സഞ്ജു നിസാരനല്ല, ഒരു സ്പെഷ്യൽ പ്ലയർ. ബോൾ ചെയ്തപോഴുളള അനുഭവം പങ്കുവച്ച് കാർത്തിക്.

sanju press

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വലിയ പ്രതീക്ഷയോടെ തന്നെ എല്ലാവരും നോക്കിക്കാണുന്ന താരമാണ് സഞ്ജു സാംസൺ. സീസണിന്റെ പകുതി അവസാനിക്കുമ്പോൾ പ്രതിഭയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാൻ സഞ്ജുവിന് സാധിച്ചിട്ടില്ല. എട്ടു മത്സരങ്ങളിൽ നിന്നും രണ്ട് അർധ സെഞ്ച്വറികൾ അടക്കം 198 റൺസാണ് സഞ്ജുവിന്റെ ഇതുവരെയുള്ള സമ്പാദ്യം. എന്നിരുന്നാലും ഇന്ത്യയുടെ ടീമിൽ കയറിപ്പറ്റാൻ ഈ പ്രകടനങ്ങൾ സഞ്ജുവിനെ സംബന്ധിച്ച് പോരാ. അതിനാൽതന്നെ വരും മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാനുള്ള ശ്രമത്തിലാണ് സഞ്ജു സാംസൺ. ഇതിനിടെ സഞ്ജുവിനെതിരെ മുമ്പ് ബോൾ ചെയ്തപ്പോഴുള്ള തന്റെ അനുഭവം വിവരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ മുരളി കാർത്തിക്.

“സഞ്ജുവിനെതിരെ മുൻപ് ഞാൻ ബോൾ ചെയ്തിരുന്നു. എന്റെ കരിയറിൽ ഞാൻ പലർക്കുമെതിരെ ബോൾ ചെയ്തിട്ടുണ്ട്, എന്നിരുന്നാലും ചിലർക്കെതിരെ ബോൾ ചെയ്യുമ്പോൾ അവർ ഒരു സ്പെഷ്യൽ ക്രിക്കറ്ററാണെന്ന് തോന്നുന്നു. അന്ന് സഞ്ജുവിനെതിരെ ബോൾ ചെയ്തപ്പോൾ എനിക്ക് അങ്ങനെ തന്നെയാണ് തോന്നിയത്. ആ ഒരു ടച്ച് സഞ്ജുവിന് ഇപ്പോഴും കൈമോശം വന്നിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്. എല്ലായിപ്പോഴും ബാറ്റ് ചെയ്യുമ്പോൾ നമുക്ക് അയാളുടെ കഴിവുകൾ കാണാൻ സാധിക്കുന്നുണ്ട്. എന്നിരുന്നാലും അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുമ്പോൾ തങ്ങളുടെ ആദ്യത്തെ കുറച്ചു മത്സരങ്ങളിൽ നന്നായി പെർഫോം ചെയ്യേണ്ടതുണ്ട്. കാരണം ദേശീയ ടീമിലെത്താൻ ഒരുപാട് താരങ്ങളാണ് തങ്ങളോട് മത്സരിക്കാറുള്ളത്. എന്നാൽ നിർഭാഗ്യവശാൽ സഞ്ജുവിന് അത്തരത്തിൽ പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല.”- കാർത്തിക് പറയുന്നു.

Read Also -  റുതുരാജിന്‍റെ സെഞ്ചുറിക്ക് സ്റ്റോണിസിന്‍റെ സെഞ്ചുറി മറുപടി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ലക്നൗ
sanjusamson ap three four

“നമ്മൾ വൃദ്ധിമാൻ സാഹയുടെ കാര്യം പറയുമ്പോൾ അദ്ദേഹത്തെ ധോണിയുമായാണ് എല്ലാവരും താരതമ്യം ചെയ്യപ്പെടാറുള്ളത്. ഇതേപോലെതന്നെ ഏതെങ്കിലും ഓഫ് സ്പിന്നറുടെ കാര്യം പറയുമ്പോൾ രവിചന്ദ്രൻ അശ്വിനുമായാണ് താരതമ്യം ചെയ്യപ്പെടാറുള്ളത്. ഇങ്ങനെ തന്നെയാണ് ഇന്ത്യൻ ടീമിന്റെ മൊത്തത്തിലുള്ള ഘടന. അതിനാൽ തന്നെ ആദ്യ മത്സരങ്ങളിൽ മോശമായാൽ പിന്നീട് ടീമിലെത്തുക എന്നത് അതികഠിനം തന്നെയാണ്. ഇതുതന്നെയാണ് സഞ്ജു സാംസണും സംഭവിച്ചത്. ആദ്യ കുറച്ചു മത്സരങ്ങളിൽ തന്നെ പ്രതിഭക്കൊത്ത പ്രകടനങ്ങൾ കാഴ്ചവെക്കാൻ സഞ്ജുവിന് സാധിച്ചില്ല. എന്നാൽ ഇന്ത്യൻ ടീം പൂർണമായും സഞ്ജുവിനെ അവഗണിച്ചിട്ടില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. തന്റെ കഴിവുകൾ പൂർണമായും പുറത്തെടുക്കാനുള്ള അവസരങ്ങൾ സഞ്ജുവിനെ തേടി എത്തിയിട്ടില്ല എന്നത് വാസ്തവം തന്നെയാണ്. അതിനാൽ ഐപിഎല്ലിൽ മാത്രമല്ല മറ്റെല്ലാ ആഭ്യന്തര മത്സരങ്ങളിലും റൺസ് കണ്ടെത്താൻ സഞ്ജു സാംസൺ ശ്രമിക്കണം.”- കാർത്തിക്ക് കൂട്ടിച്ചേർത്തു.

“അങ്ങനെയെങ്കിൽ മാത്രമേ ഇനിയും ഇന്ത്യൻ ടീമിന്റെ വാതിലിൽ മുട്ടാൻ സഞ്ജുവിന് സാധിക്കുകയുള്ളൂ. മാത്രമല്ല നായകൻ രോഹിത് ശർമയുടെയും കോച്ച് രാഹുൽ ദ്രാവിന്‍റെയും സഹായമുണ്ടെങ്കിൽ മാത്രമേ സഞ്ജുവിന് ഇന്ത്യൻ ടീമിൽ ഇനിയും കയറിപ്പറ്റാൻ സാധിക്കൂ. ഇന്ത്യൻ ടീമിന്റെ മാത്രമല്ല മറ്റെല്ലാ ടീമിന്റെയും ഘടന അങ്ങനെ തന്നെയാണ്. അതിനാൽ ക്യാപ്റ്റൻ, കോച്ച്, സെലക്ടർമാർ എന്നിവരെല്ലാം സമാനമായ രീതിയിൽ ഒരു താരത്തെപ്പറ്റി ചിന്തിക്കാൻ തയ്യാറാവണം. അത്തരം പ്രകടനങ്ങൾ സഞ്ജുവിൽ നിന്നുണ്ടായാൽ മാത്രമേ ഇനിയും സഞ്ജുവിന് കരിയറിൽ ഉയർച്ചയുണ്ടാകൂ.”- കാർത്തിക് പറഞ്ഞുവയ്ക്കുന്നു.

Scroll to Top