് ഡൽഹി ക്യാപിറ്റൽസ്. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 7 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് ഡൽഹി സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 181 എന്ന ഭീകരമായ സ്കോർ കെട്ടിപ്പടുക്കുകയായിരുന്നു. എന്നാൽ ആ സ്കോർ അനായാസം മറികടന്നാണ് ഡൽഹി ബാംഗ്ലൂരിനെ ഞെട്ടിച്ചത്. ഇന്നിംഗ്സിലുടനീളം വമ്പൻ പ്രകടനം കാഴ്ചവച്ച ഫിൽ സോൾട്ട് ആണ് ഡൽഹിയെ ഈ അപ്രതീക്ഷിത വിജയത്തിലെത്തിച്ചത്. പ്ലേയോഫ് സ്വപ്നവുമായി മൈതാനത്തിറങ്ങിയ ബാംഗ്ലൂരിന് കിട്ടിയ തിരിച്ചടി തന്നെയാണ് മത്സരത്തിലെ പരാജയം.
മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ പതിവുപോലെ ബാംഗ്ലൂരിന്റെ ഓപ്പണർമാർ തകർത്തടിച്ചാണ് ആരംഭിച്ചത്. വിരാട് കോഹ്ലിയും ഡുപ്ലസിയും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് ബാംഗ്ലൂരിന് ആദ്യ വിക്കറ്റിൽ നൽകി. 82 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. കോഹ്ലി മത്സരത്തിൽ 46 പന്തുകളിൽ 55 റൺസ് നേടി. ഡുപ്ലസിസ് 32 പന്തുകളിൽ 45 റൺസ് ആണ് നേടിയത്. ശേഷമെത്തിയ മാക്സ്വെൽ പൂജ്യനായി മടങ്ങി. പക്ഷേ നാലാമനായി ക്രീസിലെത്തിയ ലോംറോർ ബാംഗ്ലൂർ സ്കോർബോർഡ് ചലിപ്പിച്ചു. മത്സരത്തിൽ നിറഞ്ഞാടിയ ലോംറോർ 26 പന്തുകളിൽ 54 റൺസാണ് നേടിയത്. 6 ബൗണ്ടറികളും മൂന്ന് പടുകൂറ്റൻ സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. അങ്ങനെ നിശ്ചിത 20 ഓവറുകളിൽ 181 റൺസ് എന്ന നിലയിൽ എത്തുകയായിരുന്നു ബാംഗ്ലൂർ.
മറുപടി ബാറ്റിംഗിൽ ഒന്നും നഷ്ടപ്പെടാനില്ലാത്തവരെ പോലെയാണ് ഡൽഹി ആരംഭിച്ചത്. നായകൻ ഡേവിഡ് വാർണറും(22) ഫിൽ സോൾട്ടും ആദ്യ ബോൾ മുതൽ അടിച്ചു തകർത്തു. വാർണർ പുറത്തായശേഷമെത്തിയ മിച്ചൽ മാർഷും സോൾട്ടിനൊപ്പം ചേർന്നതോടെ മത്സരത്തിൽ ഡൽഹി കുതിക്കുകയായിരുന്നു. മാർഷ് മത്സരത്തിൽ 17 പന്തുകളിൽ 26 റൺസ് ആണ് നേടിയത്. ഇന്നിങ്സിലുടനീളം ഡൽഹിയുടെ കാവലാളായ സോൾട്ട് മത്സരത്തിൽ 45 പന്തുകളിൽ 87 റൺസ് നേടി. ഇന്നിംഗ്സിൽ 8 ബൗണ്ടറികളും 6 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു.
ഇങ്ങനെ മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയം ഡൽഹി നേടുകയായിരുന്നു. ബാംഗ്ലൂരിനെ സംബന്ധിച്ച് അപ്രതീക്ഷിതമായ ഒരു പരാജയം തന്നെയാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്. ഇത്ര മികച്ച സ്കോർ കെട്ടിപ്പടുത്തിട്ടും തങ്ങളുടെ ബോളർമാർക്ക് അത് പ്രതിരോധിക്കാൻ സാധിക്കാതെ വന്നത് ബാംഗ്ലൂരിനെ അലട്ടുന്നുണ്ട്. മാത്രമല്ല പ്ലെയോഫിലേക്ക് കുതിച്ച് ചാടിക്കൊണ്ടിരുന്ന ബാംഗ്ലൂരിന് തടയിടാനും ഡൽഹിക്ക് സാധിച്ചിരിക്കുന്നു. എന്നിരുന്നാലും പോയിന്റ്സ് ടേബിളിൽ ഇപ്പോഴും മെച്ചപ്പെട്ട നിലയിൽ ഡൽഹി എത്തിയിട്ടില്ല.