ഇൻഡോറിൽ ഇന്ത്യൻ ദുരന്തം. ചീട്ടുകൊട്ടാരം പോലെ തകർന്ന് ബാറ്റിങ് നിര!!

ഇന്ത്യയുടെ ഓസീസിനെതിരായ മൂന്നാം ടെസ്റ്റിന് ഇൻഡോറിൽ തുടക്കമായി. മത്സരത്തിൽ ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ തകർന്നടിയുന്നതാണ് ആദ്യ സെഷനിൽ കണ്ടത്. മത്സരത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ പിച്ച് പൂർണ്ണമായി സ്പിന്നിനെ അനുകൂലിച്ചതോടെ ഇന്ത്യ ചിതറുകയായിരുന്നു. ആദ്യ സെഷനിലെ മത്സരം അവസാനിക്കുമ്പോൾ 84ന് 7 വിക്കറ്റ് എന്ന മോശം അവസ്ഥയിലാണ് ഇന്ത്യ. ഓസ്ട്രേലിയയ്ക്കായി ആദ്യ സെഷനിൽ മൂന്ന് സ്പിന്നർമാരും തകർപ്പൻ പ്രകടനം തന്നെ കാഴ്ചവച്ചിട്ടുണ്ട്.

മത്സരത്തിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയെ ആദ്യ ഓവറിൽ തന്നെ സ്റ്റാർക്ക് ഞെട്ടിക്കുകയായിരുന്നു. ആദ്യ ഓവറിൽ ഭാഗ്യം കൊണ്ടാണ് രോഹിത് ശർമ രണ്ടുപ്രാവശ്യം രക്ഷപ്പെട്ടത്. എന്നാൽ ശേഷം വളരെ പോസിറ്റീവായി ആണ് ഇന്ത്യൻ ബാറ്റർമാർ കളിച്ചത്. പക്ഷേ ഓസ്ട്രേലിയയുടെ സ്പിന്നർമാർ ബോളിംഗ് ക്രീസിൽ എത്തിയതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയാണ് ഉണ്ടായത്. ഓപ്പൺമാരായ രോഹിത് ശർമയേയും(12) ഗില്ലിനെയും (21) മാത്യു കൂനേമാൻ കറക്കി വീഴ്ത്തി. പിന്നീട് ഡ്രസിങ് റൂമിലേക്ക് ഒരു ഘോഷയാത്രയാണ് കാണാൻ സാധിച്ചത്.

4d41d30f 8f6d 4a0c 85a4 520f763c0b81

പൂജാരയും(1) ജഡേജയും(4) ശ്രേയസ് അയ്യരും(0) ഞൊടിയിടയിൽ കൂടാരം കയറിയതോടെ ഇന്ത്യ തകരുകയായിരുന്നു. 27ന് പൂജ്യം എന്ന നിലയിൽ നിന്ന് 45ന് 5 എന്ന നിലയിലേക്ക് ഇന്ത്യയെത്തി. ശേഷം വിരാട് കോഹ്ലിയാണ് ക്രീസിൽ അൽപസമയം പിടിച്ചുനിന്നത്. വളരെ പതിയെ കളിച്ച് കോഹ്ലി 22 റൺസ് നേടിയ ശേഷമായിരുന്നു മർഫിയുടെ പന്തിൽ കൂടാരം കയറിയത്. ശേഷം 17 റൺസെടുത്ത ഭരതും ഡ്രസിങ് റൂമിലേക്ക് മടങ്ങുകയുണ്ടായി.

ടോസ് നഷ്ടപ്പെട്ടെങ്കിലും മികച്ച തുടക്കം തന്നെയാണ് ഓസ്ട്രേലിയക്ക് മത്സരത്തിൽ ലഭിച്ചിരിക്കുന്നത്. സ്പിന്നിന് ലഭിച്ച സഹായം പരമാവധി മുതലെടുക്കാൻ ആദ്യ സെക്ഷനിൽ ഓസ്ട്രേലിയക്ക് സാധിച്ചിട്ടുണ്ട്. ഈ ആധിപത്യം വരാനിരിക്കുന്ന സെഷനുകളിലും നിലനിർത്താൻ തന്നെയാവും ഓസ്ട്രേലിയ ശ്രമിക്കുന്നത്. 1 റണ്ണുമായി അശ്വിനും 6 റണ്‍സുമായി അക്സറുമാണ് ക്രീസില്‍

Previous articleരണ്ട് മണ്ടൻ തീരുമാനങ്ങളുമായി ഓസീസ് . സ്മിത്തിന്റെ കാഴ്ച പോയോ എന്ന് ആരാധകർ
Next articleസിക്സർ റെക്കോർഡ് ഭേദിച്ച് ഉമേഷ്‌ യാദവ്, തൂക്കിയടിച്ചത് യുവരാജിനെയും ശാസ്ത്രിയെയും!