കഴിഞ്ഞ തവണത്തെ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് പകരം ഇത്തവണ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ സെമിഫൈനലിൽ കടന്നെങ്കിലും ഇപ്പോഴും പല കാര്യങ്ങളും ഇന്ത്യ അത്ര മികച്ചതല്ല. അതിൽ ഏറ്റവും കൂടുതൽ മോശമായ ഒന്നാണ് ഇന്ത്യയുടെ പവർ പ്ലേയിലെ പ്രകടനം. ടീമിന് മികച്ച തുടക്കം നൽകുവാൻ ഓപ്പണർമാർക്ക് സാധിക്കുന്നില്ല എന്നാണ് അതിൻ്റെ അർത്ഥം. നായകൻ രോഹിത് ശർമയും കളി മറന്ന പോലെയാണ് ഓസ്ട്രേലിയയിൽ കാണിക്കുന്നത്.
നായകൻ രോഹിത് ശർമ ആദ്യം ബാറ്റിംഗിന് ഇറങ്ങി ഒന്നോ രണ്ടോ സിക്സറുകൾ അടിച്ചു അനാവശ്യമായ ഷോട്ടിനു മുതിർന്ന് വിക്കറ്റ് സമ്മാനിച്ച് തിരിച്ചുപോവുക ഇതാണ് ഇപ്പോൾ ലോകകപ്പിൽ തുടർച്ചയായി കണ്ടുകൊണ്ടിരിക്കുന്നത്.
നെതർലാൻഡ്സിനെതിരെ നേടിയ അർദ്ധ സെഞ്ച്വറി മാത്രമാണ് രോഹിത് ശർമക്ക് ഈ ലോകകപ്പിൽ എടുത്തു പറയാവുന്ന നേട്ടം. ലോകകപ്പിന് മുൻപ് രോഹിത്തിന്റെ പവർപ്ലെയിലെ സ്ട്രൈക്ക് റേറ്റ് 160 ആയിരുന്നു. എന്നാൽ ഓസ്ട്രേലിയയിൽ എത്തിയശേഷം അതൊന്നും കാണാൻ സാധിക്കുന്നില്ല. കഴിഞ്ഞ 20 20 ലോകകപ്പിനുശേഷം ഇന്ത്യയുടെ പവർ പ്ലേയിലെ റൺ റേറ്റ് 8.82 ആയിരുന്നു. പിന്നീട് ഏഷ്യാ കപ്പിലും മറ്റ് മത്സരങ്ങളിലും ഇന്ത്യ ഈ ഫോം തുടർന്നു. എന്നാൽ ഓസ്ട്രേലിയയിൽ എത്തിയശേഷം കാര്യങ്ങൾ പഴയ രീതിയിലേക്ക് പോയി. മുൻനിര തകർന്ന ഇന്ത്യയെ പലപ്പോഴും താങ്ങിയെടുത്ത് മികച്ച സ്കോറിലേക്ക് എത്തിക്കുന്നത് സൂര്യ കുമാർ യാദവാണ്.ഈ ലോകകപ്പിൽ ഓപ്പണിങ്ങിൽ ഇറങ്ങുന്ന രോഹിതും രാഹുലും കൂടുതൽ പന്തുകൾ നിന്ന് വളരെ കുറച്ച് റൺസുകൾ മാത്രമാണ് എടുക്കുന്നത്.
രാഹുൽ ആദ്യ മൂന്നു മത്സരങ്ങൾ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ അർദ്ധ സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചെത്തുന്നതിന് സൂചന നൽകി. ഇന്ത്യക്ക് ഏറ്റവും കൂടുതൽ ആശ്വാസമുള്ളത് മുൻനായകൻ വിരാട് കോഹ്ലിയുടെ ഫോമിലേക്കുള്ള തിരിച്ചുവരവാണ്. ആദ്യ പന്ത് മുതൽ തന്നെ അനാവശ്യമായി ആക്രമിച്ചു കളിക്കാതെ നിലയുറപ്പിച്ച ശേഷം റൺസ് നേടുന്ന താരത്തിന്റെ രീതിയാണ് ഇപ്പോൾ വർക്ക് ഔട്ട് ആകുന്നത്.
കോഹ്ലിയും സൂര്യകുമാർ യാദവുമാണ് ഈ ലോകകപ്പിലെ ഇന്ത്യയുടെ നട്ടെല്ല്. ഫിനിഷർമാരായ ഹർദിക് പാണ്ഡ്യയും ദിനേശ് കാർത്തികും ഇതുവരെയും ആ റോൾ ഭംഗിയായി കൈകാര്യം ചെയ്തിട്ടില്ല. ഓൾറൗണ്ടറായി ടീമിലെത്തിയ അക്സർ പട്ടേലിന്റെ കാര്യവും മാറ്റങ്ങളൊന്നുമില്ല. അതേസമയം അശ്വിൻ ബാറ്റ് കൊണ്ടും ബൗള് കൊണ്ടും തന്നെ കൊണ്ട് ആകാവുന്നതൊക്കെ ചെയ്യുന്നുണ്ട്.
ഓസ്ട്രേലിയയിൽ മികച്ച റെക്കോർഡുള്ള പന്ത് ഇന്നലെയാണ് ആദ്യമായി വേൾഡ് കപ്പിൽ കളിക്കാൻ ഇറങ്ങിയത്. എന്നാൽ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. 5 പന്തുകളിൽ നിന്നും മൂന്ന് റൺസ് മാത്രം നേടി അനാവശ്യ ഷോട്ടിലൂടെ വിക്കറ്റ് സമ്മാനിച്ച താരം പവലിയനിലേക്ക് മടങ്ങി. കാർത്തിക് മോശം ഫോമിൽ ആയതിനാൽ ഇന്നലെ ലഭിച്ച അവസരം നന്നായി മുതലാക്കാൻ സാധിച്ചിരുന്നെങ്കിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ താരത്തിന് ടീമിൽ അവസരം ലഭിക്കുമായിരുന്നു. ഇനിയിപ്പോൾ താരത്തിന് ടീമിൽ സ്ഥാനം ലഭിക്കുമോ എന്ന കാര്യം കണ്ടറിയണം.