ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഒരു ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി പഞ്ചാബ് കിങ്സ്. അത്യന്തം ആവേശകരമായ മത്സരത്തിൽ അവസാന ബോളിലാണ് പഞ്ചാബ് വിജയം കണ്ടത്. മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. മത്സരത്തിന്റെ അവസാന ബോളിൽ 3 റൺസ് ആയിരുന്നു പഞ്ചാബിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ബോളിൽ സിക്കന്ദർ റാസ ഒരു തകർപ്പൻ ഷോട്ട് കളിച്ചതോടെ പഞ്ചാബ് വിജയത്തിൽ എത്തുകയായിരുന്നു. ഇതോടെ പോയിന്റ്സ് ടേബിളിൽ പഞ്ചാബ് കുതിച്ചുചാട്ടം ഉണ്ടാക്കിയിട്ടുണ്ട്.
ചെപ്പോക്കിലെ ബാറ്റിംഗിന് അനുകൂലമായ മൈതാനത്ത് ടോസ് നേടിയ ചെന്നൈ തല്ലും മടിക്കാതെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് ചെന്നൈ ഓപ്പൺമാർ നൽകിയത്. പതിവുപോലെ ആദ്യ ഓവറുകളിൽ തന്നെ മത്സരത്തിൽ ആധിപത്യം ഉറപ്പിക്കാൻ ചെന്നൈ ഓപ്പണർമാർക്ക് സാധിച്ചു. ഋതുരാജ് 31 പന്തുകളിൽ 37 റൺസ് നേടിയപ്പോൾ, കോൺവെ ഇന്നിങ്സിലുടനീളം തകർത്താടുകയുണ്ടായി. മത്സരത്തിൽ 52 പന്തുകൾ നേരിട്ട കോൺവെ 92 റൺസ് ആണ് നേടിയത്. ഇന്നിംഗ്സിൽ 16 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു. ശേഷമെത്തിയ ശിവം ദുബയും കളം നിറഞ്ഞതോടെ ചെന്നൈ സ്കോർ കുതിച്ചു. ഒപ്പം അവസാന ഓവറുകളിൽ മഹേന്ദ്ര സിംഗ് ധോണിയുടെ രണ്ട് സിക്സറുകൾ തൂക്കിയുള്ള ഫിനിഷിംഗ് കൂടെയായപ്പോൾ ചെന്നൈ സ്കോർ 200ൽ എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ ചുട്ട മറുപടി കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പഞ്ചാബ് ആരംഭിച്ചത്. ആദ്യ ഓവറുകളിൽ ചെന്നൈ ബോളർമാർക്ക് മേൽ ആധിപത്യം നേടാൻ പഞ്ചാബിന് സാധിച്ചു. എന്നാൽ പവർപ്ലെയിൽ തന്നെ നായകൻ ശിഖർ ധവാനെ(28) നഷ്ടമായത് പഞ്ചാബിന് തിരിച്ചടിയായി. ഒരുവശത്ത് പ്രഭസിമൻ ഉറച്ചുനിന്നെങ്കിലും മറുവശത്ത് ജഡേജ ഓവറുകൾ വേഗത്തിൽ തീർക്കുകയായിരുന്നു. മത്സരത്തിൽ 24 പന്തുകളിൽ 42 റൺസ് ആണ് പ്രഭസിമ്രാൻ നേടിയത്. പ്രഭസിമ്രാൻ പുറത്തായതിനു ശേഷം പഞ്ചാബിന്റെ ഇന്നിംഗ്സ് പതിഞ്ഞ മട്ടിലായി. അവസാന ഓവറുകളിൽ വൻ വിജയലക്ഷ്യം തന്നെയായിരുന്നു പഞ്ചാബിന് മുൻപിൽ ഉണ്ടായിരുന്നത്.
എന്നാൽ പതിനഞ്ചാം ഓവറിന് ശേഷം സാം കരനും ലിവിങ്സ്റ്റണും തങ്ങളുടെ ആക്രമണം അഴിച്ചുവിട്ടു. ഇതോടെ ചെന്നൈ ബോളർമാർ പതുങ്ങുന്നതാണ് കണ്ടത്. ലിവിങ്സ്റ്റൺ 24 പന്തുകളിൽ 40 റൺസ് നേടിയപ്പോൾ, സാം കരൻ 19 പന്തുകളിൽ 29 റൺസ് ആണ് നേടിയത്. എന്നാൽ ഇരുവരുടെയും വിക്കറ്റ് നിർണായക സമയത്ത് വീഴ്ത്താൻ ചെന്നൈ സൂപ്പർ കിങ്സിന് സാധിച്ചു. പിന്നീട് അവസാന ഓവറുകളിൽ ജിതേഷ് (21) പോരാട്ടം നയിച്ചു. അവസാനം ഓവറിൽ 9 റൺസ് ആയിരുന്നു പഞ്ചാബിന് വിജയിക്കാൻ വേണ്ടിയിരുന്നത്. പതിരാന ഓവർ മികച്ച രീതിയിൽ എറിഞ്ഞെങ്കിലും അവസാന ബോളിൽ പഞ്ചാബ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.