പെർത്ത് ടെസ്റ്റിലെ വിജയത്തിന് ശേഷം ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. പെർത്ത് ടെസ്റ്റ് മത്സരത്തിലെ ഇന്ത്യയുടെ നായകൻ ജസ്പ്രീത് ബുമ്രയാണ് റാങ്കിങ്ങിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ കിടിലൻ പ്രകടനം കാഴ്ചവച്ചതിന് ശേഷം ഇപ്പോൾ ബുമ്ര ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ബോളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാഡ, ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസല്‍വുഡ് എന്നിവരെ മറികടന്നാണ് ബൂമ്ര ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 883 റേറ്റിംഗ് പോയിന്റുകളാണ് ബുമ്രയ്ക്ക് നിലവിൽ റാങ്കിംഗിലുള്ളത്.
ബാറ്റർമാരുടെ റാങ്കിങ്ങിൽ യശസ്വി ജയസ്വാളാണ് കുതിച്ചുചാട്ടം ഉണ്ടാക്കിയ ഒരു പ്രധാന താരം. ആദ്യ ടെസ്റ്റ് മത്സരത്തിൽ 161 റൺസ് നേടിയ ജയസ്വാൾ ഇപ്പോൾ റാങ്കിംഗിൽ 2 സ്ഥാനങ്ങൾ മുന്നോട്ടു കയറി രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസൺ, ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് എന്നിവരെ മറികടന്നാണ് റാങ്കിങ്ങിൽ ജയസ്വാൾ രണ്ടാം സ്ഥാനത്ത് എത്തിയത്.
അതേസമയം ബാറ്റർമാരുടെ റാങ്കിങ്ങിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കിയ മറ്റൊരു താരം വിരാട് കോഹ്ലിയാണ്. ആദ്യ ടെസ്റ്റ് മത്സരത്തിൽ ഒരു കിടിലൻ സെഞ്ച്വറി സ്വന്തമാക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിരുന്നു. ഇതോടെ റാങ്കിങ്ങിൽ 9 സ്ഥാനങ്ങൾ മറികടന്ന് പതിമൂന്നാം സ്ഥാനത്തെത്താൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്.
അതേസമയം ആദ്യ ടെസ്റ്റ് മത്സരത്തിലെ മോശം പ്രകടനങ്ങൾക്ക് ശേഷം ഓസ്ട്രേലിയൻ താരങ്ങൾ റാങ്കിങ്ങിൽ വലിയ രീതിയിൽ പിന്നോട്ട് പോയിട്ടുണ്ട്. ഏറ്റവും വലിയ നിരാശാജനകമായ മാറ്റം ഉണ്ടായിരിക്കുന്നത് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനാണ്. ബാറ്റർമാരുടെ റാങ്കിങ്ങിൽ 7 പൊസിഷൻ താഴേക്ക് സ്മിത്തിന് സഞ്ചരിക്കേണ്ടിവന്നു. ഇതോടെ ഈ ലിസ്റ്റിൽ ന്യൂസിലാൻഡിന്റെ ഡാരിൽ മിച്ചൽ അഞ്ചാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജയും റാങ്കിങ്ങിൽ വലിയ തിരിച്ചടി നേരിട്ടു. ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് ശേഷം ഖവാജ ഇപ്പോൾ റാങ്കിങ്ങിൽ പന്ത്രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.
ആദ്യ മത്സരത്തിലെ മികച്ച പ്രകടനത്തോടുകൂടി കോഹ്ലി പതിമൂന്നാം സ്ഥാനത്ത് എത്തിയപ്പോൾ, ഓസ്ട്രേലിയയുടെ സൂപ്പർ താരം ലബുഷൈൻ അല്പം പിന്നിലേക്ക് പോവുകയുണ്ടായി. പെർത്തിൽ ബാറ്റിംഗിൽ തിളങ്ങാൻ താരത്തിന് സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ പതിനഞ്ചാം സ്ഥാനത്തേക്ക് താരം പിന്തള്ളപ്പെട്ടിട്ടുണ്ട്. ആദ്യ ടെസ്റ്റ് മത്സരത്തിൽ വിരലിനേറ്റ പരിക്ക് മൂലം കളിക്കാതിരുന്ന ഇന്ത്യൻ താരം ശുഭ്മാൻ ഗില്ലിനും റാങ്കിങ്ങിൽ ഒരു സ്ഥാനം നഷ്ടമായി. നിലവിൽ പതിനേഴാം സ്ഥാനത്താണ് ഗിൽ നിൽക്കുന്നത്