സിക്സർ റെക്കോർഡ് ഭേദിച്ച് ഉമേഷ്‌ യാദവ്, തൂക്കിയടിച്ചത് യുവരാജിനെയും ശാസ്ത്രിയെയും!

umesh yadav

ഇന്ത്യയുടെ ഓസീസിനെതിരായ മൂന്നാം ടെസ്റ്റിനിടെ ഒരു തകർപ്പൻ റെക്കോർഡ് മറികടന്ന് ഉമേഷ് യാദവ്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം സിക്സറുകൾ നേടിയവരുടെ പട്ടികയിൽ ഇന്ത്യയുടെ മുൻനായകൻ രവി ശാസ്ത്രീയയെയും മുൻ ബാറ്റർ യുവരാജ് സിംഗിനെയും മറികടന്നിരിക്കുകയാണ് ഉമേഷ് യാദവ്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ രണ്ട് സിക്സറുകൾ നേടിയാണ് ഉമേഷ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതുവരെ ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ 24 സിക്സറുകൾ ഉമേഷ് യാദവ് നേടിയിട്ടുണ്ട്. 22 സിക്സറുകൾ വീതമാണ് യുവരാജും രവി ശാസ്ത്രീയും നേടിയിട്ടുള്ളത്. നിലവിൽ ഇന്ത്യൻ മുൻനിര ബാറ്റർ വിരാട് കോഹ്ലിയും 24 സിക്സറുകളുമായി ഉമേഷിനൊപ്പം നിൽക്കുന്നുണ്ട്.

മൂന്നാം ടെസ്റ്റിൽ ബാറ്റിംഗിന് പ്രതികൂലമായ പിച്ചിൽ അടിച്ചുതകർത്താണ് ഉമേഷ് സിക്സർ റെക്കോർഡ് സൃഷ്ടിച്ചത്. മറ്റ് ഇന്ത്യൻ ബാറ്റർമാർ പതറിയ പിച്ചിൽ കണ്ണും പൂട്ടി അടിക്കുകയായിരുന്നു ഉമേഷ് യാദവ്. മുപ്പതാം ഓവറിൽ സ്പിന്നർ ലയണിനെതിരെയാണ് ഉമേഷ് തന്റെ ആദ്യ സിക്സർ നേടിയത്. 31ആം ഓവറിൽ മർഫിയുടെ പന്തിൽ ഉമേഷ് ഒരു സിക്സർ കൂടി നേടുകയുണ്ടായി. ശേഷം ഓവറിലെ അവസാന പന്തിൽ ഒരു ബൗണ്ടറിയും ഉമേഷ് പേരിൽ ചേർത്തു. മത്സരത്തിൽ 13 പന്തുകളിൽ 17 റൺസായിരുന്നു ഉമേഷ് യാദവ് നേടിയത്.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

മത്സരത്തിൽ കൂനേമാന്റെ പന്തിൽ എൽബിഡബ്ല്യു ആയി ഉമേഷ് കൂടാരം കയറുകയായിരുന്നു. തീരെ ബൗൺസ് ചെയ്യാതെ വന്ന പന്ത് ഉമേഷിനെ സ്റ്റമ്പിന് മുൻപിൽ കുടുക്കുകയാണുണ്ടായത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ പൂർണമായും തകർന്നുവീഴുന്നതാണ് കണ്ടത്. ഓസ്ട്രേലിയൻ സ്പിന്നർമാർ നിറഞ്ഞാടിയപ്പോൾ ഇന്ത്യൻ ഇന്നിങ്സ് കേവലം 102 റൺസിൽ അവസാനിച്ചു.

ഇന്ത്യക്കായി ഇന്നിങ്സിൽ 22 റൺസ് എടുത്ത കോഹ്ലി ടോപ് സ്കോററായി. ഓസ്ട്രേലിയക്കായി മാത്യു കൂനേമാൻ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. ഒപ്പം ലയൺ 3 വിക്കറ്റുകൾ നേടി പിന്തുണയും നൽകി. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഒരു വമ്പൻ ലീഡ് സ്വന്തമാക്കാനാണ് ഓസ്ട്രേലിയയുടെ ശ്രമം.

Scroll to Top